കൊവിഡ് മഹാമാരിയുടെ ഭീതി ഒഴിഞ്ഞിട്ടില്ല. ഡെല്‍റ്റ പ്ലസ് വകഭേദമടക്കമുള്ളവ ഉത്തരാഖണ്ഡില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഹരിദ്വാറിനെ കൊവിഡ് ഹോട്ട്സ്പോട്ട് ആക്കാന്‍ സാധിക്കില്ലെന്നും പുഷ്കര്‍ സിംഗ് ധാമി ചൊവ്വാഴ്ച വ്യക്തമാക്കി

ഹരിദ്വാറിനെ മഹാമാരിയുടെ ഹോട്ട്സ്പോട്ട് ആക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കി ഈ വര്‍ഷത്തെ കാന്‍വാര്‍യാത്ര റദ്ദാക്കി ഉത്തരാഖണ്ഡ് സര്‍ക്കാര്‍. കൊവിഡ് പശ്ചാത്തലത്തില്‍ ഇത് രണ്ടാമത്തെ തവണയാണ് കാന്‍വാര്‍ യാത്ര റദ്ദാക്കുന്നത്. മുന്‍മുഖ്യമന്ത്രി തിരാത്ത് സിംഗ് റാവത്തും ഹരിദ്വാര്‍ അടക്കമുള്ള പുണ്യ സ്ഥലങ്ങളില്‍ നിന്ന് ഗംഗാ ജലം ശേഖരിക്കാനായുള്ള വിശ്വാസികളുടെ യാത്രയായ കാന്‍വാര്‍ യാത്ര റദ്ദ് ചെയ്തിരുന്നു.

പുതിയ മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമിയും ഈ തീരുമാനം തന്നെയാണ് സ്വീകരിച്ചത്. കൊവിഡ് മഹാമാരിയുടെ ഭീതി ഒഴിഞ്ഞിട്ടില്ല. ഡെല്‍റ്റ പ്ലസ് വകഭേദമടക്കമുള്ളവ ഉത്തരാഖണ്ഡില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഹരിദ്വാറിനെ കൊവിഡ് ഹോട്ട്സ്പോട്ട് ആക്കാന്‍ സാധിക്കില്ലെന്നും പുഷ്കര്‍ സിംഗ് ധാമി ചൊവ്വാഴ്ച വ്യക്തമാക്കി. ആളുകളുടെ ജീവന് പ്രാധാന്യമുള്ളതാണ്. അത് അപകടത്തിലാക്കുന്ന തീരുമാനങ്ങള്‍ പറ്റില്ല. മഹമാരിക്കാലത്ത് ആളുകളുടെ ജീവന്‍ നഷ്ടമാകുന്നതിനോട് ദൈവത്തിനും ഇഷ്ടമാകില്ലെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി വിശദമാക്കി.

കാന്‍വാര്‍ യാത്ര നടത്തുന്ന വിശ്വാസികള്‍ക്ക് ആവശ്യമായ ഒരുക്കങ്ങള്‍ ചെയ്യണമെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ കാന്‍വാര്‍ യാത്രാനുമതി സംബന്ധിച്ച് തീരുമാനത്തില്‍ വിവിധ തലങ്ങളില്‍ നിന്ന് ആശങ്ക ഉയരുകയും ചെയ്തിരുന്നു. ഇത്തരം ആശങ്കയ്ക്ക് വിരാമമിട്ടാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ തീരുമാനമെത്തുന്നത്. ഈ വര്‍ഷം നടന്ന കുംഭ മേളയില്‍ കൊവിഡ് പ്രൊട്ടോക്കോള്‍ പാലിക്കപ്പെട്ടില്ലെന്ന് വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. വ്യാജ കൊവിഡ് പരിശോധനകള്‍ അടക്കമുള്ള സംഭവങ്ങള് കുംഭമേളയ്ക്കിടെ നടന്നിരുന്നു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ തീരുമാനത്തിന് വ്യാപകമായ പിന്തുണയാണ് സംസ്ഥാനത്ത് നിന്ന് ഉയരുന്നത്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona