Asianet News MalayalamAsianet News Malayalam

കര്‍ണാടക ഗവര്‍ണറെ തള്ളി സ്പീക്കര്‍; ഭൂരിപക്ഷം തെളിയിക്കാൻ ആറ് മണിവരെ സമയം നീട്ടി ഗവര്‍ണര്‍

ഏത് സമയപരിധി ആര് പറഞ്ഞാലും ചട്ടപ്രകാരം മാത്രമെ ഇടപെടാനാകൂ എന്നാണ് കര്‍ണാടക ഗവര്‍ണര്‍ക്ക് സ്പീക്കറുടെ മറുപടി. ഗവര്‍ണര്‍ ബിജെപിയുടെ ഏജന്‍റാണെന്ന് കോൺഗ്രസ് തുറന്നടിച്ചു. 

karnataka political crisis continues speaker against governor
Author
Karnataka, First Published Jul 19, 2019, 2:49 PM IST

കര്‍ണാടക:  ഉച്ചക്ക് ഒന്നരയ്ക്ക് മുൻപ് ഭൂരിപക്ഷം തെളിയിക്കണമെന്ന് കുമാരസ്വാമി സര്‍ക്കാരിന് ഗവര്‍ണര്‍ വാജുഭായ് വാല നൽകിയ നിര്‍ദ്ദേശം നടപ്പായില്ല. സമയപരിധി തീര്‍ന്നിട്ടും ഭൂരിപക്ഷം തെളിയിക്കാനോ വിശ്വാസ വോട്ടെടുപ്പിലേക്ക് കടക്കാനോ കുമാരസ്വാമി തയ്യാറായില്ല. വിശ്വാസ പ്രമേയത്തിൽ ചര്‍ച്ച തീര്‍ന്നുമതി ബാക്കി എല്ലാം എന്ന നിലപാടിൽ സ്പീക്കര്‍ ഉറച്ച് നിന്നതോടെ കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി നാടകം അനന്തമായി നീളുന്ന അവസ്ഥയിലാണ്. 

ഉച്ചക്ക് ഒന്നരയ്കക്ക് മുമ്പ് ഭൂരിപക്ഷം തെളിയിക്കണമെന്ന നിര്‍ദ്ദേശം നടപ്പാകാതിരുന്നതോടെ വിശ്വാസ വോട്ടെടുപ്പിന് സമയം നീട്ടിനൽകുകയാണ് ഗവര്‍ണര്‍ ചെയ്തത്. ആറ് മണിക്കകം ഭൂരിപക്ഷം തെളിയിക്കണമെന്നാണ് മുഖ്യമന്ത്രി കുമാരസ്വാമിയോട് ഗവര്‍ണര്‍ വാജുഭായ് വാല വീണ്ടും ആവശ്യപ്പെട്ടത്.

ഭൂരിപക്ഷം തെളിയിക്കണമെന്ന ഗവര്‍ണറുടെ ആവശ്യം നിയമസഭാ സമ്മേളനത്തിന്‍റെ തുടക്കത്തിൽ തന്നെ തള്ളിയ സ്പീക്കര്‍ വിശ്വാസ പ്രമേയത്തിലുള്ള ചര്‍ച്ചയാണ് ഇന്നത്തെ അജണ്ട എന്ന് നിയമസഭയെ അറിയിച്ചു. പ്രതിപക്ഷം ഇതിനോട് സഹകരിക്കണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു. പക്ഷം പിടിക്കാതെ തീരുമാനം എടുക്കാൻ കരുത്തുണ്ടെന്ന് പറഞ്ഞ സ്പീക്കർ രമേഷ് കുമാർ മറിച്ചുള്ള  ആരോപണങ്ങൾ ഒന്നും കാര്യമാക്കുന്നില്ലെന്നും പ്രതികരിച്ചു. തന്നെ സമ്മര്‍ദ്ദത്തിലാക്കാൻ പോന്ന ഒരാളും ഇതുവരെ ജനിച്ചിട്ടില്ലെന്ന് സ്പീക്കര്‍ നിയമസഭയിൽ തുറന്നടിച്ചു. 

 ഭൂരിപക്ഷം തെളിയിക്കണമെന്ന ഗവര്‍ണറുടെ അന്ത്യശാസനത്തിനിടെയും അതിന് തയ്യാറല്ലെന്ന കോൺഗ്രസ് നിലപാട് വന്നതോടെ കാര്യങ്ങൾ കൂടുതല്‍ സങ്കീര്‍ണ്ണമായി.  "നിങ്ങൾക്ക് ഇന്നോ തിങ്കളാഴ്ചയോ ഒക്കെ സർക്കാരുണ്ടാക്കാം, പക്ഷെ ഈ ചർച്ച കഴിഞ്ഞിട്ട് മാത്രം "- ഇതായിരുന്നു വിശ്വാസ പ്രമേയത്തിൽ നിയമസഭയിൽ സംസാരിച്ച് തുടങ്ങിയ കുമാരസ്വാമിയുടെ പ്രതികരണം, അരുണാചൽ പ്രദേശ് ഗവർണറുടെ നടപടിയിലെ സുപ്രീം കോടതി വിധി കുമാരസ്വാമി നിയമസഭയിൽ വായിച്ചു. ഗവർണർ സഭയുടെ അധികാരത്തിൽ ഇടപെടരുത് എന്ന് വിധിയിൽ വ്യക്തമാമെന്ന് കുമാരസ്വാമി പറഞ്ഞു. ഗവര്‍ണറുടെ കത്തിൽ സ്പീക്കര്‍ ഉചിതമായ തീരുമാനം എടുക്കണമെന്നായിരുന്നു കുമാരസ്വാമിയുടെ ആവശ്യം. 

Read also:ഭരണം നിലനിര്‍ത്താൻ മന്ത്രവാദം ഒന്നുമില്ല; സാഹചര്യങ്ങളാണ് മുഖ്യമന്ത്രിയാക്കിയതെന്ന് കുമാരസ്വാമി

ഒന്നരയായപ്പോൾ ബിജെപി അംഗങ്ങൾ എഴുന്നേറ്റ് ഗവര്‍ണറുടെ തീരുമാനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഏത് സമയപരിധി ആര് പറഞ്ഞാലും ചട്ടപ്രകാരം മാത്രമെ ഇടപെടാനാകൂ എന്നാണായിരുന്നു കര്‍ണാടക ഗവര്‍ണര്‍ക്ക് സ്പീക്കറുടെ മറുപടി. രണ്ട് തവണ തന്‍റെ നിര്‍ദ്ദേശം സ്പീക്കറുടെ നേതൃത്വത്തിൽ ലംഘിക്കപ്പെട്ട സാഹചര്യത്തിൽ ഗവര്‍ണര്‍ കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് നൽകാനും സാധ്യതയുണ്ടെന്നാണ് വിവരം.

അതേസമയം കര്‍ണാടക പ്രതിസന്ധിയിൽ ഇടപെടണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് സുപ്രീംകോടതിയെ സമീപിച്ചു. വിപ്പ് നൽകാനുള്ള അവകാശം വേണമെന്നാവശ്യപ്പെട്ടാണ് കെപിസിസി അധ്യക്ഷൻ ദിനേശ് ഗുണ്ടുറാവു സുപ്രീംകോടതിയെ സമീപിച്ചത്. 

എന്നാൽ ഉച്ചയ്ക്ക് മുൻപ് ഭൂരിപക്ഷം തെളിയിക്കമെന്ന് ആവശ്യപ്പെട്ട ഗവര്‍ണറുടെ നടപടി രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള ഗൂഢ നീക്കമാണ് എന്ന ആരോപണമാണ് കോൺഗ്രസ് ആരോപിച്ചു. ഗവര്‍ണര്‍ ബിജെപിയുടെ കയ്യിലെ കളിപ്പാവയാണെന്ന് കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ ആരോപിച്ചു. 

Read also:'ഗവര്‍ണര്‍ ബിജെപിയുടെ കളിപ്പാവ'; കര്‍ണാടകയിൽ കോൺഗ്രസ് വിട്ടുവീഴ്ചക്കില്ലെന്ന് കെസി വേണുഗോപാൽ

സര്‍ക്കാരിന് സംഖ്യ തികയ്ക്കാൻ കഴിയാത്ത സാഹചര്യത്തിൽ നിയമ നടപടികൾ വഴി കാര്യങ്ങൾ അനുകൂലമാക്കാനും അനുനയത്തിന് കൂടുതൽ സമയം നേടിയെടുക്കാനുമാണ് കുമാരസ്വാമിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നീക്കം നടക്കുന്നത്. എങ്ങനെയെങ്കിലും വിപ്പിലേക്ക് കാര്യങ്ങൾ എത്തിക്കാനാണ് കര്‍ണ്ണാടക കോൺഗ്രസിന്‍റെ ശ്രമം എന്നും വ്യക്തമാണ്. പരമാവധി വോട്ടെടുപ്പ് നീട്ടിക്കൊണ്ട് പോകാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്.

Read Also: സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്ന് ഗവര്‍ണര്‍: വിശ്വാസവോട്ടെടുപ്പ് വേണമെന്ന് ഗവര്‍ണര്‍, വേണ്ടെന്ന് കോണ്‍ഗ്രസ്

വിശ്വാസവോട്ടെടുപ്പ് നടത്താത്തില്‍ പ്രതിഷേധിച്ച് യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി എംഎല്‍എമാര്‍ ഇന്നലെ മുതല്‍ വിധാന്‍ സൗധയില്‍ തുടങ്ങിയ പ്രതിഷേധം തുടരുകയാണ്. ഗവര്‍ണറുടെ നിര്‍ദേശം അംഗീകരിക്കണമെന്നും വോട്ടെടുപ്പ് നടന്നില്ലെങ്കില്‍ ഭരണഘടനാ പ്രതിസന്ധിയുണ്ടാകുമെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ വാദം. 

Read Also: കര്‍ണാടക: വെള്ളിയാഴ്ച വിശ്വാസവോട്ടെടുപ്പ് നടന്നില്ലെങ്കില്‍ ഭരണഘടനാ പ്രതിസന്ധിയെന്ന് കേന്ദ്രം

16 വിമത എംഎൽഎമാർ രാജിവെക്കുകയും രണ്ട് സ്വതന്ത്ര എംഎൽഎമാർ പിന്തുണ പിൻവലിക്കുകയും ചെയ്തതോടെ ഉണ്ടായ പ്രതിസന്ധിയാണ് കര്‍ണാടകയില്‍ വിശ്വാസവോട്ടിലേക്ക് എത്തിയത്. മുഖ്യമന്ത്രി കുമാരസ്വാമി ഇന്നലെ വിശ്വാസപ്രമേയം അവതരിപ്പിച്ചെങ്കിലും ചര്‍ച്ച ബഹളത്തില്‍ കലാശിച്ചിക്കുകയായിരുന്നു. 15 വിമത എംഎല്‍എമാര്‍ ഉള്‍പ്പടെ 20 പേരാണ് ഇന്നലെ സഭയില്‍ നിന്ന് വിട്ടുനിന്നത്. 

Follow Us:
Download App:
  • android
  • ios