ദില്ലി: ബിജെപി നേതാവ് കപില്‍ മിശ്രയുടെ  പ്രകോപനപരമായ പ്രസംഗം അംഗീകരിക്കാനാകില്ലെന്ന് ബിജെപി എംപിയും മുന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീര്‍. ഫെബ്രുവരി 23 ഞായറിനാണ് മിശ്ര പ്രകോപനപരമായ പ്രസംഗം നടത്തിയത്. ഇതിന് പിന്നാലെ ഫെബ്രുവരി 24 ന് ദില്ലിയില്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് നേരെ ആക്രമണം ഉണ്ടാകുകയും  കലാപത്തിന് സമാനമായ അന്തരീക്ഷം ഉടലെടുക്കുകയുമായിരുന്നു. 

''ഇത് നിര്‍ഭാഗ്യകരമാണ്. ആര് തന്നെ ചെയ്തതായാലും ശക്തമായ നടപടി സ്വീകരിക്കണം - അത് ബിജെപിയിലെയോ ആംആദ്മിയിലെയോ കോണ്‍ഗ്രസിലെയോ നേതാവായാലും. കപില്‍ മിശ്രയുടെ പ്രസംഗം അംഗീകരിക്കാനാകില്ല. ഇത് ദില്ലിയെക്കുറിച്ചാണ്, ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയെക്കുറിച്ചല്ല. '' - ഗംഭീര്‍ പറഞ്ഞു. സംഘര്‍ഷത്തില്‍ പരിക്കേറ്റ പൊലീസുകാര്‍ ചികിത്സയില്‍ കഴിയുന്ന ആശുപത്രി സന്ദര്‍ശിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 

''ഇതുവരെ ഷഹീന്‍ബാഗ് സമാധാനമായി പ്രതിഷേധിച്ചിരുന്ന ഇടമായിരുന്നു. ട്രംപ് ഇവിടെ എത്തിയതോടെ അക്രമകരമായ പ്രതിഷേധം ആരംഭിച്ചു. ഇത് ശരിയല്ല. സമാധാനപരമായ പ്രതിഷേധം അംഗീകരിക്കാവുന്നതാണ്. എന്നാല്‍ കല്ലുകള്‍ കൊണ്ടുവരുന്നത് അംഗീകരിക്കാനാകില്ല. ഒരു പൊലീസുകാരനുമുല്ലില്‍ എങ്ങനെയാണ് നിങ്ങള്‍ക്ക്  തോക്കുമായി നില്‍ക്കാനാവുക ? '' ഗംതം ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു. 

പൗരത്വ നിയമ ഭേദ​ഗതിക്കെതിരെ സമരം ചെയ്യുന്നവരെ ഒഴിപ്പിക്കാൻ മുന്നിട്ടിറങ്ങുമെന്നായിരുന്നു കപില്‍ മിശ്രയുടെ ഭീഷണി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം അവസാനിക്കുന്നത് വരെ തങ്ങള്‍ സംയമനം പാലിക്കുമെന്നും പിന്നാലെ സമരക്കാരെ ഒഴിപ്പിക്കാന്‍ തെരുവിലിറങ്ങുമെന്നുമാണ് മിശ്രയുടെ വാക്കുകള്‍. കഴിഞ്ഞദിവസം പൗരത്വ നിയമത്തെ അനുകൂലിച്ച് റാലി നടത്തിയ കപില്‍ മിശ്രയുടെ സംഘം പ്രതിഷേധക്കാരുമായി ഏറ്റുമുട്ടിയിരുന്നു.

'പൊലീസിന് ഞാന്‍ മൂന്ന് ദിവസത്തെ സമയം നൽകുകയാണ്. ആ ദിവസത്തിനുള്ളില്‍ പ്രതിഷേധക്കാരെ ഒഴിപ്പിക്കണം. ഇല്ലെങ്കിൽ ഞങ്ങള്‍ തന്നെ അതിന് മുന്നിട്ടിറങ്ങും. മൂന്ന് ദിവസം കഴിഞ്ഞാല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സന്ദർശനം പൂർത്തിയാക്കി ഇന്ത്യയിൽ നിന്ന് മടങ്ങിപ്പോകും. അതുവരെ ഞങ്ങള്‍ സംയമനം പാലിക്കും. അതിന് ശേഷം അനുനയ നീക്കവുമായി പൊലീസ് വരേണ്ടതില്ല. നിങ്ങള്‍ പറയുന്നത് കേള്‍ക്കാനുള്ള ബാധ്യത അപ്പോള്‍ ഞങ്ങള്‍ക്കുണ്ടാവില്ല'- കപില്‍ മിശ്ര പറഞ്ഞു.

സംഘര്‍ഷമുണ്ടാകുന്നതിന് മൂന്നു മണിക്കൂര്‍ മുന്‍പ്, ജനങ്ങളോട് സംഘടിച്ച് ജാഫ്രാബാദിന് മറുപടി നല്‍കാന്‍ കപില്‍ മിശ്ര ട്വീറ്റ് ചെയ്തിരുന്നു. ജാഫ്രാബാദിന് ഉത്തരം നൽകാൻ എല്ലാവരും ഒത്തുകൂടണമെന്നായിരുന്നു  കപിൽ മിശ്രയുടെ ട്വീറ്റ്. പൗരത്വ നിയമ ഭേദ​ഗതിയെ പിന്തുണച്ച് ഞങ്ങൾ എല്ലാവരും ഒത്തുകൂടുന്നു. നിങ്ങളെയും ക്ഷണിക്കുന്നു എന്നായിരുന്നു മിശ്രയുടെ ട്വീറ്റ്. ജഫ്രാബാദിനെ മറ്റൊരു ഷഹീൻബാ​ഗ് ആക്കി മാറ്റാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

ദില്ലി തെരഞ്ഞെടുപ്പിനിടെ സ്ഥാനാര്‍ത്ഥിയായിരുന്ന കപില്‍ മിശ്ര നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. പ്രതിഷേധകര്‍ക്ക് നേരെ വെടിവയ്ക്കണമെന്നായിരുന്നു കപില്‍ മിശ്രയുടെ ആഹ്വാനം. ഇതിന് പിന്നാലെ ഉത്തര്‍പ്രദേശ് സ്വദേശിയായ 17 കാരന്‍ ദില്ലിയിലെ പ്രതിഷേധകര്‍ക്ക് നേരെ വെടിവച്ചിരുന്നു. പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളിലൊരാള്‍ക്ക് വെടിയേറ്റ് പരിക്കേറ്റിരുന്നു.