കര്‍ണാടക: കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയിൽ കളത്തിൽ നേരിട്ടിറങ്ങി ബിജെപി. കുമാരസ്വാമി സര്‍ക്കാരിനെ പിരിച്ച് വിടണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കൾ ഗവര്‍ണറെ കണ്ടു. 14 എംഎൽഎമാരുടെ രാജിയോടെ സര്‍ക്കാര്‍ ന്യൂനപക്ഷമായി എന്നാണ് ബിജെപി നേതാക്കൾ ഗവര്‍ണര്‍ വാജുഭായി വാലക്ക് നൽകിയ നിവേദനത്തിൽ പറയുന്നത്. അതുകൊണ്ട് തന്നെ സര്‍ക്കാരിനെ പുറത്താക്കാൻ തയ്യാറാകണമെന്ന് ബിഎസ് യദ്യൂരപ്പ ആവശ്യപ്പെട്ടു. 

വിശ്വാസ വോട്ടെടുപ്പിന്‍റെ പ്രശ്നം പോലും ഉദിക്കുന്നില്ലെന്ന് ബിഎസ് യദ്യൂരപ്പ പറഞ്ഞു. കുമാര സ്വാമി സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് പോലും ബിജെപി ഇപ്പോൾ ആവശ്യപ്പെടുന്നില്ലെന്നതും ശ്രദ്ധേയമാണ്. വിമതരുടെ രാജിയിൽ ഉടൻ തീരുമാനമെടുക്കാൻ സ്പീക്കറോട് ആവശ്യപ്പെടണം എന്ന് ആവശ്യപ്പെട്ട് കൂടിയാണ് ബിജെപി നേതാക്കൾ ഗവര്‍ണറെ കണ്ടത്. രാജിക്കത്തിൽ തീരുമാനം എടുക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കറെയും ബിജെപി നേതാക്കൾ സമീപിക്കുന്നുണ്ട്. "

Read also: മടങ്ങാന്‍ തയ്യാറാകാതെ ശിവകുമാര്‍; ഹോട്ടലിന്‍റെ 500 മീറ്റര്‍ പരിധിയില്‍ നിരോധനാജ്ഞ

കാര്യങ്ങളെല്ലാം കൈവിട്ട് പോയെന്ന വികാരമാണ് നിലവിൽ കര്‍ണാടകയിലെ കോൺഗ്രസ് ക്യാമ്പിലുള്ളത്. വിമത എംഎൽഎമാര്‍ പാര്‍ട്ടിക്ക് വഴങ്ങാൻ തയ്യാറാകാതെ രാജി തീരുമാനത്തിൽ ഉറച്ച് നിൽക്കുകയാണ്. അനുനയ ശ്രമങ്ങൾക്കായി മുംബൈയിലെ ഹോട്ടലിൽ എത്തിയെങ്കിലും ഡികെ ശിവകുമാറിന് ഹോട്ടലിനകത്തേക്ക് കയാറാൻ പോലും കഴിയാത്ത സാഹചര്യമാണ് നിലവിൽ ഉള്ളത്. 

Read also:കര്‍ണാടകയിൽ വിമത എംഎൽഎമാര്‍ സുപ്രീം കോടതിയിലേക്ക്; കാര്യങ്ങൾ കൈവിട്ട് പോകുമെന്ന ഭീതിയിൽ കോൺഗ്രസ്