ഇന്ത്യ സഖ്യ മാർച്ചിനിടെ രാഹുൽ ഗാന്ധി ഡി കെ ശിവകുമാറിനെ തള്ളിമാറ്റുന്ന ദൃശ്യങ്ങൾ ബിജെപി ആയുധമാക്കുന്നതിനിടെ വിശദീകരണവുമായി ഡി കെ ശിവകുമാർ തന്നെ രംഗത്ത്. ബിജെപി തന്നെ തള്ളിമാറ്റിയിട്ടില്ലെന്നും ബിജെപി വ്യാജപ്രചാരണം നടത്തുകയാണെന്നും ഡി കെ ശിവകുമാർ വ്യക്തമാക്കി.
ബെംഗളൂരു: ഇന്ത്യ സഖ്യ മാർച്ചിനിടെ രാഹുൽ ഗാന്ധി തന്നെ തള്ളിമാറ്റിയിട്ടില്ലെന്ന് കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ. തൊട്ടുപിന്നാലെ വന്ന വാഹനത്തിൽ കയറാൻ രാഹുൽ തന്നോട് നിർദേശിക്കുകയായിരുന്നുവെന്നും തിരക്ക് കാരണം തന്നോട് കരുതൽ കാണിക്കുകയാണ് ചെയ്തതെന്നും ഡി കെ ശിവകുമാർ വ്യക്തമാക്കി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ ഇന്ത്യ സഖ്യത്തിൻ്റെ സുപ്രീം കോടതി മാർച്ചിനിടെ ഉണ്ടായ സംഭവത്തിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ബിജെപി ആയുധമാക്കുന്നതിനിടെയാണ് ഡി കെ ശിവകുമാറിൻ്റെ പ്രതികരണം. ബിജെപി വ്യാജ പ്രചാരണം നടത്തുകയാണെന്ന് ഡി കെ ശിവകുമാർ പറഞ്ഞു.
"ദില്ലിയിൽ നടന്ന പ്രതിഷേധത്തിനിടയിൽ രാഹുൽ ഗാന്ധി എന്നെ തള്ളിമാറ്റിയിട്ടില്ല. വലിയ ജനക്കൂട്ടം ആയിരുന്നതുകൊണ്ട്, തൊട്ടുപിന്നാലെ വരുന്ന വാഹനത്തിൽ കയറാൻ നിർദേശിച്ചുകൊണ്ട് അദ്ദേഹം എന്നോട് കരുതൽ കാണിക്കുകയാണ് ചെയ്തത്"- ഡി കെ ശിവകുമാറിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. പ്രതിഷേധത്തിനിടയിൽ ആരും എന്നെ തള്ളിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ ഡി കെ ശിവകുമാർ, ബിജെപിക്ക് തന്നോട് അളവറ്റ സ്നേഹം ഉണ്ടെന്നും അതുകൊണ്ടാണ് വ്യാജപ്രചാരണം നടത്തുന്നതെന്നും പരിഹസിച്ചു.
അതേസമയം രാഹുൽ ഗാന്ധി ഡി കെ ശിവകുമാറിനെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് കർണാടകത്തിലെ ബിജെപി നേതാക്കൾ സംഭവം രാഹുൽ ഗാന്ധിക്കും കോൺഗ്രസിനുമെതിരെ ആയുധമാക്കുകയാണ്. രാഹുൽ ഗാന്ധിയോടും കോൺഗ്രസിനോടും കന്നഡികർ പൊറുക്കില്ലെന്ന് ബിജെപി നേതൃത്വം പറഞ്ഞു. ബിജെപി കർണാടക ഘടകം എക്സിൽ കുറിച്ചതിങ്ങനെ: "ശിവകുമാറിനെ രാഹുൽ ഗാന്ധിയുടെ അടുത്തേക്ക് പോകുന്നതിൽ നിന്ന് തടയുകയും ഇത്രയും ക്രൂരമായ രീതിയിൽ അദ്ദേഹത്തെ തള്ളിമാറ്റുകയും ചെയ്തത് കോൺഗ്രസ് പാർട്ടി കർണാടക സംസ്ഥാനത്തെയാകെ കടുത്ത രീതിയിൽ അപമാനിച്ചതിന് തുല്യമാണ്. കന്നഡികർ ഒരിക്കലും രാഹുൽ ഗാന്ധിയോടും കോൺഗ്രസ് പാർട്ടിയോടും ക്ഷമിക്കില്ല".
രാഹുൽ ഗാന്ധി ഡി കെ ശിവകുമാറിന്റെ വസ്ത്രത്തിൽ പിടിച്ചുവലിച്ചുവെന്നും കോൺഗ്രസ് രാജവംശത്തിന്റെ അധികാരഗർവ്വ് അവസാനിച്ചിട്ടില്ലെന്നും ബിജെപി നേതാവും ബെംഗളൂരു സൗത്ത് എംപിയുമായ തേജസ്വി സൂര്യ ആരോപിച്ചു. ഒരു വിമാനത്താവളത്തിൽ വെച്ച് വീരേന്ദ്ര പാട്ടീലിനെ കർണാടക മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കുന്നതായി രാജീവ് ഗാന്ധി പെട്ടെന്ന് പ്രഖ്യാപിച്ചതു മുതൽ നടുറോഡിൽ വെച്ച് ഡി കെ ശിവകുമാറിൻ്റെ കുർത്തയിൽ പിടിച്ച് രാഹുൽ ഗാന്ധി വലിച്ചതുവരെ, കോൺഗ്രസ് രാജവംശത്തിന്റെ അധികാരഗർവ്വ് ഒട്ടും മാറാതെ തുടരുകയാണെന്ന് തേജസ്വി സൂര്യ എക്സിൽ പോസ്റ്റ് ചെയ്തു.


