. കര്‍ണാടക ബി ജെ പിയില്‍ ഇപ്പോൾ പൊട്ടിത്തെറി സൃഷ്ടിച്ച്, തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പായി പാര്‍ട്ടിയില്‍നിന്നും രാജിവെച്ച മുതിര്‍ന്ന നേതാവ് ലക്ഷ്മണ്‍ സാവഡിയുടെ രാഷ്ട്രീയ ജീവിതം നാടകം പോലെ വിചിത്രമാണ്
മന്ത്രിയായിരിക്കെ നിയമസഭയിലിരുന്ന് മറ്റൊരു മന്ത്രിക്കൊപ്പം മൊബൈല്‍ ഫോണില്‍ പോണ്‍ കണ്ടതിന് നാണംകെട്ട് പുറത്തായി. കഥ കഴിഞ്ഞുവെന്ന് എല്ലാവരും വിധി എഴുതി. എന്നാൽ പിന്നാലെ നടന്ന തെരഞ്ഞെടുപ്പിനു ശേഷം ഉയിർത്തെഴുന്നേറ്റ് ഏവരെയും ഞെട്ടിച്ചത് ഉപമുഖ്യമന്ത്രിയായി. അടുത്ത മുഖ്യമന്ത്രി ആവുമോ എന്ന് ഏവരും ഉറ്റുനോക്കുന്നതിനിടെ നടന്ന തെരഞ്ഞെടുപ്പിലാവട്ടെ സീറ്റും കിട്ടിയില്ല. കര്‍ണാടക ബി ജെ പിയില്‍ ഇപ്പോൾ പൊട്ടിത്തെറി സൃഷ്ടിച്ച്, തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പായി പാര്‍ട്ടിയില്‍നിന്നും രാജിവെച്ച മുതിര്‍ന്ന നേതാവ് ലക്ഷ്മണ്‍ സാവഡിയുടെ രാഷ്ട്രീയ ജീവിതം നാടകം പോലെ വിചിത്രമാണ്.
2012 ൽ കർണാടക മന്ത്രിയായിരിക്കെയാണ് സാവഡി നിയമസഭ സമ്മേളനം നടക്കുന്നതിനിടെ സ്വന്തം മൊബൈല്‍ ഫോണില്‍ അശ്ലീല ചിത്രം കാണുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തു വിട്ടത്. സഭയില്‍ ചര്‍ച്ച കൊടുമ്പിരി കൊള്ളുന്നതിനിടെയാണ്, മന്ത്രി നൈസായി പോണ്‍ നോക്കിയിരുന്നത്. ചുമ്മാ പോണ്‍കാണുകയായിരുന്നില്ല, അടുത്തുള്ള മറ്റൊരു മന്ത്രിയെ സാവഡി പോണ്‍ കാണിക്കുകയും ചെയ്തു. മാധ്യമ ഗാലറിയിലിരുന്ന ക്യാമറകളാണ് ഈ ദൃശ്യങ്ങള്‍ ഒപ്പിയെടുത്ത് പുറത്തുവിട്ടത്. ഒരു നര്‍ത്തകി ഉടുവസ്ത്രങ്ങള്‍ ഉരിഞ്ഞ് നൃത്തം ചെയ്യുന്നതും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതുമായിരുന്നു വീഡിയോയില്‍ എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, താന്‍ പോണ്‍ കണ്ടിട്ടില്ല എന്നായിരുന്നു സാവഡി തീര്‍ത്തു പറഞ്ഞത്. താന്‍ കണ്ടത് അശ്ലീല ചിത്രമല്ലെന്നും മയക്കുമരുന്ന് പാര്‍ട്ടികളുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് നിയമസഭയില്‍ ചര്‍ച്ച നടത്താനുള്ള തയ്യാറെടുപ്പായിരുന്നു അതെന്നും അദ്ദേഹം വാദിച്ചു. എന്നാല്‍, മന്ത്രിമാരായ സാവഡിയും സി സി പാട്ടീലും സഭയില്‍ പോണ്‍ കണ്ട വാര്‍ത്ത ദേശീയ തലത്തില്‍ ചര്‍ച്ചയായി. തുടര്‍ന്ന് സാവഡിക്കും പാട്ടീലിനും മന്ത്രിസ്ഥാനം പോയി. സാവഡിയുടെ രാഷ്ട്രീയ ഭാവി തീര്‍ന്നു എന്നായിരുന്നു അതോടെ ഉയര്‍ന്ന നിഗമനം. ഇനി സഭയിലെത്താനോ മന്ത്രിയാവാനോ സാധ്യതയില്ല എന്നായിരുന്നു രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
എന്നാല്‍, അങ്ങനെ പുറത്തിരിക്കാനായിരുന്നില്ല സാവഡിയുടെ നിയോഗം. 2019-ല്‍ യെദിയൂരപ്പ മുഖ്യമന്ത്രി ആയപ്പോള്‍ സാവഡി മന്ത്രിസഭയിലേക്ക് കയറിവന്നു. വെറും മന്ത്രിയായിട്ടായിരുന്നില്ല ഇത്തവണത്തെ വരവ്. ഉപമുഖ്യമന്ത്രി പദത്തിലേറി, അതിശക്തനായാണ് സാവഡി തിരിച്ചുവന്നത്. യദ്യൂരപ്പയുടെ വിശ്വസ്തനായ ഇദ്ദേഹം ബെലഗാവിയിലെ ലിംഗായത്ത് നേതാക്കളില്‍ ഒരാളാണ്. യദ്യൂരപ്പയുടെ വിശ്വസ്തനായ ഇദ്ദേഹം കര്‍ണാടക രാഷ്ട്രീയത്തിലെ ഏറ്റവും ശക്തമായ സമുദായമായ ലിംഗായത്ത് വിഭാഗത്തിലെ നേതാക്കളില്‍ ഒരാളാണ്. ഇതു തന്നെയായിരുന്നു പോണ്‍ സിനിമ കണ്ട നാറ്റക്കേസില്‍നിന്നും ഉപമുഖ്യമന്ത്രി പദത്തിലേക്കുള്ള തിരിച്ചുവരവിന്റെ രഹസ്യം. എന്നാല്‍, ഇതൊട്ടും എളുപ്പമായിരുന്നില്ല. ബി ജെ പിയില്‍ തന്നെ ഇതു വലിയ എതിര്‍പ്പിന് കാരണമായി. ആരോപണ വിധേയനായ ഒരാളെ ഉപമുഖ്യമന്ത്രിയാക്കുന്നതിന് എതിരെ എതിര്‍പ്പുകള്‍ ഉയര്‍ന്നു. എന്നാല്‍, അതൊന്നും ഫലിച്ചില്ല. സാവഡി അധികാരക്കസേരയില്‍ അമര്‍ന്നിരിക്കുക തന്നെ ചെയ്തു.
യദ്യൂരപ്പയുടെ വിശ്വസ്തനായ ഇദ്ദേഹം ബെലഗാവിയിലെ ലിംഗായത്ത് നേതാക്കളില്‍ ഒരാളാണ്. ഗനിഗ ലിംഗായത്ത് വിഭാഗത്തിലെ ശക്തനായ നേതാവുമാണ് ഈ 63-കാരന്‍. എം എല്‍ എ, ക്യഷി, സഹകരണ, ഗതാഗത മന്ത്രി പദവികളും വഹിച്ചിട്ടുണ്ട് സാവഡി. 2004 മുതല്‍ 2018 വരെ ബെലഗാവി എം എല്‍ എയായിരുന്നു. 2018 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ബെലഗാവി ജില്ലയിലെ അത്തണിയില്‍ നിന്ന് മത്സരിച്ച സാവഡി അന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന മഹേഷ് കുമ്മത്തള്ളിയോട് തോറ്റു.
ഇത്തവണ സീറ്റ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് കാര്യങ്ങള്‍ തകിടം മറിയുന്നത്. 2018 ല്‍ സാവഡിയെ തോല്‍പ്പിച്ച കോണ്‍ഗ്രസ് നേതാവ് മഹേഷ് കുമ്മത്തള്ളിയാണ് ഇത്തവണ പാരയായത്. കുമ്മത്തള്ളി ഇതിനിടയില്‍ പാര്‍ട്ടി വിട്ട് ബി ജെ പി ആയതാണ് സാവഡിക്ക് പാരയായത്. 2023 ല്‍ തനിക്ക് സീറ്റ് നല്‍കുമെന്ന് ബി ജെ പി നേതൃത്വം ഉറപ്പ് നല്‍കിയതാണെന്ന് സാവഡി പറയുന്നു. എന്നാല്‍ കുമത്തള്ളിക്ക് ഇത്തവണയും സീറ്റ് നല്‍കിയേ തീരു എന്ന് സംസ്ഥാന ബി ജെ പിയിലെ ചില പ്രമുഖര്‍ വാശി പിടിച്ചു. അങ്ങനെയാണ് കലാപമുണ്ടാക്കി സാവഡി ബി ജെ പിയില്‍നിന്നും രാജിവെക്കുന്നത്. രാജിക്ക് ശേഷം സാവഡി കോണ്‍ഗ്രസ്സില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്തായാലും ഇനിയെല്ലാം കണ്ടറിയണം.

