2020-ൽ സിഎഎയ്ക്ക് എതിരെ എൽപി, യുപി ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾ ചേർന്നാണ് ബിദറിലെ സ്കൂളിൽ നാടകം സംഘടിപ്പിച്ചത്.ഇതിനാണ് സ്കൂള്‍ ഭാരവാഹികൾക്കും അധ്യാപകർക്കുമെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. 

ബംഗളൂരു:കർണാടകയിലെ കലബുറഗിയിൽ സ്കൂൾ വിദ്യാർഥികൾ പൗരത്വ നിയമഭേദഗതിക്കെതിരെ നടത്തിയ നാടകത്തിന്‍റെ പേരിൽ റജിസ്റ്റർ ചെയ്ത രാജ്യദ്രോഹക്കേസ് റദ്ദാക്കി കർണാടക ഹൈക്കോടതിയുടെ കലബുറഗി ബഞ്ചിന്‍റേതാണ് വിധി. കേസിന്‍റെ പേരിൽ അന്ന് നാലാം ക്ലാസിലടക്കം പഠിക്കുന്ന കുട്ടികളെ ചോദ്യം ചെയ്ത കർണാടക പൊലീസിന്‍റെ നടപടി ഏറെ വിവാദമായിരുന്നു.2020 ജനുവരി 21-നാണ് ബീദറിലെ ഷഹീൻ ഉർദു മീഡിയം പ്രൈമറി സ്കൂളിലെ കുട്ടികൾ പൗരത്വ നിയമ ഭേദഗതിക്കെതിരെ നാടകം സംഘടിപ്പിച്ചത്. നാല്, അഞ്ച്, ആറ് ക്ലാസുകളിലെ കുട്ടികളാണ് നാടകത്തിൽ പങ്കെടുത്തത്. പൗരത്വം തെളിയിക്കുന്ന രേഖകളില്ലെങ്കിൽ ഈ നാട് വിട്ട് പോകേണ്ടി വരുമെന്നും, അങ്ങനെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറയുന്നതെന്നും നാടകത്തിൽ ഡയലോഗുകളുണ്ട്. സിഎഎ, എൻആർസി എന്നിവ പിൻവലിക്കുക എന്ന മുദ്രാവാക്യങ്ങളും കുട്ടികൾ മുഴക്കുന്നുണ്ട്. ഇത് രാജ്യദ്രോഹമാണെന്ന് കാട്ടിയാണ് ബിദർ ന്യൂ ടൗൺ പോലീസ് അന്ന് കേസെടുക്കുന്നത്.

കേസുമായി ബന്ധപ്പെട്ട് അന്ന് മാനേജ്മെന്‍റ് ഭാരവാഹികൾക്കൊപ്പം ഹെഡ് മിസ്ട്രസ് ഫരീദ ബീഗത്തെയും നാടകത്തിലെ പ്രധാന കഥാപാത്രമായിരുന്ന കുട്ടിയുടെ അമ്മ നസ്ബുന്നിസയെയും അറസ്റ്റ് ചെയ്തിരുന്നു. അന്ന് നാലാം ക്ലാസിൽ അടക്കം പഠിക്കുന്ന കുട്ടികളെ പൊലീസുദ്യോഗസ്ഥരെത്തി ചോദ്യം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതും വലിയ വിവാദമായി. ഹെഡ്മിസ്ട്രസിനെയും കുട്ടിയുടെ അമ്മയെയും രാജ്യദ്രോഹക്കുറ്റം നിലനിൽക്കില്ലെന്ന് കാട്ടി ബിദർ സെഷൻസ് കോടതി വെറുതെ വിട്ടിരുന്നു. മാനേജ്മെന്‍റ് ഭാരവാഹികളടക്കം ബാക്കി നാല് പേർക്കെതിരെ നിലനിന്ന രാജ്യദ്രോഹക്കുറ്റത്തിനെതിരെ കർണാടക ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് കലബുറഗി ബഞ്ച് ഇവരെ വെറുതെ വിടുന്നത്. സ്കൂൾ നാടകത്തിന്‍റെ പേരിൽ രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെതിരെ വലിയ വിമർശനങ്ങളുയർന്ന കേസിലാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി.