ദില്ലി: കാർഗിൽ യുദ്ധവിജയത്തിന്റെ ഇരുപതാം വാർഷികത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങൾക്ക് ദില്ലിയിൽ തുടക്കമായി. രണ്ടാഴ്ച നീളുന്ന പരിപാടിയുടെ തുടക്കമായി ഇന്ത്യാഗേറ്റിലെ യുദ്ധസ്മാരകത്തിൽ നിന്നു തുടങ്ങുന്ന ജ്യോതി പ്രയാണത്തിന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് തിരിക്കൊളുത്തിയോടെയാണ് തുടക്കമായത്.

11 പട്ടണങ്ങളിലൂടെ സഞ്ചരിച്ച് ജൂലൈ 26-ന് കാർഗിലിലെ ദ്യാസ് യുദ്ധസ്മാരകത്തിൽ ജ്യോതി പ്രയാണം അവസാനിക്കും. കാർഗിൽ വിജയദിവസിന്‍റെ ഇരുപതാം വാർഷികത്തിൽ വിപുലമായ ആഘോഷപരിപാടികളാണ് കരസേനയും കേന്ദ്രസർക്കാരും ഒരുക്കിയിരിക്കുന്നത്. രാജ്യമെമ്പാടുമുള്ള കുട്ടികൾക്കായി പ്രത്യേക പരിപാടികൾ ആഘോഷത്തിന്റെ ഭാ​ഗമായി സംഘടിപ്പിക്കുന്നുണ്ട്.

1999 മെയ്-ജൂലൈ മാസങ്ങളിലാണ് കശ്മീരിലെ കാർഗിൽ പ്രദേശത്ത് വച്ച് ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ യുദ്ധമുണ്ടായത്. ഇരുരാജ്യങ്ങളും തമ്മിലുള്ള അതിർത്തി ലംഘിച്ച് പാക് പട്ടാളം ഇന്ത്യൻ പ്രദേശത്തേക്ക് കടന്നതാണ് യുദ്ധ കാരണം. പാക‌് പട്ടാളക്കാർ ഇന്ത്യയിലേക്ക‌് നുഴഞ്ഞുകയറിയത‌് പരിശോധിക്കാൻ ചെന്ന അഞ്ച‌് ഇന്ത്യൻ സൈനികരെ പാക‌് സേന വധിച്ച‌് മൃതദേഹങ്ങൾ വികൃതമാക്കി. തുടർന്ന് മെയ‌് പത്തിന‌് പാക്കിസ്ഥാൻ ഇന്ത്യയിൽ വൻ ഷെല്ലാക്രമണവും നടത്തി.

മെയ‌് 26നാണ‌് ഇന്ത്യ പ്രത്യാക്രമണം തുടങ്ങിയത‌്. ജൂൺ ഒന്നിന‌് ശ്രീനഗർ–ലേ ദേശീയപാതയിൽ പാക്കിസ്ഥാൻ ബോംബാക്രമണം നടത്തി. ജൂൺ ആറിന‌് ഇന്ത്യൻ കരസേന കനത്ത പ്രത്യാക്രമണം നടത്തി. 29-ന‌് ടൈഗർ ഹിൽസിലെ പോയിന്റ‌് 5060, 5100 എന്നിവ ഇന്ത്യ തിരിച്ചുപിടിച്ചു. ജൂലൈ 26 ആയപ്പോൾ പാക്കിസ്ഥാനെ ഇന്ത്യൻ സൈന്യം പൂർണമായും തുരത്തി.