കാഞ്ചീപുരം: ഏതൊരാളുടെയും ജീവതത്തിലെ ഏറ്റവും ശുഭവും പ്രധാനപ്പെട്ടതുമായ ആഘോഷമാണ് വിവാഹം. ക്ഷണക്കത്ത് മുതൽ അതിഥികൾക്ക് നൽകുന്ന സമ്മാനങ്ങളിലും പുതുമ തേടുന്നവരാണ് ഇന്നുള്ളവർ. എന്നാൽ ഇത്തരം പുതുമകൾ കൊണ്ടുവരുമ്പോൾ അവസാനം അവശേഷിക്കുന്നത് പ്ലാസ്റ്റിക് മാലിന്യങ്ങളുടെ കൂമ്പാരമാണ്. ഇവയിൽ നിന്നും വ്യത്യസ്ഥതമായ രീതിയിൽ മകന്റെ വിവാഹം നടത്തി വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ് കാഞ്ചീപുരത്തെ ഡെപ്യൂട്ടി കലക്ടർ സെൽവമതി.

തികച്ചും പരിസ്ഥിതി സൗഹാർദ്ദപരമായ വിവാഹമായിരുന്നു ബാലാജി– ശരണ്യ ദമ്പതികളുടേത്. തൂവാലയിലാണ് ഇവർ ക്ഷണക്കത്ത് അച്ചടിച്ചത്. കത്ത് നൽകാൻ ഉപയോ​ഗിച്ചതും തുണികൊണ്ടുള്ള ഒരു കവറാണ്. ക്ഷണക്കത്ത് പ്രിന്റ് ചെയ്ത തൂവാല വീണ്ടും ഉപയോ​ഗിക്കാനാകും. രണ്ടോ മൂന്നോ തവണ കഴുകിയാൽ അതിലെ അക്ഷരങ്ങളും മാഞ്ഞുപോകും. അതുകൊണ്ട് തന്നെ ആർക്കും അത് വലിച്ചെറിയേണ്ടി വരുന്നില്ല.

സദ്യവിളമ്പുന്ന പാത്രങ്ങൾക്കും ഗ്ലാസുകൾക്കും ഉണ്ടായിരുന്നു പ്രത്യേകത. പൊതുവേ വിവാഹങ്ങൾക്ക് പ്ലാസ്റ്റിക് പാത്രങ്ങളും ഇലകളുമാണ് ഉപയോ​ഗിക്കുന്നതെങ്കിൽ, ഇവരുടെ വിവാഹത്തിന് സ്റ്റീൽ പാത്രങ്ങളാണ് ഉപയോഗിച്ചത്. കൈ തുടയ്ക്കാൻ ടിഷ്യുവിന് പകരം ചെറിയ തൂവാലകളും നൽകി. 

എന്നാൽ, വിവാഹത്തിനെത്തിയ അതിഥികൾക്ക് നൽകിയ സമ്മാനങ്ങൾ ഇതിൽ നിന്ന് വേറിട്ടതായിരുന്നു. തുണികൊണ്ടുള്ള സഞ്ചിയിൽ രണ്ട് വിത്തുകളും ഒരു കോട്ടൻ തൂവാലുമായിരുന്നു സമ്മാനം. പച്ചക്കറി വിത്തുകളും വേപ്പിന്റെയും തേക്കിന്റെയും വിത്തുകളുമുൾപ്പെടെ രണ്ടായിരത്തോളം വിത്തുകളാണ് വിവാഹത്തിന് വിതരണം ചെയ്തത്. വിത്തുകൾക്ക് പുറമേ അവ എങ്ങനെ നടണമെന്നും കവറിൽ കുറിച്ചിരുന്നു.

എല്ലാവരിലും അല്ലെങ്കിലും സ്വന്തം കുടുംബത്തിലെങ്കിലും ഈ കല്യാണം കൊണ്ട് മാറ്റമുണ്ടാകുമെന്നാണ് വിശ്വസിക്കുന്നതെന്ന് സെൽവമതി പറഞ്ഞു. ധൂർത്തിനെ അകറ്റി നിർത്തിയാൽ പ്രകൃതിയെ സംരക്ഷിക്കുന്നതിനൊപ്പം നമ്മുടെ പോക്കറ്റും കാലിയാകാതെ നോക്കാമെന്നും സെൽവമതി പറയുന്നു.