ബെംഗളൂരു: കന്നുകാലി കശാപ്പ് നിരോധന ബില്‍ നാളെ കർണാടക ഉപരിസഭ പരിഗണിക്കാനിരിക്കെ ജെഡിഎസ് നിലപാട് നിർണായകമാകും. ബില്‍ പാസാകാന്‍ ബിജെപിക്ക് ജെഡിഎസ് പിന്തുണ കൂടിയേ തീരൂ. വലിയ വിവാദമായ കർണാടക കന്നുകാലി കശാപ്പ് നിരോധന ബില്ലില്‍ നാളത്തെ സഭാ നടപടികൾ നിർണായകം. ഗവർണറുടെ പ്രത്യേക അനുമതിയോടെ ചേരുന്ന നിയമ നിർമാണ കൗൺസിലില്‍ ബില്‍ സർക്കാർ അവതരിപ്പിക്കും.  കൗൺസില്‍ ചെയർമാനും കോൺഗ്രസ് നേതാവുമായ പ്രതാപ ചന്ദ്ര ഷെട്ടിയെ നീക്കാനായി അവിശ്വാസ പ്രമേയവും സർക്കാർ അവതരിപ്പിക്കുന്നുണ്ട്.

75 അംഗ കൗൺസിലില്‍ 31 അംഗങ്ങളാണ് ബിജെപിക്കുള്ളത്. 28 അംഗങ്ങളുള്ള കോൺഗ്രസ് ബില്ലിനെ എതിർക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ ഭൂപരിഷ്കരണ നിയമഭേദഗതിയിലും, എപിഎംസി നിയമഭേദഗതിയിലും സർക്കാരിനെ പിന്തുണച്ച ജെഡിഎസ് ബില്ലിനെ പിന്തുണയ്ക്കുമെന്നായിരുന്നു യെദ്യൂരപ്പയുടെ പ്രതീക്ഷ. എന്നാല്‍ കർഷകർക്കെതിരായ നിയമങ്ങൾ നടപ്പാക്കാന്‍ ബിജെപിയോട് കൂട്ടുകൂടിയെന്ന ആരോപണം മറ്റ് പാർട്ടികൾ ശക്തമാക്കവേ ബില്ലിനെ പിന്തുണയ്ക്കില്ലെന്ന് ജെഡിഎസ് വ്യക്തമാക്കി. 

ബിജെപിയോട് മൃദുസമീപനം ആവർത്തിക്കുന്നുവെന്ന പരാതി പാർട്ടിക്കകത്തുനിന്നുപോലും കുമാരസ്വാമിക്കെതിരെ ഉയരുന്നുണ്ട്. ബില്ലിലെ വ്യവസ്ഥകൾ കർഷകരെ കൂടുതല്‍ ദുരിതത്തിലാക്കുമെന്നും ബില്ലിനെ പിന്തുണയ്ക്കില്ലെന്നും കുമാരസ്വാമി മാധ്യമങ്ങളോട് പറഞ്ഞു. ബില്‍ ഉപരിസഭയില്‍ പാസായിട്ടില്ലെങ്കില്‍ ഓർഡിനനന്‍സിറക്കി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.