ദില്ലി/ കര്‍ണാടക/ മുംബൈ: കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി സുപ്രീം കോടതിയിലേക്ക്. സ്പീക്കര്‍ രാജി അംഗീകരിക്കുന്നില്ലെന്ന് പരാതിയുമായി കര്‍ണാടകയിലെ പത്ത് എംഎൽഎമാര്‍ സുപ്രീം കോടതിയെ സമീപിച്ചു. നടപടി ക്രമങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പീക്കര്‍ എംഎൽഎമാരുടെ രാജി അംഗീകരിക്കാതിരുന്നത്. എന്നാൽ സ്പീക്കറുടെ ഈ നടപടി ശരിയല്ലെന്നാണ് എംഎൽഎമാരുടെ വാദം. 

കര്‍ണാടകയിൽ ജനാധിപത്യ സംവിധാനങ്ങൾ നല്ല രീതിയിലല്ല മുന്നോട്ട് പോകുന്നതെന്നും അത് കൊണ്ട് രാജി വക്കാൻ എംഎൽഎമാരെ അനുവദിക്കണമെന്നും മുതിര്‍ന്ന അഭിഭാഷകൻ മുകുൾ റോത്തഗി ആവശ്യപ്പെട്ടു. രാഷ്ട്രീയ പ്രതിസന്ധി കണക്കിലെടുത്ത് കേസ് അടിയന്തരമായി പരിഗണിക്കണമെന്നും അഭാഷകൻ കോടതിയെ അറിയിച്ചു. കേസ് നാളെ പരിഗണിക്കാമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അറിയിച്ചതോടെ കര്‍ണാടക പ്രതിസന്ധിയിൽ കോടതി നിലപാട് എന്താകുമെന്ന ആകാംക്ഷയും ശക്തമായി. 

അതിനിടെ വിമത എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്താൻ മുബൈയിലെത്തിയ ഡികെ ശിവകുമാറിനെ ഹോട്ടലിന് മുന്നിൽ തടഞ്ഞു. ബിജെപി പ്രവര്‍ത്തകരാണ് ഡികെ ശിവകുമാറിനെ തടഞ്ഞത്. സുഹൃത്തുക്കളായ എംഎൽഎമാരെ കാണാനാണ് എത്തിയതെന്നും അവരെ കണ്ടേ മടങ്ങു എന്ന നിലപാടിലാണ് ഡി കെ ശിവകുമാര്‍. രാജ്യത്തെവിടെയും സഞ്ചരിക്കാനുള്ള അവകാശം ഉണ്ട്. ജനാധിപത്യ അവകാശം ലംഘിക്കപ്പെടുകയാണെന്ന് ആരോപിച്ച ഡി കെ ശിവകുമാര്‍ ഹോട്ടലിന് മുന്നിൽ തുടരുകയാണ്. "

എംഎൽഎമാരെ മടക്കിക്കൊണ്ട് വരാൻ എല്ലാ ശ്രമവും നടത്തുമെന്നും ഡികെ ശിവകുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കേന്ദ്രവും മഹാരാഷ്ടട്ര സര്‍ക്കാരും ചേര്‍ന്നാണ് കര്‍ണാടക സര്‍ക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു.

 "

ഒമ്പത് എംഎൽഎമാരെ അയോഗ്യരാക്കുമെന്ന് അറിയിച്ചിട്ട് പോലും എംഎൽഎമാര്‍ മടങ്ങി വരാത്ത സാഹചര്യത്തിൽ കര്‍ണാടകയിൽ കാര്യങ്ങൾ കൈവിട്ട് പോകുമെന്ന ആശങ്ക കോൺഗ്രസിന് നിലവിലുണ്ട്. പത്ത് വിമത എംഎൽഎമാര്‍ രാജി തീരുമാനം അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ച് സുപ്രീം കോടതിയിൽ എത്തുക കൂടി ചെയ്തതോടെ കോൺഗ്രസ് പ്രതീക്ഷകൾ മങ്ങുകയാണ്.

അതേ സമയം കര്‍ണാടകയിൽ ഇനി കാര്യങ്ങൾ ഗവര്‍ണറുടെ കോര്‍ട്ടിലാണെന്ന നിലപാടിലാണ് ബിജെപി .യദ്യൂരപ്പയുടെ നേതൃത്വത്തിൽ ബിജെപി ഗവര്‍ണറെ കാണുന്നുണ്ട്. അനുനയ നീക്കങ്ങൾക്ക് കൂടുതൽ സമയം നൽകാതെ കാര്യങ്ങൾ പരിഗണിക്കണമെന്ന ആവശ്യമാണ് ഗവര്‍ണര്‍ക്ക് മുന്നിൽ ബിജെപി നിരത്തുന്നത്. 13 എംഎൽഎമാര്‍ നൽകിയ രാജിയുടെ പകര്‍പ്പും ഗവര്‍ണറുടെ കയ്യിലുണ്ട്. ഇതിനൊപ്പം  കോൺഗ്രസ് നേതാക്കളിൽ നിന്ന് ഭീഷണി ഉണ്ടെന്ന് കാണിച്ച് എംഎൽഎമാരുടെ കത്തും ബിജെപി ഗവര്‍ണര്‍ക്ക് നൽകുമെന്നാണ് വിവരം.  കുമാരസ്വാമി സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന തീരുമാനം അധികം വൈകാതെ ഗവര്‍ണര്‍ എടുത്തേക്കുമെന്നും സൂചനയുണ്ട്. 

നിയമപോരാട്ടങ്ങളിലേക്ക് കൂടി പ്രതിസന്ധി കടന്നതോടെ ഗവര്‍ണറുടെ തീരുമാനം നിര്‍ണായകമാണ്.  അതിനിടെ നിയമ വഴി കടന്ന് പ്രതിഷേധം തെരുവിലേക്കും ഇറങ്ങുകയാണ്. പ്രതിസന്ധിയിൽ പ്രതിഷേധിച്ച് പന്ത്രണ്ടരയ്കക്ക് ബിജെപി എംഎൽഎമാര്‍ വിധാൻ സൗധക്ക് മുന്നിൽ ധര്‍ണ നടത്തും. കെസി വേണുഗോപാലിന്‍റെ നേതൃത്വത്തിൽ രാജ്ഭവനിലേക്കും പ്രതിഷേധ മാര്‍ച്ച് നടത്തുന്നുണ്ട്.