റെയിൽവേ സ്റ്റേഷനിൽ നിന്ന്  പൊലീസ് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. 10 കിലോമീറ്ററകലെ വച്ച് സംസാരിക്കാം എന്ന് പറഞ്ഞാണ് പൊലീസ് വാഹനത്തിൽ കൊണ്ടുപോയത്. 35 കിലോമീറ്റർ പിന്നിട്ടതോടെ വാഹനം നിർത്താൻ പൊലീസിനോട് ആവശ്യപ്പെടുകയായിരുന്നുവെന്ന് ഇ.ടി.മുഹമ്മദ് ബഷീർ

ദില്ലി : കാൺപൂർ സംഘർഷത്തിൽ പരിക്കേറ്റവരെ സന്ദർശിക്കാനെത്തിയ ഇ.ടി.മുഹമ്മദ് ബഷീർ എംപി ഉൾപ്പെടെയുള്ളവരെ യുപി പൊലീസ് തടഞ്ഞു. ഇന്നലെ രാത്രിയിലാണ് എംപിയെ യുപി പൊലീസ് തടഞ്ഞത്. റോഡിലിരുന്ന് പ്രതിഷേധിച്ചെങ്കിലും യുപി പൊലീസ് വഴങ്ങിയില്ലെന്ന് ഇ.ടി. വ്യക്തമാക്കി. മുതിർന്ന ഉദ്യോഗസ്ഥരുടെ അഭ്യർത്ഥന മാനിച്ച് ദില്ലിയിലേക്ക് തൽക്കാലം മടങ്ങുകയാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ബിജെപി നേതാക്കളുടെ പ്രവാചക നിന്ദാ പരാമർശത്തിന് പിന്നാലെ കാൺപൂരിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റവരെ കാണാനാണ് ഇ.ടി.മുഹമ്മദ് ബഷീർ എംപി യുപിയിലെത്തിയത്. യുപി പൊലീസിന്റെ ജനാധിപത്യവിരുദ്ധ നടപടിക്കെതിരെ പ്രതിഷേധം തുടരുമെന്നും ഇ.ടി.
വ്യക്തമാക്കി.

സ്പീക്കർക്ക് പരാതി നൽകുമെന്ന് ഇ.ടി.മുഹമ്മദ് ബഷീർ


കാൺപൂർ സംഘർഷത്തിൽ പരിക്കേറ്റവരെ സന്ദർശിക്കാനെത്തിയ തന്നെ തടഞ്ഞ് തിരിച്ചയച്ചതിനെതിരെ സ്പീക്കർക്ക് പരാതി നൽകുമെന്ന് ഇ.ടി.മുഹമ്മദ് ബഷീർ എംപി. മുൻകൂട്ടി അറിയിച്ചാണ് ഇന്നലെ രാത്രി യുപിയിലെത്തിയത്. എന്നാൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് പൊലീസ് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. 10 കിലോമീറ്ററകലെ വച്ച് സംസാരിക്കാം എന്ന് പറഞ്ഞാണ് പൊലീസ് വാഹനത്തിൽ കൊണ്ടുപോയത്. 35 കിലോമീറ്റർ പിന്നിട്ടതോടെ വാഹനം നിർത്താൻ പൊലീസിനോട് ആവശ്യപ്പെടുകയായിരുന്നുവെന്ന് ഇ.ടി.മുഹമ്മദ് ബഷീർ പറഞ്ഞു. തുടർന്ന് സംസാരിച്ചപ്പോൾ പരിക്കേറ്റവരെ സന്ദർശിക്കാനാകില്ലെന്ന് പൊലീസ് പറഞ്ഞുവെന്നും മുകളിൽ നിന്നുള്ള നി‍ർ‍ദേശമാണെന്നും അറിയിച്ചു. തുടർന്ന് റോഡിൽ കുത്തിയിരിക്കുകയായിരുന്നു. പൊലീസ് പക്ഷേ വഴങ്ങിയില്ല. പിന്നീട് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ വിഷയത്തിൽ ഇടപെടുകയും അവരുടെ അഭ്യർത്ഥന മാനിച്ച് ദില്ലിക്ക് മടങ്ങുകയാണ് ഉണ്ടായതെന്നും ഇ.ടി പറഞ്ഞു.

YouTube video player

സാഹചര്യം സംഘ‌ർഷത്തിലേക്ക് നയിച്ചേക്കും എന്നത് മനസിലാക്കിയാണ് പിന്മാറിയതെന്ന് ഇ.ടി. പറഞ്ഞു. സംഘ‌ർഷവുമായി ബന്ധപ്പെട്ട് ഒരു വിഭാഗത്തിനെതിരെ യോഗിയുടെ പൊലീസ് ഏകപക്ഷീയമായ നടപടി എടുക്കുകയാണെന്നും അവരോട് സംസാരിക്കാനും ആവശ്യമായ നിയമസഹായം ഉറപ്പാക്കാനുമാമണ് പോയത്. യുപി പൊലീസിന്റെ സമീപനം ഒരു തരത്തിലും ന്യായീകരിക്കാൻ കഴിയില്ലെന്നും പ്രതിഷേധം തുടരുമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ഇ.ടി.മുഹമ്മദ് ബഷീറിന്റെ ഫേസ്ബുക്ക് കുറിപ്പ്

പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചതിന് പൊലീസ് വേട്ടയാടൽ നേരിട്ട മനുഷ്യരെയും മറ്റു ബന്ധപ്പെട്ടവരെയും നേരിൽ കാണാൻ കാൺപൂരിലെത്തി, എന്നാൽ ഈ അർദ്ധരാത്രി യുപി പൊലീസ് പല ന്യായങ്ങൾ പറഞ്ഞ് ഞങ്ങളെ തടഞ്ഞിരിക്കുയാണ്, അതിനെത്തുടർന്ന് ഞങ്ങൾ റോഡിലിരുന്ന് പ്രതിഷേധിച്ചു, എന്നിട്ടും യുപി പൊലീസ് വഴങ്ങാൻ തയ്യാറായില്ല .

ഇപ്പോൾ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ അഭ്യർത്ഥന മാനിച്ച് തൽക്കാലം ഡൽഹിയിലേക്ക് മടങ്ങുകയാണ് . യുപി പോലീസിന്റെ ഈ ജനാധിപത്യ വിരുദ്ധമായ നടപടിക്കെതിരെ പ്രതിഷേധം തുടരും.

Detained by UP police at Kanpur after trying to visit its people who are being targeted by Police for protesting blasphemy. Leaving now for Delhi as per strong request from senior officials. We will continue fighting back against this undemocratic behaviour