യെദിയൂരപ്പയുടെ മാര്‍ഗനിര്‍ദേശമുള്ളതിനാല്‍ പാര്‍ട്ടി ശരിയായ ദിശയിലാണെന്നും മികച്ച പ്രഖ്യാപനം ഉടനുണ്ടാകുമെന്നും വിജയേന്ദ്ര വ്യക്തമാക്കി. അപ്രതീക്ഷിത പ്രഖ്യാപനത്തിനായി കാത്തിരിക്കൂവെന്നും വിജയേന്ദ്ര ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ബം​ഗളൂരു: കര്‍ണാടകയില്‍ യുവനേതൃത്വത്തിന് പ്രാധാന്യം നല്‍കി മന്ത്രിസഭാവികസനം നടത്തണമെന്ന് യെദിയൂരപ്പയുടെ മകന്‍ ബി വി വിജയേന്ദ്ര. യെദിയൂരപ്പയുടെ മാര്‍ഗനിര്‍ദേശമുള്ളതിനാല്‍ പാര്‍ട്ടി ശരിയായ ദിശയിലാണെന്നും മികച്ച പ്രഖ്യാപനം ഉടനുണ്ടാകുമെന്നും വിജയേന്ദ്ര വ്യക്തമാക്കി. അപ്രതീക്ഷിത പ്രഖ്യാപനത്തിനായി കാത്തിരിക്കൂവെന്നും വിജയേന്ദ്ര ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഉപമുഖ്യമന്ത്രിയുടെ കാര്യത്തില്‍ പാര്‍ട്ടി ശരിയായ ദിശയിലാണ്. മികച്ച പ്രഖ്യാപനം ഉടനുണ്ടാകും. യുവനേതൃത്വത്തിന് പ്രാധാന്യം നല്‍കി മന്ത്രിസഭാവികസനം നടത്തണം. യെദിയൂരപ്പയുടെ അഭിപ്രായം അംഗീകരിച്ചേ പാര്‍ട്ടി തീരുമാനമെടുക്കൂ. യെദിയൂരപ്പയുടെ മാര്‍ഗനിര്‍ദേശം അനുസരിച്ചാണ് നേതൃത്വം പ്രവര്‍ത്തിക്കുന്നത് എന്നും വിജയേന്ദ്ര പറഞ്ഞു.

വിജയേന്ദ്ര കർണ്ണാടക ഉപമുഖ്യമന്ത്രിയായേക്കും എന്നാണ് സൂചനകൾ. വിജയേന്ദ്രയുടെ പേര് കേന്ദ്ര നിരീക്ഷക സംഘം നിർദ്ദേശിച്ചുവെന്നാണ് വിവരം. എന്നാൽ ഈ നീക്കത്തിനെതിരെ എതി‍ർപ്പുമായി എംഎൽഎമാർ രംഗത്തെത്തിയിട്ടുണ്ട്. യെദിയൂരപ്പയുടെ രണ്ടാമത്തെ മകനാണ് ബി വൈ വിജയേന്ദ്ര. കർണ്ണാടക ബിജെപി വൈസ് പ്രസിഡൻ്റായ വിജയേന്ദ്ര അഭിഭാഷകനുമാണ്. ശിവമോഗ എംപിയും യെദിയൂരപ്പയുടെ മൂത്ത മകനുമായ ബി വൈ രാഘവേന്ദ്രയേക്കാൾ അച്ഛനിൽ സ്വാധീനമുള്ള മകനാണ് വിജയേന്ദ്ര. യെദിയൂരപ്പ തന്റെ രാഷ്ട്രീയ പിൻഗാമിയായി കാണുന്നത് വിജയേന്ദ്രയെ ആണെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു. 

കർണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും തിങ്കളാഴ്ചയാണ് യെദിയൂരപ്പ രാജിവച്ചത്. സർക്കാരിന്റെ രണ്ടാം വാർഷിക ദിനത്തിലായിരുന്നു രാജി പ്രഖ്യാപനം. യെദിയൂരപ്പയെ നേതൃസ്ഥാനത്ത് നിന്നും മാറ്റാൻ ബി ജെ പി കേന്ദ്ര നേതൃത്വം ആലോചിക്കുന്നുവെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെയായിരുന്നു രാജി. യെദിയൂരപ്പ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയും ബി എസ് യെദയൂരപ്പയുടെ വിശ്വസ്തനും ലിം​ഗായത്ത് സമുദായത്തിലെ പ്രമുഖ നേതാവുമായ ബസവരാജ് ബൊമ്മയ്യ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു.

YouTube video player


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona