ചെന്നൈ: തമിഴ്നാട്ടില്‍ ആംആദ്മി മാതൃകയില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് കമല്‍ ഹാസന്‍. ബിജെപി പിന്തുണ അംഗീകരിക്കില്ലെന്നും കമല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. രജനീകാന്തിനൊപ്പമുള്ള മഴവില്‍ സഖ്യസാധ്യതയെക്കുറിച്ച് ചര്‍ച്ചകള്‍ സജീവമാകുന്നതിനിടയിലാണ് പ്രതികരണം.

ബിജെപി അനുകൂല നിലപാടുമായി രജനീകാന്ത് രംഗത്തെത്തിയ സാഹചര്യത്തിലാണ് കമല്‍ ഹാസന്‍റെ നിര്‍ണായക പ്രതികരണം. ബിജെപി പിന്തുണയില്‍, അണ്ണാഡിഎംകെയിലെ ഒപിഎസ് പക്ഷത്തെ കൂടി അണിനിരത്തി രജനീകാന്തിന്‍റെ മഴവില്‍ സഖ്യത്തിനുള്ള ശ്രമം കമല്‍ഹാസന്‍ തള്ളി. സഖ്യത്തിന് ബിജെപി പിന്തുണയുണ്ടായാല്‍ അംഗീകരിക്കില്ല.

ദ്രാവിഡ പാര്‍ട്ടികളെ അകറ്റിനിര്‍ത്തിയുള്ള രാഷ്ട്രീയ സന്ദേശമാണ് കമല്‍ മുന്നോട്ട് വയ്ക്കുന്നത്. എന്നാല്‍, പാര്‍ട്ടി പ്രഖ്യാപനത്തിന് മുന്‍പേ ദ്രാവിഡ കക്ഷികള്‍ക്കൊപ്പം സഖ്യചര്‍ച്ചകള്‍ രജനീകാന്ത് തുടങ്ങി കഴിഞ്ഞു. തമിഴ്നാട്ടിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന വ്യാപക പര്യടനത്തിന് ഒരുങ്ങുകയാണ് കമല്‍ഹാസന്‍. 55 ദിവസം നീളുന്ന പര്യടനം ഫെബ്രുവരി 21ന് തുടങ്ങും. 

കഴിഞ്ഞ ലോക്സ്ഭാ തിരഞ്ഞെടുപ്പില്‍ എട്ട് ശത്മാനത്തോളം വോട്ട് നേടിയ കരുത്തുമായാണ് കമല്‍ ഗ്രാമസഭകളുമായി സജീവമാകുന്നത്. ബിജെപി അനുകൂല പ്രസ്താവനകളുമായി കളം നിറയുന്ന രജനീകാന്ത് രാഷ്ട്രീയ പുനര്‍വിചിന്തനത്തിന് ഒരുങ്ങുമോ എന്ന് കണ്ടറിയാം.