ക്ഷേമ പദ്ധതികൾക്ക് കൂടുതൽ പണം കണ്ടെത്തുന്നതിന്റെ ഭാ​ഗമായാണ് മദ്യത്തിന് നികുതി വർധിപ്പിക്കാൻ കർണാടക സർക്കാർ തീരുമാനിച്ചിട്ടുള്ളത്.

ബെംഗളുരു: കർണാടകയിൽ വിദേശ മദ്യത്തിന് ഇരുപത് ശതമാനം അധിക എക്സൈസ് നികുതി ചുമത്തി സർക്കാർ. ക്ഷേമ പദ്ധതികൾക്ക് കൂടുതൽ പണം കണ്ടെത്തുന്നതിന്റെ ഭാ​ഗമായാണ് മദ്യത്തിന് നികുതി വർധിപ്പിക്കാൻ കർണാടക സർക്കാർ തീരുമാനിച്ചിട്ടുള്ളത്. മദ്യവിൽപനയിൽ നിന്നുള്ള വരുമാനം 10 ശതമാനം വർധിപ്പിക്കാനാണ് തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്. ഈ സാമ്പത്തിക വർഷത്തിൽ സർക്കാർ പ്രഖ്യാപിച്ച ക്ഷേമ പദ്ധതികൾക്കായി 45000 കോടി രൂപ വേണ്ടിവരുമെന്ന് കഴിഞ്ഞ ദിവസം സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ ചേർന്ന യോ​ഗം വിലയിരുത്തിയിരുന്നു. 

ക്ഷേമപ​ദ്ധതികൾക്കായി പ്രതിവർഷം 60000 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ബിയറിന് 10 ശതമാനം അധിക എക്സൈസ് നികുതിയും ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന് 20 ശതമാനം അധിക നികുതിയുമാണ് ചുമത്തിയിരിക്കുന്നത്. ബിയര്‍ പ്രേമികളുടെ ഹബ്ബായ ബെംഗളുരുവില്‍ ബിയര്‍ വര്‍ധന സാരമായി വില്‍പനയെ ബാധിക്കുമെന്ന ആശങ്കയിലാണ് മദ്യ ഉല്‍പാദന കമ്പനികളുള്ളത്. എന്നാല്‍ അധിക നികുതി വന്നാല്‍പ്പോലും അയല്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കര്‍ണാടക മദ്യവില കുറവായിരിക്കുമെന്നാണ് വില വര്‍ധനവിനേക്കുറിച്ച് സിദ്ധരാമയ്യ പ്രതികരിച്ചത്. അതേസമയത്തില്‍ തീരുമാനത്തിൽ ആശങ്ക രേഖപ്പെടുത്തി മദ്യ ഉൽപാദന കമ്പനികൾ രംഗത്തെത്തിയിട്ടുണ്ട്. നികുതി വ‍ർദ്ധന മദ്യ ഉപഭോഗത്തെ ബാധിക്കുമെന്നാണ് കമ്പനികൾ കണക്ക് കൂട്ടുന്നത്. 

യെദിയൂരപ്പയുടെ കാലത്ത് മദ്യത്തിന് രണ്ട് തവണ അഡീഷണൽ എക്സൈസ് ഡ്യൂട്ടി വർധിപ്പിച്ചിരുന്നു. ബസവരാജ് ബൊമ്മൈയും മദ്യ വരുമാനം വർധിപ്പിക്കാൻ തീരുമാനിച്ചിരുന്നു. അതേ പാതയിലാണ് സിദ്ധരാമയ്യ സർക്കാറും നീങ്ങുന്നത്. 2023-24 സാമ്പത്തിക വർഷത്തിൽ 35000 കോടിയായിരുന്നു ബൊമ്മൈ സർക്കാർ ലക്ഷ്യം വെച്ചതെങ്കിൽ 5000 കോടി അധികമാണ് സിദ്ധരാമയ്യ സർക്കാർ ലക്ഷ്യമിടുന്നത്. 47 ലക്ഷം കെയ്സാണ് കർണാടകയിലെ ഒരുമാസത്തെ ശരാശരി ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന്റെ ഉപഭോ​ഗം. 37 ലക്ഷം കെയ്സ് ബിയറും സംസ്ഥാനത്ത് ഒരുമാസം ഉപയോ​ഗിക്കുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

YouTube video player