ദില്ലി: കോൺഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ വീണ്ടും ആഞ്ഞടിച്ച് മുതിര്‍ന്ന നേതാവ് കപിൽ സിബൽ. രാജ്യത്ത് കോൺഗ്രസ് ബിജെപിക്കെതിരായ ക്രിയാത്മക പ്രതിപക്ഷമല്ലെന്ന് കപിൽ സിബൽ ആരോപിച്ചു. സോണിയ ഗാന്ധിക്ക് പാർട്ടിയെ വേണ്ട വിധം ചലിപ്പിക്കാനാകുമോയെന്ന് സംശയമാണ്. നേതൃമാറ്റത്തിൽ ഇനി പ്രതികരിക്കേണ്ടത് നേതൃത്വമാണ്. കോടിക്കണക്കിന് സാധാരണ പാർട്ടി പ്രവർത്തകരുടെ വികാരമാണ് താൻ ആവർത്തിച്ച് പങ്കുവയ്ക്കുന്നതെന്നും കപിൽ സിബൽ വ്യക്തമാക്കി. 

നേരത്തെയും കോൺഗ്രസ് നേതൃത്വത്തിനെതിരെ കപിൽ സിബൽ വിമർശനമുന്നയിച്ചിരുന്നു. ബിഹാർ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ കപില്‍ സിബല്‍ രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. കനത്ത തിരിച്ചടി നേരിട്ടിട്ടും ആത്മപരിശോധന നടത്താന്‍ നേതൃത്വം തയ്യാറാകുന്നില്ല.പരാജയ കാരണം അന്വേഷിക്കുന്നതേയില്ല. ശക്തി കേന്ദ്രങ്ങളായ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പോലും പാര്‍ട്ടിയുടെ പ്രസക്തി നഷ്ടപ്പെട്ടു. കോണ്‍ഗ്രസിനെ ഒരു ബദലായി ജനം കാണുന്നതേയില്ലെന്നുമായിരുന്നു കപിൽ സിബലിന്റെ പ്രതികരണം.