ദില്ലി: രാഹുൽ ​ഗാന്ധിയെ വിമർശിച്ചുള്ള തന്റെ ട്വീറ്റ് കോൺ​ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കപിൽ സിബൽ പിൻവലിച്ചു. രാഹുൽ ഗാന്ധി കപിൽ സിബലിനെ വിളിച്ചു സംസാരിച്ചതിനെത്തുടർന്നാണ് നടപടിയെന്നാണ് വിവരം. യോഗത്തിൽ താൻ നേതാക്കളെ ബിജെപി ഏജൻറുമാർ എന്ന് വിശേഷിപ്പിച്ചിട്ടില്ലെന്ന് രാഹുൽ പറഞ്ഞതായാണ് സൂചന. യോ​ഗത്തിലെ പൊട്ടിത്തെറിക്ക് ശേഷം രംഗം തണുപ്പിക്കാൻ രാഹുൽ ഗാന്ധിയുടെയും എഐസിസിയുടെയും ശ്രമം തുടരുകയാണ്.

പാർട്ടിയിൽ നേതൃമാറ്റം ആവശ്യപ്പെട്ട് 23 നേതാക്കൾ നൽകിയ കത്തിനെ ചൊല്ലി രൂക്ഷമായ വാദ പ്രതിവാദങ്ങളാണ് കോൺ​ഗ്രസ് പ്രവർത്തക സമിതിയോഗത്തിൽ ഉണ്ടായത്. കത്തെഴുതിയ നേതാക്കൾക്കെതിരെയും ഹൈക്കമാന്‍റിനെഴുതിയ കത്ത് മാധ്യമങ്ങൾക്ക് ചോര്‍ന്ന് കിട്ടിയതിനെ ക്കുറിച്ചും കടുത്ത വിമര്‍ശനങ്ങളാണ് പ്രവര്‍ത്തക സമിതിയിൽ ഉണ്ടായത്. നേതൃമാറ്റം ആവശ്യപ്പെട്ട് സംയുക്ത കത്തെഴുതേണ്ട സാഹചര്യമെന്തെന്നായിരുന്നു എന്ന രാഹുൽ ഗാന്ധിയുടെ ചോദ്യമാണ്  പ്രവർത്തകസമിതിയിൽ പൊട്ടിത്തെറിക്കിടയാക്കിയത്.  സോണിയഗാന്ധിക്ക് അസുഖമായിരുന്ന സമയത്ത് കത്ത് നല്കിയത് ഉചിതമായില്ലെന്ന് പറഞ്ഞ രാഹുൽ ഗാന്ധി കത്തെഴുതിയവർ സഹായിച്ചത് ബിജെപിയെ ആണെന്നും തുറന്നടിച്ചു. ഇതോടെ കത്തെഴുതിയ മുതിര്‍ന്ന നേതാക്കൾ ഇതിനെതിരെ രംഗത്തെത്തുകയായിരുന്നു. 

നേതാക്കൾ കത്തെഴുതിയതിനെ ന്യായീകരിച്ച് ഗുലാംനബി ആസാദ് പ്രതികരിച്ചു. ബിജെപിയുമായി ഒത്തുകളിച്ചെന്ന രാഹുലിൻറെ പരാമർത്തിൽ അദ്ദേഹം അതൃപ്തി അറിയിച്ചു. ഇതിനെ വിമർശിച്ച് രാഹുലും സോണിയ ഗാന്ധിയും മറുപടി പറഞ്ഞു. ഗുലാംനബി ആസാദ് സംസാരിച്ചപ്പോൾ മറ്റു ചില നേതാക്കളും കൈയ്യുയർത്തി പ്രതിഷേധിച്ചു. ബിജെപിയെ സഹായിച്ചതെന്ന് കണ്ടെത്തിയാൽ പാർടി അംഗത്വം ഒഴിയാമെന്ന് ഗുലാംനബി ആസാദ് പറഞ്ഞു. എംപിസ്ഥാനവും ഒഴിയാമെന്നും അദ്ദേഹം പ്രതികരിച്ചു.

രാഹുലിനെതിരായ കപിൽ സിബലിന്റെ ട്വീറ്റ് നിമിഷനേരങ്ങൾക്കുള്ളിൽ തന്നെ വലിയ ചർച്ചയായിരുന്നു. ഞങ്ങള്‍ക്ക് ബിജെപിയുമായി രഹസ്യധാരണയുണ്ടെന്നാണ് രാഹുൽ ​ഗാന്ധി പറയുന്നത്. രാജസ്ഥാനിലും മണിപ്പൂരിലും നടത്തിയ നിയമ പോരാട്ടത്തില്‍ വിജയിച്ചു.   30 വർഷത്തിനിടെ ബിജെപിയെ അനുകൂലിച്ച് ഒരു പ്രസ്താവന പോലും നല്കിയിട്ടില്ല. എന്നിട്ടും ഞങ്ങള്‍ക്ക് ബിജെപിയുമായി രഹസ്യധാരണ എന്നാണ് പറയുന്നത് എന്നായിരുന്നു കപില്‍ സിബലിന്റെ ട്വീറ്റ്.