ബംഗളൂരു: രാജി പിന്‍വലിക്കാന്‍ തയ്യാറാണെന്ന് വിമത കോണ്‍ഗ്രസ് എംഎല്‍എ ടി ബി നാഗരാജ് അറിയിച്ചു. കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറും ഉപമുഖ്യമന്ത്രി ജി പരമേശ്വരയും നാഗരാജുമായി  നടത്തിയ ചർച്ചയിലാണ് രാജി പിന്‍വലിക്കാന്‍ ധാരണയായത്. അതേസമയം, വിമത എംഎല്‍എമാരെ ഭീഷണിപ്പെടുത്തി തിരികെക്കൊണ്ടുവരാനാണ് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ ശ്രമമെന്ന് ബിജെപി നേതാവ് ബി എസ് യെദ്യൂരപ്പ ആരോപിച്ചു. 

അന്തിമതീരുമാനം അറിയിക്കാന്‍ സമയം വേണമെന്നും സിദ്ധരാമയ്യയെ കണ്ടതിനു ശേഷം രാജിതീരുമാനം അറിയിക്കാമെന്നുമാണ് നാഗരാജ് പറഞ്ഞത്. മറ്റ് വിമത എംഎല്‍എമാരെ അനുനയിപ്പിക്കാം എന്ന് നാഗരാജ് ഉറപ്പ് നല്‍കിയതായും ഡി കെ ശിവകുമാര്‍ അറിയിച്ചു. 

വിശ്വാസവോട്ടെടുപ്പിന് അനുമതി തേടിയതോടെ വിമതരെ എങ്ങനെയും അനുനയിപ്പിച്ച് തിരികെക്കൊണ്ടുവരാനാണ് കോണ്‍ഗ്രസിന്‍റെയും ജെഡിഎസിന്‍റെയും ശ്രമം. മുംബൈയിലുള്ള പത്ത് വിമതരെ ഒപ്പം കൂട്ടാമെന്ന പ്രതീക്ഷ കോണ്‍ഗ്രസിനില്ല. ബംഗളൂരുവിലുള്ള വിമത എംഎല്‍എമാരെ തിരികെക്കൊണ്ടുവരാനാണ് ഇരുപാര്‍ട്ടികളും ലക്ഷ്യമിടുന്നത്. ഈ എംഎല്‍എമാരെ മുഖ്യമന്ത്രി കുമാരസ്വാമി, ഉപമുഖ്യമന്ത്രി ജി പരമേശ്വര, ഡി കെ ശിവകുമാര്‍ തുടങ്ങിയവര്‍ നേരില്‍ക്കണ്ട് സംസാരിച്ചെന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം, ഭൂരിപക്ഷമില്ലാത്ത സര്‍ക്കാര്‍ വിശ്വാസവോട്ട് തേടുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് ബിജെപി ആരോപിക്കുന്നത്. അനുനയശ്രമങ്ങളെന്ന പേരില്‍ കുമാരസ്വാമി വിമതരെ ഭീഷണിപ്പെടുത്തുകയാണെന്നും യെദ്യൂരപ്പ ആരോപിച്ചു.