മുതിർന്ന അഭിഭാഷകൻ പ്രദീപ് റായ്, നിലവിലെ പ്രസിഡൻ്റ് അദീഷ് സി അഗർവാല തുടങ്ങിയവരെയാണ് സിബൽ പരാജയപ്പെടുത്തിയത്

ദില്ലി: സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്‍റായി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ തെരഞ്ഞെടുക്കപ്പെട്ടു. 377 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം. രണ്ട് പതിറ്റാണ്ടിന് ശേഷമാണ് കപിൽ സിബൽ സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്‍റ് ആയി വീണ്ടും തെരഞ്ഞെടുക്കപ്പെടുന്നത്.

മുതിർന്ന അഭിഭാഷകൻ പ്രദീപ് റായ്, നിലവിലെ പ്രസിഡൻ്റ് അദീഷ് സി അഗർവാല തുടങ്ങിയവരെയാണ് സിബൽ പരാജയപ്പെടുത്തിയത്. കപിൽ സിബലിന് 1066 വോട്ടുകളാണ് ലഭിച്ചത്. രണ്ടാമത് എത്തിയ പ്രദീപ് റായ്ക്ക് 689 വോട്ടുകൾ ലഭിച്ചു. നിലവിലെ അധ്യക്ഷൻ അദീഷ് അഗർവാല മത്സരിച്ചെങ്കിലും തോറ്റു. അഗര്‍വാലക്ക് 296 വോട്ടുകളാണ് ലഭിച്ചത്. പ്രസിഡന്റ് സ്ഥാനത്തേക്ക് മറ്റ് മൂന്ന് പേര്‍ കൂടി മത്സരിച്ചിരുന്നു. 

അഭിഭാഷകനായി 50 വർഷത്തോളം പ്രാക്ടീസ് ചെയ്തിട്ടുള്ള കപിൽ സിബൽ ഇത് നാലാം തവണയാണ് സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെടുന്നത്. 1995 -96, 1997 -98, 2001 -2002 കാലയളവിലാണ് സിബൽ ഇതിന് മുമ്പ് സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടത്. യു.പി.എ. സർക്കാരിന്റെ നിയമമന്ത്രിയായും സിബൽ സേവനമനുഷ്ടിച്ചിട്ടുണ്ട്.

Also Read:- കൊവിഡ് 19 വാക്സീനായ കൊവാക്സീൻ സ്വീകരിച്ചവര്‍ക്കും പാര്‍ശ്വഫലങ്ങളെന്ന് പഠനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo