അലഹബാദ്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ അലഹാബാദില്‍ നടത്തുന്ന പ്രതിഷേധപരിപാടിയില്‍ പങ്കെടുക്കാനെത്തിയ കണ്ണന്‍ ഗോപിനാഥനെ ഉത്തര്‍ പ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്തു. അലഹബാദ് എയര്‍പോര്‍ട്ടില്‍ വച്ചാണ് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന കണ്ണന്‍ ഗോപിനാഥനെ കസ്റ്റഡിയിലെടുത്തത്. അലഹബാദില്‍ പ്രവേശിക്കാന്‍ അനുവദിക്കാതെ ദില്ലിയിലേക്കുള്ള വിമാനത്തില്‍ കയറ്റി വിട്ടുവെന്ന് കണ്ണന്‍ ഗോപിനാഥന്‍ ട്വീറ്റ് ചെയ്തു. 

ദില്ലിയിലേക്കുള്ള വിമാനത്തില്‍ കയറ്റി വിട്ട യുപി പൊലീസിന്‍റെ നടപടിയെ പരിഹസിച്ച് കണ്ണന്‍ ഗോപിനാഥന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. എന്തിനാണ് യോഗി ആദിത്യനാഥ് തന്‍റെ പ്രസംഗങ്ങളെ ഭയക്കുന്നതെന്നും കണ്ണന്‍ ഗോപിനാഥന്‍ ചോദിക്കുന്നു. രണ്ട് ദിവസം കഴിഞ്ഞ് വാരണാസിയില്‍ പ്രസംഗിക്കാന്‍ പോവുന്നുണ്ടെന്നും കണ്ണന്‍ ഗോപിനാഥന്‍ ട്വീറ്റ് ചെയ്തു.

അലഹബാദില്‍  വച്ച്  ഓള്‍ ഇന്ത്യ പീപ്പിള്‍സ് ഫോറം സംഘടിപ്പിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു കണ്ണന്‍ ഗോപിനാഥന്‍. നേരത്തേയും പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉത്തര്‍പ്രദേശില്‍ നടത്തിയ യാത്രക്കിടെ കണ്ണന്‍ ഗോപിനാഥനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. 

'കുറഞ്ഞത് 20 യുപി പൊലീസുകാര്‍ക്കെങ്കിലും പൗരത്വ ഭേദഗതി നിയമം മനസിലായി, ഇനി വലിയ സംഘത്തെ അയക്കൂ'; കണ്ണന്‍ ഗോപിനാഥന്‍