ദില്ലി: കാബൂളിൽ ഗുരുദ്വാരക്ക് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് കാസർകോട് സ്വദേശിക്ക് എതിരെ കേസെടുത്തു. കാസർഗോഡ് തൃക്കരിപ്പൂർ സ്വദേശി മുഹമ്മദ്‌ മുഹ്സിൻ അടക്കമുള്ളവരെ പ്രതിയാക്കി എൻഐഎയാണ് കേസെടുത്തിരിക്കുന്നത്.

കാബൂളിലെ ഹർ റായി സാഹിബ് ഗുരുദ്വാരയിൽ കഴിഞ്ഞ ബുധനാഴ്ച നടന്ന ഭീകരാക്രമണത്തിൽ ഒരിന്ത്യൻ പൗരൻ അടക്കം 27 പേർ കൊല്ലപ്പെട്ടിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ് കുറാസൻ വിഭാഗമാണ് ആക്രമണത്തിന് പിന്നിൽ. ഗുരുദ്വാരയിലെത്തിയ ചാവേറുകൾ അവിടെയുണ്ടായിരുന്ന 200 വിശ്വാസികൾക്ക് നേരെ വെടിയുതിർക്കുകയും ഗ്രനേഡ് എറിയുകയും ചെയ്തിരുന്നു. മൂന്നു ഭീകരെയും സുരക്ഷ ഏജൻസികൾ വധിച്ചിരുന്നു.