കെജ്‍രിവാളിനെയും അണ്ണാ ഹസാരയെയും കുറ്റപ്പെടുത്തിയാണ് ശർമ്മിഷ്ഠ മുഖർജി രംഗത്തെത്തിയത്

ദില്ലി: കർമഫലമാണ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ ഇന്ന് അനുഭവിക്കുന്നതെന്ന് മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ മകൾ ശർമ്മിഷ്ഠ മുഖർജി. കെജ്‍രിവാളിനെയും അണ്ണാ ഹസാരയെയും കുറ്റപ്പെടുത്തിയാണ് ശർമ്മിഷ്ഠ മുഖർജി രംഗത്തെത്തിയത്. ദില്ലി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിത്തിനെതിരെ നിരുത്തരവാദപരവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങള്‍ ഉന്നയിച്ചവരാണ് ഇരുവരും. ഷീല ദീക്ഷിതിനെതിരെ തെളിവുകളുണ്ടെന്ന് അവകാശപ്പെട്ടവർ അത് ഹാജരാക്കിയില്ലെന്നും ശർമ്മിഷ്ഠ മുഖർജി കുറ്റപ്പെടുത്തി. 

കേന്ദ്രത്തിൽ യുപിഎ അധികാരത്തിൽ ഉണ്ടായിരുന്നപ്പോള്‍ 2011ൽ അണ്ണാ ഹസാരയുടെയും കെജ്‍രിവാളിന്‍റെയും നേതൃത്വത്തിൽ അഴിമതിക്കെതിരെ നടന്ന സമരങ്ങളാണ് ശർമിഷ്ഠ ചൂണ്ടിക്കാട്ടിയത്. ആ സമരത്തിന് പിന്നാലെ 2012ൽ കെജ്‍രിവാളിന്‍റെ നേതൃത്വത്തിൽ ദില്ലിയിൽ എഎപി സർക്കാർ രൂപീകരിക്കുകയും ചെയ്തു. 

മദ്യ നയ കേസിൽ അറസ്റ്റിലാകുന്ന നാലാമത്തെ എഎപി നേതാവാണ് കെജ്രിവാള്‍. ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയ, രാജ്യസഭാംഗം സഞ്ജയ് സിംഗ്, പാർട്ടിയുടെ മുൻ കമ്മ്യൂണിക്കേഷൻസ് ഇൻചാർജ് വിജയ് നായർ എന്നിവരാണ് ഇതിനു മുന്‍പ് ഈ കേസിൽ അറസ്റ്റിലായത്. അതേസമയം ഡൽഹി മുൻ ആരോഗ്യമന്ത്രി സത്യേന്ദർ കുമാർ ജെയിൻ മറ്റൊരു കേസിൽ അറസ്റ്റിലായി.

കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയാണ് ഇഡി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്യുന്നത്. രണ്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. ഡല്‍ഹി മദ്യനയക്കേസില്‍ അറസ്റ്റ് തടയണമെന്ന ഹര്‍ജി വ്യാഴാഴ്ച ഡല്‍ഹി ഹൈക്കോടതി തള്ളിയതിന് പിന്നാലെ ഇഡി സംഘം വാറണ്ടുമായി കെജ്രിവാളിന്‍റെ വീട്ടിലെത്തുകയായിരുന്നു. 

അതിനിടെ ഇഡി അറസ്റ്റിനെതിരെ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി കെജ്രിവാള്‍ പിൻവലിച്ചു. വിചാരണ കോടതിയില്‍ കെജ്രിവാളിനെ ഹാജരാക്കാനിരിക്കുന്ന സാഹചര്യത്തിലാണ് നീക്കം. വിചാരണ കോടതി റിമാന്‍ഡ് അടക്കമുള്ള നടപടികളിലേക്ക് പോകാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ സുപ്രീംകോടതിയിലെ ഹര്‍ജി തുടര്‍ന്നിട്ട് കാര്യമില്ലെന്ന നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ഹര്‍ജി പിന്‍വലിച്ചത്. ഹര്‍ജി പിന്‍വലിക്കുകയാണെന്ന് കെജ്രിവാളിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിങ്‌വി കോടതിയെ അറിയിക്കുകയായിരുന്നു.

Scroll to load tweet…