കനയ്യകുമാറിനെ പാര്‍ട്ടിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം കോണ്‍ഗ്രസ് ഗൗരവമായി ആലോചിക്കുകയാണ്. കനയ്യ എത്തിയാല്‍ യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. 

ദില്ലി: സിപിഐ നേതാവും ജെഎന്‍യു സര്‍വകലാശാല മുന്‍ യൂണിയന്‍ പ്രസിഡന്റുമായ കനയ്യ കുമാര്‍ കോണ്‍ഗ്രസിലേക്കെന്ന് സൂചന. കനയ്യകുമാര്‍ കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നും രാഹുല്‍ ഗാന്ധിയെ ഉടന്‍ കാണുമെന്നും പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. കനയ്യകുമാറിന്റെ ആവശ്യങ്ങള്‍ കോണ്‍ഗ്രസ് അംഗീകരിച്ചാല്‍ അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വരും ദിവസങ്ങളില്‍ തീരുമാനമുണ്ടായേക്കും. എന്നാല്‍ ഇത് സംബന്ധിച്ച് കനയ്യകുമാറോ കോണ്‍ഗ്രസ് വക്താക്കളോ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. നേരത്തെ കനയ്യ, ജെഡിയുവില്‍ ചേരുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. 

കനയ്യകുമാറിനെ പാര്‍ട്ടിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം കോണ്‍ഗ്രസ് ഗൗരവമായി ആലോചിക്കുകയാണ്. കനയ്യ എത്തിയാല്‍ യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ ഇക്കാര്യത്തിലൊന്നും അന്തിമ തീരുമാനമായിട്ടില്ല. ബിഹാറില്‍ കോണ്‍ഗ്രസിന്റെ ഘടകകക്ഷിയായ ആര്‍ജെഡിയുടെ നിലപാടും നിര്‍ണായകമാകും.

ജനങ്ങളെ സ്വാധീനിക്കുന്ന നേതാവ് എന്ന നിലയില്‍ കനയ്യ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. 2019 തെരഞ്ഞെടുപ്പില്‍ സിപിഐ ടിക്കറ്റില്‍ കനയ്യ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ശക്തമായ മത്സരം കാഴ്ചവെക്കുമെന്ന് പ്രതീക്ഷിച്ച കനയ്യ, ഗിരിരാജ് സിങ്ങിനോട് നാല് ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് തോറ്റത്. നേരത്തെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona