"ഇന്ത്യക്കെതിരെ സംസാരിക്കുന്നവരെ വെടിവച്ചുകൊല്ലും. അവരെ ജയിലിലേക്ക് വിടാനൊന്നും പോകുന്നില്ല, റോഡിൽ വച്ച് തന്നെ കാര്യങ്ങൾക്ക് തീരുമാനമാക്കും". ബസവനഗൗഡ പറഞ്ഞു.

ബം​ഗളൂരു: ഇന്ത്യക്കെതിരെ‌യും ഹിന്ദുക്കൾക്കെതിരെ‌യും സംസാരിക്കുന്നവരെ വെടിവച്ചുകൊല്ലുമെന്ന വിവാദ പ്രസ്താവനയുമായി കർണാടകയിലെ ബിജെപി എംഎൽഎ. വിജയപുരയിലെ തെരഞ്ഞെടുപ്പ് പ്രചരണ റാലിയിൽ ബസവനഗൗഡ പാട്ടീൽ യത്നാൽ ആണ് വിവാദ പ്രസ്താവന നടത്തിയത്. 

"ഞങ്ങളുടെ വിശ്വാസത്തെക്കുറിച്ചോ ഇന്ത്യയെക്കുറിച്ചോ ഹിന്ദുക്കളെക്കുറിച്ചോ എന്തെങ്കിലും പറഞ്ഞാൽ അവരെ വെടിവെച്ചുകൊല്ലും". അദ്ദേഹം പറഞ്ഞു. കൈ കൊണ്ട് തോക്കുപോലെ ആം​ഗ്യം കാണിച്ചായിരുന്നു ബസവനഗൗഡയുടെ പരാമർശം. ഉത്തർപ്രദേശിൽ മുൻ എംപി ആതിഖ് അഹമ്മദ് വെടിയേറ്റു മരിച്ചതിനെക്കുറിച്ച് അദ്ദേഹം പ്രസം​ഗത്തിൽ സൂചിപ്പിച്ചു. പൊലീസ് കസ്റ്റഡിയിലിരിക്കെ‌യാണ് കൊലക്കേസ് പ്രതിയായ ആതിഖ് കൊല്ലപ്പെട്ടത്. കുറ്റവാളികളോടുള്ള ഉത്തർപ്രദേശ് സർക്കാരിന്റെ സമീപനത്തെക്കുറിച്ചും സൂചിപ്പിച്ചായിരുന്നു ബസവനഗൗഡയുടെ പ്രസം​ഗം. പ്രസം​ഗത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാവുകയായിരുന്നു.

Scroll to load tweet…

കർണാടകയിൽ ബിജെപി അധികാരത്തിലെത്തിയാൽ ഉത്തർപ്രദേശിലെ യോ​ഗി ആദിത്യനാഥ് സർക്കാരിന്റെ മാതൃകയിൽ ഭരണം നടത്തുമെന്നും ബസവനഗൗഡ പറഞ്ഞു. "ഇന്ത്യക്കെതിരെ സംസാരിക്കുന്നവരെ വെടിവച്ചുകൊല്ലും. അവരെ ജയിലിലേക്ക് വിടാനൊന്നും പോകുന്നില്ല, റോഡിൽ വച്ച് തന്നെ കാര്യങ്ങൾക്ക് തീരുമാനമാക്കും". ബസവനഗൗഡ പറഞ്ഞു. കർണാടകയിൽ മെയ് 10നാണ് തെര‍ഞ്ഞെടുപ്പ്. 13നാണ് ഫലപ്രഖ്യാപനം. 

Read Also: 'രാജസ്ഥാൻ മോഡൽ' പ്രചാരണമാക്കി കോൺ​ഗ്രസ്, താരപ്രചാരകനായി ​ഗെഹ്ലോട്ട്; കർണാടക ഒപ്പം നില്‍ക്കുമോ?