ബെംഗളൂരു: ലോക്ക്ഡൗണിനിടയിൽ സംസ്ഥാനത്തെ വിവിധ ഭാ​ഗങ്ങളിൽ കുടുങ്ങിയ തൊഴിലാളികൾക്ക് സ്വന്തം സ്ഥലങ്ങളിലേക്ക് മടങ്ങാൻ ബസുകളിൽ സൗജന്യയാത്ര പ്രഖ്യാപിച്ച് ബി.എസ് യെദ്യൂരപ്പ സർക്കാർ. മൂന്ന് ദിവസത്തേക്ക് സര്‍ക്കാര്‍ ബസുകളില്‍ തൊഴിലാളികൾക്ക് സൗജന്യമായി യാത്ര ചെയ്യാമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.
 
“തൊഴിലാളികള്‍ക്ക് ഇന്ന് (ഞായറാഴ്ച) മുതല്‍ മൂന്ന് ദിവസത്തേക്ക് തലസ്ഥാന നഗരമായ ബെംഗളൂരുവില്‍ നിന്നും ജില്ലാ കേന്ദ്രങ്ങളില്‍ നിന്നും കര്‍ണാടകയിലെ സ്വന്തം സ്ഥലങ്ങളിലേക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യമായി യാത്ര ചെയ്യാം“കര്‍ണാടക മുഖ്യമന്ത്രിയുടെ ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു. 

നേരത്തെ ബസ് സ്റ്റേഷനില്‍ സാമൂഹിക അകലം പാലിക്കണമെന്ന് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ തൊഴിലാളികളോട് അഭ്യര്‍ത്ഥിക്കുകയും അവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.