ചെന്നൈ: തമിഴ്നാട്ടിൽ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കമൽഹാസൻ സ്ഥാനാർത്ഥിയാകും. അതേസമയം ചെന്നൈയിൽ നിന്ന് മത്സരിക്കുന്നത് പരിഗണനയിലെന്ന് കമൽ വ്യക്തമാക്കി. രജനീകാന്തുമായുള്ള സഖ്യകാര്യത്തിൽ ജനുവരിയിൽ പ്രഖ്യാപനം ഉണ്ടാകുമെന്നും മക്കൾ നീതി മയ്യത്തിൻറെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് കമൽഹാസൻ പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാത്തത് എന്തെന്ന ചോദ്യത്തിന് സംസ്ഥാനത്തായിരിക്കും പ്രവര്‍ത്തനമെന്നാണ് കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കമൽഹാസന്‍ മറുപടി നല്‍കിയത്. മുഖ്യമന്ത്രിയാവുകയാണ് സ്വപ്നമെന്ന് ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. നഗരമേഖലയിൽ മികച്ച മുന്നേറ്റം നടത്തിയതിൻ്റെ ആത്മവിശ്വാസത്തിലാണ് ഉലകനായകൻ. ചില സഖ്യങ്ങൾ തകരുമെന്നും പുതിയ സഖ്യങ്ങൾ ഉണ്ടാകുമെന്നും അവകാശപ്പെട്ടാണ് പ്രചാരണം.

ഗ്രാമീണ മേഖയിൽ പരാജയമായിരുന്നു മക്കൾ നീതി മയ്യം. എന്നാൽ കമൽഹാസൻ നേരിട്ട് പ്രചാരണത്തിന് എത്തുന്നിടത്തെല്ലാം രംഗം മാറുകയാണ്. കമൽഹാസൻ്റെ പ്രസംഗം കേൾക്കാൻ ആളുകൾ തടിച്ചുകൂടുന്നു. ഈ ജനപിന്തുണ വോട്ടായി മാറിയാൽ വൻ മുന്നേറ്റം ലക്ഷ്യമിടുന്നു മക്കൾ നീതി മയ്യം.

രജനികാന്തിനൊപ്പം ചേർന്ന് മൂന്നാം മുന്നണി സാധ്യത സജീവമാണ്. ചർച്ചകൾ നടക്കുന്നുവെന്നും അന്തിമ പ്രഖ്യാപനം രജനിയുടെ പാർട്ടി പ്രഖ്യാപനത്തിന് ശേഷമെന്നുമാണ് കമൽഹാസൻ്റെ നിലപാട്. ബിജെപി വിരുദ്ധ പോരാട്ടമായി കൂടി ചിത്രീകരിച്ചാണ് കമൽഹാസൻ്റെ പ്രചാരണം.