ദിവസങ്ങൾക്കുള്ളിൽ കേസിൽ വഴിത്തിരിവുണ്ടായി. വിനീതിന്റെ മകൻ സുബ്രത് മിനോച്ച തന്നെയാണ് കൊലപാതകത്തിന് ക്വട്ടേഷൻ നൽകിയതെന്നായിരുന്നു അന്വേഷണത്തിലെ കണ്ടെത്തൽ. പിടിക്കപ്പെട്ടാൽ ഭാര്യയായ ഷാലുവാണ് ക്വട്ടേഷൻ നൽകിയതെന്ന് പറയണമെന്നും സുബ്രത് വിശാലിനോട് പറഞ്ഞിരുന്നു.

ലഖ്നൗ: കാൻപുരിലെ ഫാർമ ബിസിനസുകാരന്റെ കൊലപാതകത്തിൽ പങ്കില്ലെന്ന് കണ്ടെത്തിയതോടെ മരുമകൾ ജയിൽമോചിതയായി. കാൻപുരിലെ ബിസിനസുകാരനും കോടീശ്വരനുമായ വിനീത് മിനോച്ച(60) കൊലപാതകത്തിൽ നേരത്തേ പ്രതിചേർക്കപ്പെട്ടിരുന്ന മരുമകൾ ഷാലു മിനോച്ചയെയാണ് കോടതി വിട്ടയച്ചത്. കേസിൽ പ്രതിചേർക്കപ്പെട്ട ഷാലു 21 ദിവസത്തോളമാണ് ജയിലിൽ കിടന്നത്.

വീട്ടിലെ മുൻ ജോലിക്കാരനായ വിശാലും കൂട്ടാളിയായ രാജ് കിഷോറും ചേർന്നാണ് വിനീതിനെ കൊലപ്പെടുത്തിയത്. സെപ്റ്റംബർ അഞ്ചിന് രാത്രിയായിരുന്നു സംഭവം. വിനീതിന്റെ മകന്റെ ഭാര്യയായ ഷാലുവാണ് കൊല്ലാൻ ക്വട്ടേഷൻ നൽകിയതെന്നായിരുന്നു വിശാലിന്റെ മൊഴി. ഇതോടെ ഷാലുവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഷാലുവിനെ വിശാൽ പലതവണ ഫോണിൽ വിളിച്ചതടക്കം തെളിവാണെന്നും വിനീത് സാമ്പത്തിക നിയന്ത്രണം ഏർപ്പെടുത്തിയതും നിശാപാർട്ടികളിൽ പോകുന്നത് എതിർത്തതുമാണ് കൊലപാതകത്തിന് കാരണമായതെന്നും പൊലീസ് പറഞ്ഞിരുന്നു. എന്നാൽ, ദിവസങ്ങൾക്കുള്ളിൽ കേസിൽ വഴിത്തിരിവുണ്ടായി. വിനീതിന്റെ മകൻ സുബ്രത് മിനോച്ച തന്നെയാണ് കൊലപാതകത്തിന് ക്വട്ടേഷൻ നൽകിയതെന്നായിരുന്നു അന്വേഷണത്തിലെ കണ്ടെത്തൽ. പിതാവിന് മറ്റുചിലരുമായുള്ള ബന്ധവും ഇതിനാൽ സ്വത്ത് നഷ്ടമാകുമെന്നുമുള്ള ഭയവുമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നായിരുന്നു പൊലീസ് പറഞ്ഞത്. പിടിക്കപ്പെട്ടാൽ ഭാര്യയായ ഷാലുവാണ് ക്വട്ടേഷൻ നൽകിയതെന്ന് പറയണമെന്നും സുബ്രത് വിശാലിനോട് പറഞ്ഞിരുന്നു.

കേസിൽ പങ്കില്ലെന്ന് കണ്ടെത്തിയതോടെയാണ് ഷാലുവിനെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കി പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. തുടർന്ന് കോടതി ഷാലുവിനെ വിട്ടയക്കുകയായിരുന്നു. അന്വേഷണം സംഘം ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

അതേസമയം, എന്തുകൊണ്ടാണ് ഭർത്താവ് തന്നെ കേസിൽ കുരുക്കിയതെന്ന് അറിയില്ലെന്നായിരുന്നു ഷാലുവിന്റെ പ്രതികരണം. താൻ നിരപരാധിയാണെന്നും കൊലപാതകത്തിൽ പങ്കില്ലെന്നും തുടക്കം മുതലേ പറയുന്നതാണ്. ഇപ്പോൾ എല്ലാവരും സത്യമറിഞ്ഞു. ഇന്ന് സത്യം തെളിഞ്ഞു. എന്തിനാണ് ഭർത്താവ് തനിക്കെതിരേ ആരോപണമുന്നയിച്ചതെന്ന് അറിയില്ല. 21 ദിവസമാണ് താൻ ജയിലിൽ കിടന്നത്. അത്രയേറെ പ്രയാസങ്ങൾ അനുഭവിച്ചു. ഓരോദിവസവും എങ്ങനെ തള്ളിനീക്കിയെന്ന് അറിയില്ല. ജയിലിൽ കഴിയുമ്പോൾ തന്റെ മകനെ പിരിഞ്ഞിരിക്കുന്നതായിരുന്നു ഏറെ വിഷമം. ഇനി നേരേ മകന്റെ അടുത്തേക്കാണ് പോകുന്നതെന്നും ഷാലു പ്രതികരിച്ചു.