Asianet News MalayalamAsianet News Malayalam

കര്‍ണാടകയില്‍ മുഖ്യമന്ത്രി കുമാരസ്വാമി ഇന്ന് രാജിവച്ചേക്കും; നിർണായക മന്ത്രിസഭാ യോഗം ഇന്ന്

വിധാൻ സൗധയിൽ ഇന്ന് ചേരുന്ന യോഗത്തിന് ശേഷം മുഖ്യമന്ത്രി കുമാരസ്വാമി രാജി പ്രഖ്യാപിക്കുമെന്നാണ് സൂചന. ഗവർണർ വജുഭായ് വാലയെ കണ്ട് നിയമസഭ പിരിച്ചുവിടാനുള്ള ശുപാർശ കുമാരസ്വാമി നൽകിയേക്കും. 

karnataka political crisis continued
Author
Karnataka, First Published Jul 11, 2019, 7:36 AM IST

മുംബൈ: ഒരാഴ്ച നീണ്ട രാഷ്ട്രീയ പ്രതിസന്ധിക്ക് വിരാമമിട്ടാന്‍ കർണാടകത്തിൽ ഇന്ന് നിർണായക മന്ത്രിസഭാ യോഗം ചേരും. രാവിലെ 11 മണിക്ക് വിധാൻ സൗധയിൽ ചേരുന്ന യോഗത്തിന് ശേഷം മുഖ്യമന്ത്രി കുമാരസ്വാമി രാജി പ്രഖ്യാപിക്കുമെന്നാണ് സൂചന. ഗവർണർ വജുഭായ് വാലയെ കണ്ട് നിയമസഭ പിരിച്ചുവിടാനുള്ള ശുപാർശ കുമാരസ്വാമി നൽകിയേക്കും. വിമതരെ അനുനയിപ്പിക്കാൻ ഉള്ള നീക്കങ്ങൾ പാളിയതും വിമതർ സുപ്രീംകോടതിയിലെത്തിയതും ബിജെപി ഗവർണറുടെ ഇടപെടൽ ആവശ്യപ്പെട്ടതും കോണ്‍ഗ്രസിന്‍റെ പ്രതിസന്ധിക്ക് ആക്കം കൂട്ടിയിരിക്കുകയാണ്.

കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി രാജിവച്ചേക്കും ?

രാഷ്ട്രീയ പ്രതിസന്ധിയുമായി ഇനി തുടരേണ്ടതില്ല എന്ന തീരുമാനത്തിലേക്ക് കോൺഗ്രസും ജെഡിഎസും എത്തിയതായാണ് വിവരം. കൂടുതൽ എംഎൽഎമാർ രാജി നൽകിയതും തിരിച്ചു വരവിന്‍റെ സാധ്യതകൾ അടച്ചു. സർക്കാരിനെ പിരിച്ചു വിടണമെന്നാണ് ബിജെപി ഗവർണറോട് ആവശ്യപ്പെട്ടത്. ഇതിൽ തീരുമാനം വരും മുമ്പ് കര്‍ണാടക മുഖ്യമന്ത്രി ആക്കം കൂട്ടിയിരിക്കുകയാണ് ഗവർണറെ കാണും എന്നാണ് വിവരം. അതേസമയം, മുംബൈയിൽ എംഎൽഎമാരെ കാണാൻ പോയി പരാജയപ്പെട്ട ഡി കെ ശിവകുമാര്‍ ബംഗളുരുവിൽ തിരിച്ചെത്തി. രണ്ട് പേരൊഴികെയുള്ള എംഎൽഎമാർ തിരിച്ചു വരാൻ തയ്യാറായിരുന്നു എന്ന് ശിവകുമാർ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

അതേസമയം, കര്‍ണാടകത്തിലെ രാഷ്ട്രീയ പ്രതിസന്ധി ഇന്ന് സുപ്രീകോടതി പരിഗണിക്കും. വിമത എംഎൽഎമാര്‍ നൽകിയ ഹര്‍ജി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ കോടതിയാണ് പരിഗണിക്കുക. രാജി സ്വീകരിക്കാൻ സ്പീക്കര്‍ക്ക് നിര്‍ദ്ദേശം നൽകണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. സ്പീക്കര്‍ക്ക് രാജികത്ത് നൽകിയ പത്ത് എംഎൽഎമാരാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. കുമാരസ്വാമിയുടേത് അഴിമതി ഭരണമാണെന്നും നിയമസഭ വിളിച്ച് ഭൂരിപക്ഷം തെളിയിക്കാൻ കുമാരസ്വാമി തയ്യാറാകുന്നില്ലെന്നും ഹര്‍ജിയിൽ എംഎൽഎമാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. അയോദ്ധ്യ കേസിന് ശേഷമാകും കര്‍ണാടകത്തിലെ വിമത എം.എൽ.എമാരുടെ ഈ ഹര്‍ജി പരിഗണിക്കുക. 

Follow Us:
Download App:
  • android
  • ios