കൃഷിയിടത്തിൽനിന്ന് മൂന്ന് കുഴൽക്കിണറുകളാണുള്ളത്. ഇതിൽ രണ്ടെണ്ണം വിളകൾക്കും മൂന്നാമത്തേത് കന്നുകാലികൾക്കുമായി ഉപയോഗിക്കുന്നു.

ഹാവേരി: വരൾച്ചയിൽ നദി വറ്റിവരണ്ടതോടെ സ്വന്തം കുഴൽക്കിണറിൽ നിന്ന് നദിയിലേക്ക് വെള്ളം പമ്പ് ചെയ്ത് കർഷകൻ. കർണാടകയിലെ ഹാവേരി ജില്ലയിലെ 50 കാരനായ ഭുവനേശ്വർ എന്ന കർഷകനാണ് വരദ നദിയിലേക്ക് വെള്ളം പമ്പ് ചെയ്തത്. കന്നുകാലികളുടെയും പക്ഷികളുടെയും ദാഹമകറ്റാനാണ് സ്വന്തം കുഴൽക്കിണറിൽ നിന്ന് നദിയിലേക്ക് വെള്ളം പമ്പ് ചെയ്തതെന്ന് ഇദ്ദേഹം പറഞ്ഞു. കർഷകന് 30 ഏക്കർ ഭൂമിയുണ്ട്. അവിടെ കരിമ്പ്, ചോളം, അക്ക, പച്ചക്കറികൾ എന്നിവ കൃഷി ചെയ്യുന്നു.

കൃഷിയിടത്തിൽനിന്ന് മൂന്ന് കുഴൽക്കിണറുകളാണുള്ളത്. ഇതിൽ രണ്ടെണ്ണം വിളകൾക്കും മൂന്നാമത്തേത് കന്നുകാലികൾക്കുമായി ഉപയോഗിക്കുന്നു. നൂറ്റാണ്ടുകളായി തുംഗഭദ്രയുടെ കൈവഴിയായ വരദ നദിയാണ് ജില്ലയിലെ പ്രധാന ജലസ്രോതസ്സ്. വരൾച്ച മൂലം നദികളും അരുവികളും തോടുകളും വറ്റിവരണ്ടതോടെയാണ് ഭുവനേശ്വർ വെള്ളം പമ്പ് ചെയ്തത്. കഴിഞ്ഞ 25 വർഷത്തിനിടെ ഹാവേരിയിൽ ഇത്രയും രൂക്ഷമായ വരൾച്ച കണ്ടിട്ടില്ലെന്ന് ഇദ്ദേഹം പറയുന്നു. കന്നുകാലികളും പക്ഷികളും മറ്റ് മൃഗങ്ങളും വെള്ളമില്ലാതെ ബുദ്ധിമുട്ടുന്നത് കണ്ടതിന് ശേഷമാണ് കുഴൽക്കിണറിൽ നിന്ന് വെള്ളം നദിയിലേക്ക് തുറന്നുവിടാൻ തീരുമാനിച്ചത്.

നദിയിലേക്ക് വെള്ളം തുറന്ന് വിടുന്നത് ​ഗ്രാമീണർക്കും ആശ്വാസമാണ്. ഈ വർഷം സംസ്ഥാനത്താകെ മഴക്കമ്മിയാണ് രേഖപ്പെടുത്തിയത്. ജനുവരി മുതൽ തന്നെ ഹാവേരി ജില്ലയിൽ ഭൂരിഭാഗം ജലാശയങ്ങളും വറ്റിപ്പോയി. എന്നാൽ ഭുവനേശ്വറിന്റെ രണ്ട് കുഴൽക്കിണറുകളിൽ കൃഷിക്ക് ആവശ്യമായ വെള്ളമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

Read More... കനത്ത ചൂടിൽ കോഴികൾ ചത്തുവീഴുന്നു, കർഷകർക്ക് പ്രതിസന്ധി; വിപണയിൽ ലഭ്യത കുറയുമ്പോൾ വിലയും മുകളിലേക്ക്

കൃഷിക്കായി ദിവസത്തിൽ ആറ് മണിക്കൂറിൽ നിന്ന് 24 മണിക്കൂറായി വൈദ്യുതി വിതരണം വർദ്ധിപ്പിക്കണമെന്ന് അദ്ദേഹം ഡെപ്യൂട്ടി കമ്മീഷണറോട് അഭ്യർഥിച്ചു. നദിയിലേക്ക് വെള്ളം തുറന്നുവിട്ട് ഭുവനേശ്വര് ജനങ്ങളെ സേവിക്കുകയാണെന്ന് ഗ്രാമവാസികൾ പറഞ്ഞു.