തിരുവനന്തപുരം: കളിയക്കാവിള കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികൾ കുറ്റം സമ്മതിച്ചതായി പൊലീസ്. സംഘാംഗങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തതിലുള്ള പ്രതികാരമായാണ് എഎസ്ഐ വിൽസണെ കൊലപ്പെടുത്തിയതെന്നും പ്രതികൾ സമ്മതിച്ചെന്ന് പൊലീസ് പറഞ്ഞു. അതേസമയം പ്രതികളുടെ ഇസ്ലാമിക് സ്റ്റേറ്റ് ബന്ധത്തെ പറ്റി ഇനിയും അന്വേഷിക്കേണ്ടിയിരിക്കുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥൻ ശ്രീനാഥ് പറഞ്ഞു.

പ്രതികാരത്തിനായി കളിയക്കാവിള ചെക്പോസ്റ്റ് തെരഞ്ഞെടുത്തത് പരിചയമുള്ള സ്ഥലമായതുകൊണ്ടാണെന്നും പ്രതികൾ പറഞ്ഞു. കൊലപാതകത്തിനായി പ്രതികൾ ഉപയോഗിച്ച തോക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ല. അതേസമയം ഇന്ന് കോടതിയിൽ ഹാജരാക്കിയ പ്രതികളെ മൂന്ന് ദിവസത്തേക്ക് റിമാന്റ് ചെയ്തു. തിങ്കളാഴ്ച കുഴിതുറ കോടതിയിൽ ഹാജരാക്കണമെന്നും മജിസ്ട്രേറ്റ് നിർദ്ദേശിച്ചു.

കുഴിതുറ ജുഡീഷ്യൽ മജിസ്‌ട്രേററ്റിന് മുമ്പാകെ ഹാജരാക്കിയ ശേഷം ഇരുവരെയും പാളയംകൊട്ട ജയിലിലേക്ക് മാറ്റി. ഇവരെ തിങ്കളാഴ്ചയോടെ കസ്റ്റഡിയിലെടുത്ത് തെളിവെടുപ്പ് നടത്താനാണ് പൊലീസിന്റെ തീരുമാനം. പ്രതികളുടെ ജാമ്യാപേക്ഷയുമായി വന്ന അഭിഭാഷകരെ ഒരു സംഘം ആളുകൾ തടഞ്ഞു. കോടതി തുറക്കുമ്പോൾ ജാമ്യാപേക്ഷ നൽകിയാൽ മതിയെന്ന് പറഞ്ഞായിരുന്നു തടഞ്ഞത്. 

ഐഎസ് ബന്ധമുണ്ടെന്ന് കരുതുന്ന ചിലരുമായി മുഹമ്മദ് ഷെമീമിന് അടുപ്പം ഉണ്ടെന്നാണ് പ്രതികളെ പിടികൂടിയ ബെംഗളൂരു പൊലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ പറയുന്നത്. ഐഎസിൽ ചേർന്ന മെഹബൂബ് പാഷയാണ് ഇവർ ഉൾപ്പെട്ട 17 അംഗ സംഘത്തിന്‍റെ തലവൻ എന്ന് കർണാടക പൊലീസ് പറയുന്നു. മെഹബൂബ് പാഷയുടെ ബെംഗളൂരുവിലെ വീട് കേന്ദ്രീകരിച്ചാണ് ആസൂത്രണം നടന്നത്. നിരോധിത സംഘടനയായ സിമിയുമായും മഹബൂബ് പാഷ ബന്ധപ്പെട്ടിരുന്നതായും എഫ്ഐആറിലുണ്ട്. അതേസമയം, തമിഴ്നാട് പൊലീസിന്റെ കമാൻഡോകളെ അടക്കം തക്കല പൊലീസ് സ്റ്റേഷനിൽ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്.