"ഒരു സ്ത്രീയെന്ന നിലയിലും മനുഷ്യനെന്ന നിലയിലും ഞാൻ മാപ്പ് ചോദിക്കുന്നു. ആരൊക്കെ ചെയ്താലും എന്തുതന്നെയായാലും ഇത് ഒരിക്കലും സഹിക്കാനാവില്ല''
ചെന്നൈ : ബിജെപിയുടെ വനിതാ നേതാക്കളെ കുറിച്ച് പാർട്ടി പ്രവർത്തകൻ നടത്തിയ അപകീർത്തികരമായ പരാമർശത്തിൽ മാപ്പ് പറഞ്ഞ് ഡിഎംകെയുടെ മുതിർന്ന നേതാവ് കനിമൊഴി. സ്ത്രീയെന്ന നിലയിലും മനുഷ്യനെന്ന നിലയിലും മാപ്പ് ചോദിക്കുന്നുവെന്ന് കനിമൊഴി ട്വീറ്റ് ചെയ്തു. പാർട്ടി പ്രവർത്തകരുടെ മോശം പരാമർശത്തിൽ ഡിഎംകെയെ ചോദ്യം ചെയ്ത നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദറിന്റെ ട്വീറ്റിനോട് പ്രതികരിക്കുകയായിരുന്നു കനിമൊഴി. സിനിമാ അഭിനയത്തിൽ നിന്ന് രാഷ്ട്രീയത്തിലേക്കെത്തിയ ബിജെപി വനിതാ നേതാക്കളെ അപമാനിച്ച് ഡിഎംകെ നേതാവ് നടത്തിയ പരാമർശത്തിനെതിരെയായിരുന്നു ഖുശ്ബുവിന്റെ ട്വീറ്റ്.
"ഒരു സ്ത്രീയെന്ന നിലയിലും മനുഷ്യനെന്ന നിലയിലും ഞാൻ മാപ്പ് ചോദിക്കുന്നു. ആരൊക്കെ ചെയ്താലും എന്തുതന്നെയായാലും ഇത് ഒരിക്കലും സഹിക്കാനാവില്ല. എന്റെ നേതാവ് എം കെ സ്റ്റാലിനും എന്റെ പാർട്ടിയും ഇത് അംഗീകരിക്കുന്നില്ല, അതിനാൽ ഞാൻ പരസ്യമായി തന്നെ മാപ്പ് പറയുന്നു” കനിമൊഴി ട്വീറ്റ് ചെയ്തു. കനിമൊഴിയെ മെൻഷൻ ചെയ്തുകൊണ്ടുള്ള ബിജെപി നേതാവ് ഖുശ്ബു സുന്ദറിന്റെ ട്വീറ്റിന് മറുപടി നൽകുകയായിരുന്നു അവർ.
''പുരുഷൻമാർ സ്ത്രീകളെ അപമാനിക്കുമ്പോൾ, അവരെ വളർത്തിയെടുത്ത രീതിയും വളർന്നുവന്ന ചുറ്റുപാടുമാണ് അത് കാണിക്കുന്നത്. സ്ത്രീയുടെ ഗർഭപാത്രത്തെയാണ് ഇത്തരം പുരുഷൻമാർ അപമാനിക്കുന്നത്. ഇവർ പക്ഷേ കലൈഞ്ജറുടെ പിന്തുടർച്ചക്കാരാണെന്ന് അവകാശപ്പെടുന്നു. ഇതാണോ സ്റ്റാലിൻ ഭരണത്തിന് കീഴിലുള്ള പുതിയ ദ്രാവിഡ മോഡൽ''. - ഖുശ്ബു കനിമൊഴിയെ മെൻഷൻ ചെയ്ത് ട്വീറ്റ് ചെയ്തു.
സ്ത്രീകളെയും മറ്റ് പാർട്ടി പ്രവർത്തകരെയും അപമാനിച്ചുകൊണ്ടുള്ള പ്രസ്താവനകൾ നിരന്തരമായി ഡിഎംകെ നേതാക്കളിൽ നിന്ന് പുറത്തുവരുന്നുണ്ട്. തന്റെ പാർട്ടിക്കാരുടെ ഇത്തരം പരാമർശങ്ങളോട് മുഖ്യമന്ത്രി സ്റ്റാലിൻ അടുത്തിടെ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. അവർ തനിക്ക് "ഉറക്കമില്ലാത്ത രാത്രികൾ" സമ്മാനിക്കുകയാണെന്ന് അദ്ദേഹം പ്രതികരിച്ചിരുന്നു. "ചിലരുടെ പെരുമാറ്റം കാരണം പാർട്ടി പരിഹാസത്തിനും നാണക്കേടിനും പാത്രമായി," ഈ മാസം ആദ്യം നടന്ന പാർട്ടി യോഗത്തിൽ സ്റ്റാലിൻ വിമർശിച്ചിരുന്നു. എന്നാൽ ഇതിന് ദിവസങ്ങൾക്കുശേഷം, ഡിഎംകെ സഖ്യകക്ഷിയായ കോൺഗ്രസിനെ അവഹേളിക്കുന്ന പരാമർശങ്ങളുടെ പേരിൽ ഡിഎംകെയുടെ മുതിർന്ന നേതാവും വക്താവുമായ കെഎസ് രാധാകൃഷ്ണനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്യേണ്ടിവന്നു.
ഡിലീറ്റ് ചെയ്ത ട്വീറ്റിൽ, കോൺഗ്രസ് തെരഞ്ഞെടുപ്പിനെക്കുറിച്ച് സംസാരിച്ച രാധാകൃഷ്ണൻ ആര് തെരഞ്ഞെടുക്കപ്പെട്ടാലും ഭരിക്കുന്നത് സോണിയ ഗാന്ധിയായിരിക്കുമെന്ന് മൻമോഹൻ സിംഗിനെ പരാമർശിച്ചുകൊണ്ട് സൂചിപ്പിച്ചിരുന്നു. സൗജന്യ ബസ് യാത്ര ഒരുക്കുന്ന സംസ്ഥാന സർക്കാരിന്റെ പദ്ധതി പ്രയോജനപ്പെടുത്തുന്ന സ്ത്രീകൾക്കെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊൻമുടിയുടെ അപകീർത്തികരമായ പരാമർശം വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ജാതികളെ കുറിച്ച് മുൻ മന്ത്രിയും എംപിയുമായ എ രാജ നടത്തിയ പരാമർശവും കഴിഞ്ഞ മാസം വിവാദമായിരുന്നു.
