ബെം​ഗളൂരു: കർണാടകത്തിൽ വിശ്വാസവോട്ടിന് ഇനി രണ്ട് ദിവസം. വിശ്വാസവോട്ടെടുപ്പിന്‍റെ നടപടിക്രമങ്ങള്‍ തിങ്കളാഴ്ച പൂര്‍ത്തിയായേക്കും. ചൊവ്വാഴ്ച വോട്ടെടുപ്പ് നടത്താമെന്ന കോണ്‍ഗ്രസിന്‍റെ നിലപാട് സ്പീക്കര്‍ അംഗീകരിച്ചില്ല. തുടര്‍ന്ന്, നടപടിക്രമങ്ങള്‍ തിങ്കളാഴ്ച പൂര്‍ത്തിയാക്കാമെന്ന് മുഖ്യമന്ത്രി കുമാരസ്വാമി ഉറപ്പ് നൽകിയതിനെ തുടർന്നാണ് ഇന്നലെ സഭ പിരിഞ്ഞത്. തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പ് പൂർത്തിയാക്കാനുള്ള സ്പീക്കറുടെ തീരുമാനത്തെ ബിജെപി സ്വാഗതം ചെയ്തു. 

തിങ്കളാഴ്ച രാവിലെ 11 മണിയ്ക്ക് സഭ വീണ്ടും ചേരും. എല്ലാം തിങ്കളാഴ്ച അവസാനിക്കുമെന്നും മുഖ്യമന്ത്രി കുമാരസ്വാമി രാജിവയ്ക്കുമെന്നും പ്രതിപക്ഷ നേതാവ് ബിഎസ് യെദിയൂരപ്പ പറഞ്ഞു. അതേസമയം, തുടർച്ചയായി രണ്ട് നിർദ്ദേശങ്ങൾ നൽകിയിട്ടും ഭൂരിപക്ഷം തെളിയിക്കാൻ കുമാരസ്വാമി തയ്യാറാകാതിരുന്ന സാഹചര്യത്തിൽ ഗവർണർ എടുക്കുന്ന തീരുമാനം നിർണായകമാകും. കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് വാജുഭായ് വാല ഇന്നലെ ഇടക്കാല റിപ്പോർട്ട്‌ നൽകിയിരുന്നു. 

തിങ്കളാഴ്ച വോട്ടെടുപ്പ് പൂർത്തിയാക്കുന്നതിനെ സ്വാഗതം ചെയ്ത പശ്ചാത്തലത്തിൽ ബിജെപി ഇനി ഗവർണറുടെ ഇടപെടൽ തേടിയേക്കില്ല. രണ്ട് ദിവസം കൂടി കിട്ടിയതോടെ അനുനയ നീക്കങ്ങൾക്കുള്ള അവസാന സാധ്യത സഖ്യം തേടുകയാണ്. മുഖ്യമന്ത്രിയും രാമലിംഗ റെഡ്ഢിയും വിമതരെ കാണാൻ മുംബൈയിലേക്ക് പോകുമെന്ന് അഭ്യൂഹങ്ങളുണ്ട്. ആനന്ദ് സിംഗ്, ഗോപാലയ്യ, മുനിരത്ന, കെ സുധാകർ എന്നീ വിമതരെ ലക്ഷ്യമിട്ടാണ് കോൺഗ്രസ്‌ ജെഡിഎസ് നീക്കം. ബിഎസ്പി അംഗം മഹേഷിന്റെ സാന്നിധ്യം സഭയിൽ ഉറപ്പാക്കാനും ശ്രമമുണ്ട്.