ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്ന് കേസിൽ രണ്ട് കന്നഡ സിനിമാ താരങ്ങള്‍ ചോദ്യം ചെയ്യലിന് ഹാജരായി. അഭിനേതാക്കളും ദമ്പതികളുമായ ഐന്ദ്രിത , ദിഗംത് എന്നിവരാണ് ബെംഗളൂരു ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് 11 മണിയോടെ എത്തിയത്. കന്നഡ സിനിമ ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരദമ്പതിമാരാണ് ദിഗന്തും ഐന്ദ്രിതയും.  2018ലാണ് ഇരുവരും വിവാഹിതരായത്. പതിനഞ്ച് വര്‍ഷമായി സിനിമാ മേഖലയിലുള്ള നടനാണ് ദിഗന്ത്. ഐന്ദ്രിത മുപ്പതോളം സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. 

ലഹരിക്കേസില്‍ ജയിലില്‍ കഴിയുന്ന സഞ്‍ജന ഗൽറാണിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. നടി നൽകിയ ജാമ്യാപേക്ഷയിൽ കോടതി വിധി പറയും. ജാമ്യം നിഷേധിച്ചാൽ സഞ്‍ജനയേയു പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റും. നടി രാഗിണി ദ്വിവേദിയടക്കം അഞ്ച് പ്രതികൾ നിലവിൽ പരപ്പന അഗ്രഹാര ജയിലിലാണ്. ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലേക്ക് 14 ദിവസത്തേക്കാണ് നടി രാഗിണി ദ്വിവേദിയെ മാറ്റിയത്. സുരക്ഷ മുന്‍നിർത്തി പ്രത്യേക സെല്ലിലാണ് നടിയെ പാർപ്പിക്കുന്നത്.