എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടെ വന്ദേമാതരം പൂർണ്ണമായി ആലപിക്കുന്നത് തടസ്സപ്പെടുത്താൻ ശ്രമിച്ചെന്നാരോപിച്ച് സോണിയ ഗാന്ധി മാപ്പ് പറയണമെന്ന് ബിജെപി. സോണിയ അടക്കമുള്ളവർക്കെതിരെ നിയമനടപടി സ്വീകരിക്കാനുള്ള നീക്കത്തിലാണ് ബിജെപി
ദില്ലി: എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര വിവാദത്തിൽ കോൺഗ്രസ് മുൻ അധ്യക്ഷ സോണിയഗാന്ധി പരസ്യമായി മാപ്പ് പറയണമെന്ന ആവശ്യം ശക്തമാക്കി ബി ജെ പി. ദേശീയ ഗീതാലാപനം തടസപ്പെടുത്താൻ ശ്രമിച്ചതിന് സോണിയക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിൽ ബി ജെ പിയിൽ ആലോചന ശക്തമാണ്. വന്ദേമാതരം പൂർണമായും ആലപിക്കാൻ പാടില്ല എന്നതാണ് പാർട്ടി നയമെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സേവാദൾ നേതാവിനോട് പറയുന്നതായുള്ള ദൃശ്യങ്ങൾ നിഷികാന്ത് ദുബൈ എം പി പുറത്ത് വിട്ടു. വിവാദമായ ചടങ്ങിന് തൊട്ടുപിന്നാലെ സേവാദൾ നേതാവിനോട് സംസാരിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. ഇത് രാഹുലിനെതിരെയും ആയുധമാക്കാനുള്ള നീക്കത്തിലാണ് ബി ജെ പി.
എ ഐ സി സി ആസ്ഥാനത്ത് ചരിത്രത്തിലാദ്യം
സ്വാതന്ത്ര്യദിനത്തിൽ എ ഐ സി സി ആസ്ഥാനത്ത് ചരിത്രത്തിലാദ്യമായാണ് വന്ദേമാതരം പൂർണ്ണമായും ആലപിച്ചത്. സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ എ ഐ സി സി ആസ്ഥാനത്ത് പ്രഖ്യാപിത നിലപാടിന് വിരുദ്ധമായി വന്ദേമാതരം പൂര്‍ണ്ണമായി ആലപിച്ച കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വെട്ടിലായിട്ടുണ്ട്. സോണിയ ഗാന്ധിയും, രാഹുല്‍ ഗാന്ധിയും, മല്ലികാര്‍ജുന്‍ ഖര്‍ഗെയും ഇടപെട്ട് തടയാന്‍ നോക്കിയെങ്കിലും ദേശീയഗീതം, ഗായക സംഘം പൂര്‍ണ്ണമായും ആലപിച്ചു. ആദ്യ രണ്ട് ചരണങ്ങള്‍ കഴിഞ്ഞും ആലാപനം തുടര്‍ന്നതോടെ നേതാക്കള്‍ അസ്വസ്ഥരായി. ഇങ്ങനെ തുടര്‍ന്നാല്‍ ശരിയാവില്ലെന്ന സൂചനയോടെ രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധിയേയും മല്ലികാര്‍ജുന്‍ ഖര്‍ഗെയേയും നോക്കി. ഈ സമയം മല്ലികാര്‍ജുന്‍ ഖര്‍ഗെയും സോണിയ ഗാന്ധിയും ഇടപെട്ടു. സേവാദള്‍ നേതാവിനെ വിളിച്ച് സോണിയ ശകാരിക്കുന്നതും കാണാമായിരുന്നു. മുന്‍പിലുണ്ടായിരുന്ന നേതാക്കളോടും ആലാപനം നിറുത്താൻ ആംഗ്യം കാണിക്കുന്നുണ്ടായിരുന്നു. അപ്പോഴേക്കും ഏതാണ്ട് അവസാന ചരണമെത്തിയിരുന്നു. കടുത്ത അതൃപ്തിയിലാണ് നേതാക്കള്‍ പിന്നീട് ചടങ്ങില്‍ പങ്കെടുത്തത്. വന്ദേമാതരം പൂര്‍ണ്ണമായും ആലപിക്കാനിടയായ സാഹചര്യമെന്തെന്ന് നേതൃത്വം വിശദീകരിച്ചിട്ടില്ല. സംഘാടക തലത്തില്‍ സംഭവിച്ച പിഴവാണെന്നാണ് സൂചന. പുറത്ത് നിന്നെത്തിച്ച ഗായക സംഘത്തോട് എവിടെ വരെ പാടണമെന്ന നിര്‍ദ്ദേശം സംഘാടകര്‍ നല്‍കിയിരുന്നില്ലെന്നാണ് സൂചന. ആലാപനം തടസപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്ന് പാര്‍ട്ടി വക്താവും എ ഐ സി സി ജനറല്‍ സെക്രട്ടറിയുമായ ജയറാം രമേശ് ന്യായീകരിച്ചു. ഏറെ നേരമായി നില്‍ക്കുന്ന മല്ലികാര്‍ജുന്‍ ഖര്‍ഗെക്ക് കസേര കൊണ്ടുവരാൻ സോണിയ ഗാന്ധി ആവശ്യപ്പെട്ടതാണന്നാണ് ജയറാം രമേശിന്‍റെ പക്ഷം.
