കേസിൽ ഡി കെ ശിവകുമാറിനെതിരായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചിരുന്നു
ദില്ലി: കള്ളപ്പണ വെളുപ്പിക്കൽ കേസിൽ കര്‍ണാടക കോൺഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാറിന് സമൻസ്. ജൂലൈ ഒന്നിന് ഹാജരാകണമെന്ന് കാണിച്ചാണ് ദില്ലി റോസ് അവന്യൂ കോടതി സമൻസ് അയച്ചിരിക്കുന്നത്. കേസിൽ ഡി കെ ശിവകുമാറിനെതിരായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചിരുന്നു. കർണാടകയിലും ദില്ലിയിലുമായുള്ള അനധികൃത സ്വത്ത് കേസിലാണ് ഇഡിയുടെ കുറ്റപത്രം. 2018ൽ ആദായ നികുതി വകുപ്പ് തുടങ്ങിയ അന്വേഷണത്തിന്റെ തുടർച്ചയായാണ് ഇഡി കേസ് രജിസ്റ്റർ ചെയ്തതും കുറ്റപത്രം സമര്‍പ്പിച്ചതും.
കള്ളപ്പണം വെളുപ്പിക്കൽ കേസ്; കോൺഗ്രസ് നേതാവ് ഡി.കെ.ശിവകുമാറിനെതിരെ കുറ്റപത്രം സമർപ്പിച്ച് ഇഡി
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ (money laundering case)കോൺഗ്രസ് കർണാടക അധ്യക്ഷൻ ഡി.കെ.ശിവകുമാറിനെതിരെ(dk sivakumar) എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (enforcement directorate)കുറ്റപത്രം (charge sheet)സമർപ്പിച്ചു. കേസിൽ നിലവിൽ ജാമ്യത്തിൽ ആണ് ഡി.കെ.ശിവകുമാർ
'തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അവരെന്നെ തൂക്കിലേറ്റട്ടെ', നിശബ്ദനായിരിക്കാൻ തയ്യാറല്ലെന്ന് വ്യക്തമാക്കി നേരത്തെ ഡി കെ ശിവകുമാർ രംഗത്തെത്തിയിരുന്നു. താൻ ഒരു ഘട്ടത്തിലും ആരേയും വഞ്ചിച്ചിട്ടില്ലെന്നും ശിവകുമാർ പറഞ്ഞു. 'എന്റെ സഹോദരനോ ഞാനോ എന്റെ കുടുംബാംഗങ്ങളോ നിയമത്തിന് വിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ സ്വീകരിക്കാൻ ഞാൻ തയ്യാറാണ്. ഞാൻ തെറ്റുകാരനാണെങ്കിൽ അവരെന്നെ തൂക്കിലേറ്റട്ടെ. പക്ഷേ, നിശബ്ദനായിരിക്കാൻ ഞാൻ തയ്യാറല്ല'- ബെംഗളൂരുവിൽ തിരിച്ചെത്തിയതിന് ശേഷം ശിവകുമാർ പറഞ്ഞു.
'മനസാക്ഷിക്ക് നിരക്കാത്തതൊന്നും ഞാൻ ചെയ്തിട്ടില്ല. ആരെയും ബുദ്ധിമുട്ടിക്കാനോ വഞ്ചിക്കാനോ ഞാൻ ആഗ്രഹിക്കുന്നില്ല. അങ്ങനെയൊരു ജീവിതവും എനിക്ക് ആവശ്യമില്ല'- ശിവകുമാർ മാധ്യമങ്ങളോട് പറഞ്ഞു. നീതിക്കുവേണ്ടി പോരാടുമെന്നും താനും തന്റെ ഇച്ഛാശക്തിയും കൂടുതല്‍ ശക്തിപ്രാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ദില്ലി ഹൈക്കോടതിയാണ് ഡികെ ശിവകുമാറിന് ജാമ്യം അനുവദിച്ചത്. 25000 രൂപ കോടതിയില്‍ കെട്ടിവെക്കണം, രാജ്യം വിട്ടുപോകരുത് എന്നീ നിബന്ധനകളോടെയായിരുന്നു ജാമ്യം. ജയില്‍ മോചിതനായി ബെംഗളൂരുവിലെത്തിയ ഡി കെ ശിവകുമാറിന് വന്‍ സ്വീകരണമായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയത്. ബെംഗളൂരു വിമാനത്താവളം മുതല്‍ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ പൂക്കള്‍ വാരിവിതറിയും ആപ്പിള്‍ മാലയൊരുക്കിയുമാണ് സ്വീകരിച്ചത്.
