ബെംഗളൂരു: കർണാടക വനം-പരിസ്ഥിതി മന്ത്രി ആനന്ദ് സിങ്ങിന് കൊവിഡ് സ്ഥീരീകരിച്ചു. മന്ത്രിയുടെ കുടുംബാംഗങ്ങൾ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രോ​ഗം സ്ഥിരീകരിച്ചതോടെ ഇദ്ദേഹത്തെ ബല്ലാരിയിലെ വീട്ടിൽ ക്വാറന്റീനിൽ പ്രവേശിച്ചു. രോഗലക്ഷണമൊന്നും ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ.

വെള്ളിയാഴ്ചയാണ് മന്ത്രി റാൻഡം പരിശോധനയുടെ ഭാഗമായി സാമ്പിൾ നൽകിയത്. തുടർന്ന് ശനിയാഴ്ച രാത്രിയോടെ പരിശോധനാഫലം പോസിറ്റീവാണെന്ന വിവരം ലഭിക്കുകയായിരുന്നു. ഹോസ്‌പെട്ട് മണ്ഡലത്തില്‍ നിന്നുള്ള പ്രതിനിധിയാണ് ആനന്ദ് സിങ്. ഇദ്ദേഹം നേരത്തെ കൊവിഡ് രോഗികളെ ചികില്‍സിക്കുന്ന വാര്‍ഡുകളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇവിടെ നിന്നാകാം മന്ത്രിക്ക് വൈറസ് പകര്‍ന്നതെന്നാണ് സംശയിക്കുന്നത്. 

മന്ത്രിയുടെ സമ്പർക്കപ്പട്ടികയിലുള്ളവരോട് നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെട്ടു. കര്‍ണാടകയില്‍ നേരത്തെ ടൂറിസം മന്ത്രിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.