കർണാടകയിലുടനീളം ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ ഹോട്ടലുകൾ, റെസ്റ്റോറന്‍റുകൾ, റിസോർട്ടുകൾ, സർക്കാർ കാന്‍റീനുകൾ എന്നിവിടങ്ങളിൽ വൻ ക്രമക്കേടുകൾ കണ്ടെത്തി

ബെംഗളൂരു: കർണാടകയിലുടനീളം ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ ഹോട്ടലുകൾ, റെസ്റ്റോറന്‍റുകൾ, റിസോർട്ടുകൾ, സർക്കാർ കാന്‍റീനുകൾ എന്നിവിടങ്ങളിൽ വൻ ക്രമക്കേടുകൾ കണ്ടെത്തി. പഴകിയതും സുരക്ഷിതമല്ലാത്തതുമായ ഭക്ഷ്യവസ്തുക്കൾ ഉദ്യോഗസ്ഥർ പിടിച്ചെടുക്കുകയും നിയമലംഘനം നടത്തിയ സ്ഥാപനങ്ങൾക്കെതിരെ നോട്ടീസ് അയക്കുകയും ചെയ്തു. ശനിയാഴ്ച മൈസൂരു നഗരത്തിലും സമീപ പ്രദേശങ്ങളിലും നടത്തിയ പരിശോധനയിലാണ് ഹോട്ടലില്‍ നിന്ന് കാലാവധി കഴിഞ്ഞ 9 കിലോഗ്രാം ചിക്കൻ പിടിച്ചെടുത്തത്. മറ്റ് നാല് ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ നിന്ന് 68 കിലോഗ്രാം ഇറച്ചിയും പിടിച്ചെടുത്തു. മൈസൂരു, നഞ്ചൻഗുഡ് താലൂക്കുകളിലെ മൂന്ന് റിസോർട്ടുകളിൽ നടത്തിയ പരിശോധനയെത്തുടർന്ന് നോട്ടീസ് നൽകുകയും 16 കിലോഗ്രാം പഴകിയ ഭക്ഷ്യവസ്തുക്കൾ നശിപ്പിക്കുകയും ചെയ്തു. തുടർ പരിശോധനകൾക്കായി 5 സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.

പരാതിയെ തുടർന്ന് മംഗളൂരു സിറ്റി സെന്‍ററിലെ കെ.എഫ്.സി ഔട്ട്‌ലെറ്റിലും ഉദ്യോഗസ്ഥർ മിന്നൽ പരിശോധന നടത്തി. ഓൺലൈനായി വാങ്ങിയ 'പെരി പെരി ചിക്കൻ ലെഗ്' പഴകിയതാണെന്ന ഉപഭോക്താവിന്റെ പരാതിയിലാണ് നടപടി. ബെംഗളൂരുവിലെ പ്രധാന സർക്കാർ സമുച്ചയങ്ങളായ വിധാന സൗധ, വികാസ് സൗധ, ആരോഗ്യ സൗധ എന്നിവിടങ്ങളിലെ ഭക്ഷണശാലകളിലും ശുചിത്വമില്ലായ്മയും കാലാവധി കഴിഞ്ഞ ചേരുവകളും കണ്ടെത്തി.

സംസ്ഥാനത്തുടനീളം നടന്ന റെയ്ഡുകളിൽ ഇതുവരെ 1,000 കിലോഗ്രാമിൽ അധികം സുരക്ഷിതമല്ലാത്ത ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തിട്ടുണ്ട്. 2006-ലെ ഭക്ഷ്യസുരക്ഷാ നിലവാര നിയമം കർശനമായി പാലിക്കണമെന്നും ഹോട്ടലുകളിലും കാന്‍റീനുകളിലും കൃത്യമായ താപനിലയും ശുചിത്വവും പാലിക്കണമെന്നും ഉദ്യോഗസ്ഥർ നിർദേശം നൽകി.

YouTube video player