ബെം​ഗളൂരൂ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ എല്ലാവരും വീടുകളിൽ തന്നെ കഴിയുകയാണ്. ഇതിനിടെ കര്‍ണാടക മന്ത്രി എസ്. സുരേഷ് കുമാറിന്‍റെയും ഭാര്യയുടെയും ഒരു ലോക്ക് ഡൗണ്‍ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ ട്രെന്‍റിംഗായിരിക്കുന്നത്. തന്‍റെ വീടിനടുത്തുള്ള റോഡും പരിസരവും വൃത്തിയാക്കുന്ന മന്ത്രിയുടെ ചിത്രങ്ങളാണിത്.

കര്‍ണാടക സെക്കന്‍ററി, ഹയര്‍ സെക്കന്‍ററി വിദ്യാഭ്യാസ മന്ത്രിയാണ് എസ്.സുരേഷ് കുമാര്‍. മന്ത്രി റോഡ് അടിച്ചുവൃത്തിയാക്കുന്ന ചിത്രം ബെംഗളുരു മഹാനഗര്‍ പാലികെ കമ്മീഷണര്‍ ബി.എച്ച് അനില്‍കുമാറാണ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. 

‘വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്ന സന്ദേശം സ്വയം മാതൃകയായി ജനങ്ങളിലേക്കെത്തിച്ച മന്ത്രിക്കും ഭാര്യക്കും ഹൃദയം നിറഞ്ഞ നന്ദി‘ എന്ന് കുറിച്ചുകൊണ്ടാണ് അനില്‍ കുമാര്‍ ചിത്രം പങ്കുവെച്ചത്. ചിത്രങ്ങൾ വൈറലായതിന് പിന്നാലെ മന്ത്രിയെ പ്രശംസിച്ചുകൊണ്ട് നിരവധി ആളുകളാണ് രം​ഗത്തെത്തുന്നത്.