ചടങ്ങ് തുടങ്ങേണ്ട സമയം കഴിഞ്ഞ് ഒന്നരമണിക്കൂർ പിന്നിട്ടിട്ടും മുഖ്യമന്ത്രി എത്തിയില്ല. രാവിലെ 9.30ന് ആദ്യം പരിപാടി ആരംഭിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും മുഖ്യമന്ത്രി വൈകുന്നതോടെ 10.15ലേക്ക് സമയം മാറ്റി നിശ്ചയിച്ചു. 

ബെം​ഗളൂരു: കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പരിപാടിക്ക് കൃത്യസമയത്തിനെത്താത്തതിനാൽ വേദി വിട്ട് സ്വീഡിഷ് ടെന്നീസ് ഇതിഹാസം ബ്യോൺ ബോർ​ഗ്. മുഖ്യമന്ത്രിക്ക് വേണ്ടി രണ്ടു തവണ സമയം മാറ്റി നിശ്ചയിച്ചെങ്കിലും തുടർന്നും മുഖ്യമന്ത്രി കൃത്യസമയത്ത് എത്താത്തതിനാലാണ് ബ്യോൺ ബോർ​ഗ് വേദി വിട്ടത്. 

കർണാടക ടെന്നീസ് അസോസിയേഷനാണ് ഇന്ത്യൻ സ്പോർട്സ് താരമായ വിജയ് അമൃത് രാജും ബ്യോണ്‍ ബോര്‍ഗും പങ്കെടുക്കുന്ന ചടങ്ങ് സംഘടിപ്പിച്ചത്. ചൊവ്വാഴ്ച രാവിലെയായിരുന്നു പരിപാടി നിശ്ചയിച്ചിരുന്നത്. എന്നാൽ ചടങ്ങ് തുടങ്ങേണ്ട സമയം കഴിഞ്ഞ് ഒന്നരമണിക്കൂർ പിന്നിട്ടിട്ടും മുഖ്യമന്ത്രി എത്തിയില്ല. രാവിലെ 9.30ന് ആദ്യം പരിപാടി ആരംഭിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും മുഖ്യമന്ത്രി വൈകുന്നതോടെ 10.15ലേക്ക് സമയം മാറ്റി നിശ്ചയിച്ചു. എന്നാൽ 11 മണിയോടെ തന്റെ മകനും താരവുമായ ലിയോയുടെ മത്സരം ഉള്ളതിനാൽ ബ്യോൺ ബോർ​ഗ് അങ്ങോട്ടേക്ക് തിരിക്കുകയായിരുന്നു. പിന്നീട് പതിനൊന്നേകാലോടുകൂടിയാണ് മുഖ്യമന്ത്രി വേദിയിലെത്തിയത്.

വിരാട് കോലിയുടെ പ്രതിമയുടെ ചുണ്ടില്‍ ചുംബിച്ച് യുവതി; അനുഷ്ക ഇതൊന്നും കാണുന്നില്ലേ എന്ന് ആരാധകര്‍-വീഡിയോ

മറ്റു ഔദ്യോ​ഗിക തിരക്കുകൾ കാരണമാണ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വൈകിയതെന്ന് സംഘാടകർ പറഞ്ഞു. പതിനൊന്ന് മണിക്ക് ബ്യോൺ ബോർ​ഗ് മടങ്ങുമെന്ന് മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. ഇത് വലിയ പ്രശ്നമായൊന്നും അദ്ദേഹം കണ്ടില്ലെന്നും സംഘാടകർ വ്യക്തമാക്കി. ചടങ്ങുകൾ നിശ്ചയിച്ച സമയത്ത് തുടങ്ങാത്തതും കൃത്യസമയത്ത് രാഷ്ട്രീയ പ്രവർത്തകർ ഉൾപ്പെടെയുള്ള സെലിബ്രിറ്റികൾ പങ്കെടുക്കാത്തതും ഇന്ത്യയിൽ സ്വാഭാവികമാണ്. എന്നാൽ കൃത്യസമയം പാലിക്കുന്നതാണ് വിദേശികളുടെ രീതി. ഈ രീതിയിൽ നിന്ന് വ്യത്യസ്തമായത് കൊണ്ടാണ് ബ്യോൺ ബോർ​ഗിന് വേദിയിൽ നിന്ന് മടങ്ങേണ്ടി വന്നത്.