ഔറംഗാബാദ്: ബിജെപിക്കെതിരെ ആക്രമണവുമായി സിപിഐ നേതാവും ജെഎൻയു മുൻ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റുമായ കനയ്യ കുമാർ. മതത്തെ സംരക്ഷിക്കാനല്ല മറിച്ച് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും നല്ല സ്കൂളുകളും ആശുപത്രികൾകളും നിർമ്മിക്കുന്നതിനുമാണ് ജനങ്ങൾ സർക്കാരിനെ തെരഞ്ഞെടുത്തതെന്ന് കനയ്യ പറഞ്ഞു. 'ജൻ ഗൺ മൻ' യാത്രയുടെ 12-ാം ദിവസം ബീഹാറിലെ ഔറംഗബാദിൽ സംസാരിക്കുകയായിരുന്നു കനയ്യ.

“പൗരത്വ നിയമ ഭേദഗതി എൻ‌ആർ‌സിയെ വെള്ളപൂശുക മാത്രമാണ് ചെയ്യുന്നത്. സുപ്രീം കോടതിയുടെ അയോധ്യ വിധിക്കും കശ്മീരിലെ ആർട്ടിക്കിള്‍ 370 റദ്ദാക്കലിനും ശേഷം, ബിജെപിക്ക് ഒരു പുതിയ പ്രശ്നം ആവശ്യമാണ്. സി‌എ‌എ, എൻ‌പി‌ആർ എന്നിവയുമായുള്ള പുതിയ ധ്രുവീകരണത്തിനും എൻ‌ആർ‌സിയെ കൊണ്ടുവരാനുള്ള ഒരു രഹസ്യ പദ്ധതിക്കും അവർ തുടക്കമിട്ടു. സർക്കാരിന്റെ വികസന അവകാശവാദങ്ങൾ മുഴുവനായും തുറന്നുകാട്ടപ്പെട്ടു,”കനയ്യ കുമാർ പറഞ്ഞു.

സംസ്ഥാനത്തൊട്ടാകെയുള്ള പര്യടനത്തിനിടെ തന്റെ ടീമിന്റെ ഭാഗമായ വാഹനങ്ങൾക്ക് നേരെയുള്ള ആക്രമണത്തെക്കുറിച്ച്  ആശങ്കപ്പെടുന്നില്ലെന്ന് കനയ്യ പറഞ്ഞു. ചില ആളുകൾ മോട്ടോർ ഓയിൽ, മഷി, മുട്ട, കല്ലുകൾ തുടങ്ങിയവ എറിയുന്നു. എന്നാൽ, അതിനെക്കാൾ സന്തോഷിപ്പിക്കുന്നത് ഇത്രയേറെ ആളുകൾ താൻ പറയുന്നത് കേൾക്കാൻ എത്തുന്നതാണെന്നും കനയ്യ വ്യക്തമാക്കി.

“ഞങ്ങൾ വിദ്യാഭ്യാസ യോഗ്യതകൾ തെളിയിക്കാനുള്ള രേഖകൾ കാണിക്കും, എന്നാൽ പൗരത്വത്തിന്റെ തെളിവ് ഞങ്ങൾ കാണിക്കില്ല… എന്റെ സഹോദരന്റെ സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് എഴുതിയതിൽ അക്ഷരത്തെറ്റുണ്ട്. ഒരു ദരിദ്രൻ അവരുടെ മാതാപിതാക്കളുടെ രേഖകൾ കാണിക്കുമെന്ന് ഞാൻ എങ്ങനെ പ്രതീക്ഷിക്കും?,” കനയ്യ ചോദിച്ചു.'ഭിന്നിപ്പിച്ചു ഭരിക്കുക, ധ്രൂവീകരണമുണ്ടാക്കുക' എന്നിവയാണ് ബിജെപിയുടെ നയമെന്നും കനയ്യ വിമർശിച്ചു.