ബെംഗളൂരു: കർണാടകത്തിൽ കുമാരസ്വാമി മന്ത്രിസഭ വികസിപ്പിച്ചു. ആർ ശങ്കറും സ്വതന്ത്രൻ എച്ച് നാഗേഷും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. കെപിജെപി അംഗമായി ജയിച്ച ആർ ശങ്കർ സത്യപ്രതിജ്ഞക്ക് തൊട്ടുമുൻപാണ് കോൺഗ്രസിൽ ചേർന്നത്. 

കോൺഗ്രസ് നേതൃത്വവുമായി ഉണ്ടാക്കിയ ധാരണയനുസരിച്ചാണ് നടപടി. ഇതോടെ സഭയിൽ കോൺഗ്രസ് അംഗങ്ങളുടെ എണ്ണം 80 ആയി. ഇരുവരുടെയും പിന്തുണ ഉറപ്പാക്കുന്നതിലൂടെ പ്രതിസന്ധി ഒഴിവാക്കാമെന്നാണ് കോൺഗ്രസ് ജെഡിഎസ് സഖ്യത്തിന്‍റെ പ്രതീക്ഷ. 

വിമത എംഎൽഎമാരെ ഉൾപ്പെടുത്തി വിപുലമായ മന്ത്രിസഭാ പുനഃസംഘടന നിയമസഭയുടെ വർഷകാല സമ്മേളനത്തിന് ശേഷം ഉണ്ടാകും. സ്വതന്ത്രരുടെ പിന്തുണ ഉറപ്പാക്കുന്നതോടെ 224 അംഗ സഭയിൽ 119 പേരുടെ പിന്തുണ കോൺഗ്രസ് ജെഡിഎസ് സഖ്യത്തിനാകും.