ഹണിമൂണ്‍ ആഘോഷത്തിനുശേഷം ഇന്ത്യയിൽ തിരിച്ചെത്തിയ മഹുവ തന്നോട് തര്‍ക്കിക്കാൻ എത്തിയിരിക്കുകയാണെന്നും താൻ സ്ത്രീ വിരുദ്ധനാണെന്നാണ് മഹുവ ആരോപിക്കുന്നതെന്നും കല്യാണ്‍ ബാനര്‍ജി പറഞ്ഞു

ദില്ലി: തൃണമൂല്‍ എംപി മഹുവ മൊയ്ത്രക്കെതിരെ തുറന്നടിച്ച് തൃണമൂല്‍ എംപി കല്യാണ്‍ ബാനര്‍ജി. നാൽപതു വര്‍ഷത്തെ ദാമ്പത്യബന്ധം തകര്‍ത്തശേഷം 65 വയസുള്ള ആളെ വിവാഹം കഴിച്ചയാളാണ് മഹുവയെന്നും അവരാണ് ഏറ്റവും വലിയ സ്ത്രീ വിരുദ്ധയെന്നും കല്യാണ്‍ ബാനര്‍ജി വിമര്‍ശിച്ചു. 

ഒഡീഷയിലെ ബിജെഡി മുൻ എംപി പിനാകി മിസ്രയുമായുള്ള മഹുവയുടെ വിവാഹത്തെ സൂചിപ്പിച്ചുകൊണ്ടായിരുന്നു കല്യാണ്‍ ബാനര്‍ജിയുടെ കടന്നാക്രമണം. ഹണിമൂണ്‍ ആഘോഷത്തിനുശേഷം ഇന്ത്യയിൽ തിരിച്ചെത്തിയ മഹുവ തന്നോട് തര്‍ക്കിക്കാൻ എത്തിയിരിക്കുകയാണെന്നും താൻ സ്ത്രീ വിരുദ്ധനാണെന്നാണ് മഹുവ ആരോപിക്കുന്നതെന്നും കല്യാണ്‍ ബാനര്‍ജി പറഞ്ഞു. 

65വയസുള്ള ആളുടെ കുടുംബം തകര്‍ത്തശേഷം അദ്ദേഹത്തെ വിവാഹം കഴിച്ച് ആ സ്ത്രീയെ മഹുവ വേദനിപ്പിച്ചില്ലേയെന്നും ഈ രാജ്യത്തെ സ്ത്രീകള്‍ തീരുമാനിക്കും അവര്‍ കുടുംബം തകര്‍ത്തോ ഇല്ലയോ എന്നും കല്യാണ്‍ ബാനര്‍ജി തുറന്നടിച്ചു. ധാര്‍മികത പാലിക്കാത്തതിന് പാര്‍ലമെന്‍റിൽ നിന്ന് പുറത്താക്കപ്പെട്ട എംപിയാണ് തന്നെ ഉപദേശിക്കാനെത്തിയിരിക്കുന്നതെന്നും സ്വന്തം ഭാവി എങ്ങനെ സുരക്ഷിതമാക്കണമെന്നും പണം എങ്ങനെയുണ്ടാക്കണമെന്നും മാത്രമാണ് മഹുവയ്ക്ക് അറിയാവുന്നതെന്നും കല്യാണ്‍ ബാനര്‍ജി ആരോപിച്ചു.

ബംഗാളിൽ നിയമവിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായ സംഭവത്തിൽ നടത്തിയ പ്രസ്താവനയെ വിമര്‍ശിച്ചതിനാണ് പാര്‍ട്ടി എംപി മഹുവ മൊയ്ത്രയെ വ്യക്തിപരമായി കടന്നാക്രമിച്ച് കല്യാണ്‍ ബാനര്‍ജി രംഗത്തെത്തിയത്. ഒരു സുഹൃത്ത് മറ്റൊരു സുഹൃത്തിനെ ബലാത്സംഗം ചെയ്താൽ എന്താണ് ചെയ്യാൻ കഴിയുക എന്ന കല്യാണ്‍ ബാനര്‍ജിയുടെ പ്രസ്താവന നേരത്തെ വിവാദമായിരുന്നു. 

പിന്നാലെ ബാനര്‍ജിയുടെ പ്രസ്താവന തള്ളി തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി. ഇന്ത്യയിലെ എല്ലാ പാര്‍ട്ടികളിലും സ്ത്രീവിരുദ്ധതയുണ്ടെന്നും എന്നാൽ, ആര് പ്രസ്താവന നടത്തിയാലും അതിനെ അപലപിക്കാൻ തയ്യാറാകുന്നതാണ് തൃണമൂല്‍ കോണ്‍ഗ്രസിനെ വ്യത്യസ്തമാക്കുന്നതെന്നുമാണ് മഹുവ മൊയ്ത്ര പറഞ്ഞത്. ഇതാണ് കല്യാണ്‍ ബാനര്‍ജിയെ പ്രകോപിപ്പിച്ചതും മഹുവയ്ക്കെതിരെ ആരോപണം ഉന്നയിക്കുന്നതിലേക്ക് നയിച്ചതും.

YouTube video player