ദില്ലി: പാകിസ്ഥാന്‍ നഗരമായ കറാച്ചിയും ഒരുനാള്‍ ഇന്ത്യയുടെ ഭാഗമാകുമെന്ന് മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫട്നാവിസ്. അഖണ്ഡഭാരതത്തിലാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുംബൈയില്‍ കറാച്ചി എന്ന കടയുടെ പേര് മാറ്റണമെന്ന് കഴിഞ്ഞ ദിവസം ഒരു വ്യാപാരിയോട് ശിവസേന പ്രവര്‍ത്തകന്‍ ആവശ്യപ്പെട്ടിരുന്നു.

ഈ വിഷയത്തെ കുറിച്ചുള്ള ചോദ്യത്തിനാണ് ഫട്നാവിസ് ഒരുനാള്‍ കറാച്ചിയും ഇന്ത്യയുടെ ഭാഗമാകുമെന്ന് പിടിഐയോട് പ്രതികരിച്ചത്. വ്യാഴാഴ്ചയാണ് മുംബൈ ബാന്ദ്രയിലെ പ്രമുഖ മധുരപലഹാരക്കടയായ കറാച്ചിയുടെ പേര് മാറ്റണമെന്ന് ശിവസേന പ്രവര്‍ത്തകന്‍ ആവശ്യപ്പെട്ടത്.

ഇന്ത്യ അല്ലെങ്കില്‍ മറാത്തിയോട് ചേര്‍ന്ന് നില്‍ക്കുന്ന പേര് നല്‍കണമെന്നായിരുന്നു ആവശ്യം. എന്നാല്‍, പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടല്ല ഇതെന്നായിരുന്നു ശിവസേന നേതാവായ സഞ്ജയ് റൗട്ടിന്‍റെ പ്രതികരണം. കറാച്ചി സ്വീറ്റ്സും കറാച്ചി ബേക്കറിയും കഴിഞ്ഞ 60 വര്‍ഷമായി മുംബൈയില്‍ പ്രവര്‍ത്തിക്കുന്നു. പാകിസ്ഥാനുമായി അവര്‍ക്ക് ഒന്നും ചെയ്യാനില്ല. അവരുടെ കടയുടെ പേര് മാറ്റാന്‍ പറയുന്നതില്‍ ഒരു കാര്യവുമില്ല.

ഇതാണ് ശിവസേനയുടെ ഔദ്യോഗിക നിലപാടെന്ന് സഞ്ജയ് റൗട്ട് പറഞ്ഞു. മുംബൈയിലെ ബാന്ദ്രയിലുള്ള പ്രസിദ്ധമായ ഒരു സ്വീറ്റ് ഷോപ്പാണ് കറാച്ചി സ്വീറ്റ്‌സ്. ശിവസേന നേതാവായ നിതിൻ നന്ദ്ഗാവ്ക്കർ ആണ് ഷോപ്പ് സന്ദർശിച്ച് അതിന്റെ ഉടമസ്ഥനോട് പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടത്. നന്ദ്ഗാവ്ക്കർ തന്നെ മാധ്യമങ്ങൾക്ക് പങ്കുവെച്ച ഈ ചർച്ചയുടെ വീഡിയോ ദൃശ്യങ്ങൾ ന്യൂസ് ഏജൻസിയായ എഎൻഐ ആണ് പിന്നീട് പ്രസിദ്ധപ്പെടുത്തിയത്. കറാച്ചി എന്നത് തീവ്രവാദികളെ പോറ്റുന്ന, അവർക്ക് അഭയം കൊടുക്കുന്ന നമ്മുടെ ശത്രുരാജ്യമായ പാകിസ്ഥാനെ സൂചിപ്പിക്കുന്നതാണ് എന്നും, പാകിസ്ഥാനെ ഓർമിപ്പിക്കുന്ന, അതിന്റെ പാരമ്പര്യം പ്രഘോഷണം ചെയ്യുന്ന ഒന്നിനും മുംബൈയിലോ മഹാരാഷ്ട്രയിലോ സ്ഥാനമില്ല എന്നും, അങ്ങനെ ഒന്നിനെയും തുടരാൻ ശിവസേന അനുവദിക്കില്ല എന്നുമാണ് നിതിൻ നന്ദ്ഗാവ്ക്കർ ഷോപ്പുടമയോട് പറയുന്നത്.

എന്നാൽ, തന്റെ പൂർവികർ കറാച്ചിയിൽ നിന്നുള്ളവരായിരുന്നു എന്നും, സ്വാതന്ത്ര്യാനന്തരമാണ് അവർ ഇന്ത്യയിൽ ജീവിക്കാം എന്ന് തീരുമാനിച്ച് മുംബൈയിൽ എത്തിയത് എന്നും ഈ ഷോപ്പുടമ നിതിനോട് വിശദീകരിക്കാൻ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. പല തലമുറകൾ തന്റെ പൂർവികർ കറാച്ചിയിൽ ജീവിച്ചിരുന്നതിന്റെ ഓർമ്മയ്ക്കാണ് തന്റെ മുൻ തലമുറക്കാർ ഉപജീവനാർത്ഥം അവർ ബാന്ദ്രയിൽ പതിറ്റാണ്ടുകൾക്ക് മുമ്പ് തുടങ്ങിയ ബേക്കറിക്ക് കറാച്ചി സ്വീറ്റ്‌സ് എന്ന് പേരിട്ടത് എന്നും അദ്ദേഹം പറയുന്നത് വീഡിയോയില്‍ കാണാമായിരുന്നു.