ബംഗളൂരു: രാഷ്ട്രീയനാടകങ്ങള്‍ അരങ്ങുതകര്‍ക്കുന്ന കര്‍ണാടകയില്‍ വിശ്വാസവോട്ടെടുപ്പ് ഇന്നും നടക്കില്ല. വോട്ടെടുപ്പ് നടപടിക്രമങ്ങള്‍ ഇന്നുതന്നെ പൂര്‍ത്തിയാക്കണമെന്ന് ഗവര്‍ണര്‍ രണ്ടുതവണ നിര്‍ദ്ദേശിച്ചെങ്കിലും സ്പീക്കര്‍ വഴങ്ങിയില്ല. ചൊവ്വാഴ്ച വോട്ടെടുപ്പ് നടത്താമെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. അതുവരെ നീട്ടാനാകില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ മുഖ്യമന്ത്രി കുമാരസ്വാമിയും കോണ്‍ഗ്രസും വിഷയത്തില്‍ സുപ്രീംകോടതിയെ സമീപിച്ചു. 

Read Also:വിശ്വാസവോട്ടെടുപ്പ്; കര്‍ണാടക ഗവര്‍ണറെ തള്ളി സ്പീക്കര്‍

വിശ്വാസപ്രമേയത്തിന്മേലുള്ള ചര്‍ച്ച തിങ്കളാഴ്ചയേ അവസാനിക്കൂ എന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ അംഗങ്ങള്‍ക്ക് അവസരം നല്‍കാതിരിക്കുന്നത് ശരിയല്ലെന്നാണ് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ അഭിപ്രായപ്പെട്ടത്. വോട്ടെടുപ്പ് എപ്പോള്‍ നടത്താമെന്ന സ്പീക്കറുടെ ചോദ്യത്തിനാണ് ചൊവ്വാഴ്ച എന്ന് മുഖ്യമന്ത്രി മറുപടി നല്‍കിയത്. ചര്‍ച്ച ഇന്ന് തന്നെ തീര്‍ക്കുന്നതാണ് നല്ലതെന്നും വോട്ടെടുപ്പ് ചൊവ്വാഴ്ച വരെ നീട്ടാനാവില്ലെന്നും സ്പീക്കര്‍ പ്രതികരിക്കുകയും ചെയ്തു.

Read Also: ഈ 'പ്രേമലേഖനം' വേദനിപ്പിക്കുന്നു,എന്നെ രക്ഷിക്കണം; നിയമസഭയില്‍ കുമാരസ്വാമി

തിങ്കളാഴ്ച കൂടി ചര്‍ച്ച തുടരാന്‍ സഹകരിക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ബിജെപിയോട് അഭ്യര്‍ത്ഥിച്ചു. സ്പീക്കര്‍ ഇക്കാര്യത്തില്‍ തീരുമാനം പറയട്ടെ എന്നാണ് ബിജെപിയുടെ നിലപാട്. 

Read Also: 'ഗവര്‍ണര്‍ ബിജെപിയുടെ കളിപ്പാവ'; കര്‍ണാടകയിൽ കോൺഗ്രസ് വിട്ടുവീഴ്ചക്കില്ലെന്ന് കെ സി വേണുഗോപാൽ