Asianet News MalayalamAsianet News Malayalam

കർണാടകത്തിൽ രണ്ട് എംഎൽഎമാർ കൂടി രാജിക്ക്: വിമതരുടെ എണ്ണം 16: 10 എംഎൽഎമാരെ മുംബൈക്ക് കടത്തി

ഹിന്ദുസ്ഥാൻ എയറനോട്ടിക്സ് ലിമിറ്റഡിന്‍റെ വിമാനത്താവളത്തിൽ നിന്ന് ചാർട്ടേഡ് ഫ്ലൈറ്റുകളിലാണ് എംഎൽഎമാരെ കൊണ്ടുപോയിരിക്കുന്നത്. 10 പേരെയാണ് ആദ്യ വിമാനത്തിൽ കൊണ്ടുപോയത്. 

karnataka political crisis continues live updates
Author
Bengaluru, First Published Jul 6, 2019, 8:49 PM IST

ബെംഗളുരു: കർണാടകത്തിൽ വീണ്ടും നാടകീയതകളുടെയും റിസോർട്ട് രാഷ്ട്രീയത്തിന്‍റെ കാലം. സ്പീക്കര്‍ക്ക് രാജി സമര്‍പ്പിച്ച കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാരെ ബിജെപി മുംബൈയിലേക്ക് മാറ്റുകയാണ്. രണ്ട് ചാർട്ടേഡ് ഫ്ലൈറ്റുകളിലായാണ് എംഎൽഎമാരെ മാറ്റുന്നത്. അൽപസമയത്തിനകം ചാർട്ടേഡ് ഫ്ലൈറ്റിൽ 10 എംഎൽഎമാരെ മുംബൈയിലെത്തിക്കും. ഹൈക്കമാന്‍റിന്‍റെ പ്രത്യേക നിർദേശപ്രകാരം ബെംഗളുരുവിലേക്ക് എത്തിയ കെ സി വേണുഗോപാൽ എച്ച്എഎൽ വിമാനത്താവളത്തിൽ വച്ച് എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തി. 

ഇതിനിടെ രണ്ട് എംഎൽഎമാർ കൂടി രാജി വയ്ക്കാൻ സന്നദ്ധത അറിയിച്ച് മുന്നോട്ടു വന്നിട്ടുണ്ട്. ബി നാഗേന്ദ്ര, ജെ എൻ ഗണേഷ് എന്നിവർ ചൊവ്വാഴ്ച രാജിക്കത്തുമായി സ്പീക്കറെ കാണുമെന്നാണ് സൂചന. ഇതോടെ രാജി സന്നദ്ധത അറിയിച്ച് മുന്നോട്ടുവന്ന ജെഡിഎസ്, കോൺഗ്രസ് എംഎൽഎമാരുടെ എണ്ണം 16 ആയി. 10 കോൺഗ്രസ് എംഎൽഎമാരാണ് രാജി സമർപ്പിച്ചത്. മൂന്ന് കോൺഗ്രസ് എംഎൽഎമാർ രാജിയ്ക്ക് ഒരുങ്ങുന്നു. മൂന്ന് ജെഡിഎസ്സ് എംഎൽഎമാരും രാജി സമർപ്പിച്ചിട്ടുണ്ട്. 

രാജിവയ്ക്കാൻ ഒരുങ്ങുന്ന കോൺഗ്രസ് എംഎൽഎമാരെക്കൂടാതെ മൂന്ന് ജെഡിഎസ് എംഎൽഎമാരെയും മുംബൈയിലേക്കോ മറ്റൊരിടത്തേക്കോ മാറ്റുമെന്നാണ് ലഭിക്കുന്ന സൂചനകൾ. രാജി വച്ച എംഎൽഎമാരെ കാണാൻ സ്പീക്കർ കെ ആർ രമേഷ് കുമാർ വിസമ്മതിച്ചിരുന്നു. കൂട്ടത്തോടെ എംഎൽഎമാർ രാജി സമർപ്പിക്കാനെത്തിയതോടെ സ്പീക്കർ വിധാൻ സൗധയിൽ നിന്ന് സ്ഥലം വിട്ടു. ഹൈക്കമാന്‍റ് ഉടൻ ഇടപെടണമെന്ന് കർശനനിർദേശം നൽകിയതോടെ കോൺഗ്രസ് നേതാവായ ഡി കെ ശിവകുമാർ വിധാൻ സൗധയിലേക്ക് ഓടിയെത്തി. കടുത്ത പ്രതിഷേധവുമായി നിൽക്കുകയായിരുന്ന എംഎൽഎമാരെ ശിവകുമാർ സമാധാനിപ്പിക്കാൻ ശ്രമിച്ചു. മൂന്ന് പേരെയെങ്കിലും സമാധാനിപ്പിച്ച് സ്വന്തം കാറിൽ കയറ്റി കൊണ്ടുപോയി.

karnataka political crisis continues live updates

: രാജി വയ്ക്കാൻ വിധാൻ സൗധയിലെത്തിയ കോൺഗ്രസ്, ജെഡിഎസ് എംഎൽഎമാർ

ഇതിനിടെ രാജി സമർപ്പിക്കാനെത്തിയ ഒരു എംഎൽഎയുടെ രാജിക്കത്ത് ശിവകുമാർ വാങ്ങി കീറിയെറിഞ്ഞെന്നും സൂചനയുണ്ട്. മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയും പിസിസി പ്രസിഡന്‍റ് ദിനേഷ് ഗുണ്ടുറാവുവും വിദേശപര്യടനത്തിന് പോയ സമയത്താണ് ഇത്തരത്തിൽ എംഎൽഎമാർ കൂട്ടരാജിയ്ക്ക് ഒരുങ്ങിയതെന്നതാണ് ശ്രദ്ധേയം. 

ഇതിന് പിന്നാലെ എംഎൽഎമാർ ഗവർണർ വാജു ഭായ് വാലയെ കാണാനെത്തി. രാജി സ്പീക്കർ സ്വീകരിച്ചിട്ടില്ലെന്നും നേരിട്ട് രാജി സമർപ്പിക്കാനെത്തിയതാണെന്നും എംഎൽഎമാർ ഗവർണറെ അറിയിച്ചു. കൂടിക്കാഴ്ചയ്ക്ക് ബെംഗളുരു കമ്മീഷണറോടും എത്തണമെന്ന് ഗവർണർ നിർദേശിച്ചിരുന്നു. എല്ലാ എംഎൽഎമാർക്കും വേണ്ട സുരക്ഷ നൽകണമെന്നും വീടുകൾക്ക് സുരക്ഷ ഒരുക്കണമെന്നും ഗവർണർ ബെംഗളുരു സിറ്റി പൊലീസ് കമ്മീഷണറോട് നിർദേശിച്ചു. 

karnataka political crisis continues live updates

:ഗവർണറെ കാണാനെത്തിയ എംഎൽഎമാർ, ബെംഗളുരു സിറ്റി പൊലീസ് കമ്മീഷണറും കൂടിക്കാഴ്ചയിൽ

കുറച്ച് ദിവസങ്ങൾക്ക് മുന്നേ എംഎൽഎമാരായ ആനന്ദ് സിംഗും രമേശ് ജർക്കിഹോളിയും രാജി സമർപ്പിച്ചപ്പോഴേ സഖ്യസർക്കാരിനകത്ത് എന്തൊക്കെയോ പുകയുന്നുണ്ടെന്ന് വ്യക്തമായിരുന്നു. ഇന്ന് ഉച്ചയോടെ അപ്രതീക്ഷിതമായി 11 എംഎൽഎമാർ എത്തി രാജി സമർപ്പിക്കുകയായിരുന്നു. ഒപ്പം 3 ജെഡിഎസ് എംഎൽഎമാരും ഉണ്ടായിരുന്നു. 

സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാമെങ്കിൽ രാജി പിൻവലിക്കാമെന്നാണ് ഡി കെ ശിവകുമാറുമായി ചർച്ച നടത്തിയ മൂന്ന് കോൺഗ്രസ് എംഎൽഎമാർ വ്യക്തമാക്കിയത്. കോൺഗ്രസ് എംഎൽഎമാരെ വിശ്വാസത്തിലെടുക്കാൻ ജെഡിഎസ് നേതാവ് കൂടിയായ എച്ച് ഡി കുമാരസ്വാമിക്ക് കഴിഞ്ഞില്ലെന്നാണ് എംഎൽഎമാരുടെ ആരോപണം. ഇപ്പോൾ നടക്കുന്ന ഈ നാടകീയ സംഭവങ്ങൾക്ക് പിന്നിൽ ബിജെപിയെക്കൂടാതെ മുഖ്യമന്ത്രിപദത്തിൽ കണ്ണുള്ള സിദ്ധരാമയ്യക്കും പങ്കുണ്ടോ എന്ന് കോൺഗ്രസ് നേതൃത്വം സംശയിക്കുന്നുണ്ട്. 

കർണാടകത്തിൽ പ്രതിസന്ധി ഉടലെടുത്ത പശ്ചാത്തലത്തിൽ ദില്ലിയിൽ മുതിർന്ന കോൺഗ്രസ് നേതാക്കൾ യോഗം ചേർന്ന് സാഹചര്യങ്ങൾ വിലയിരുത്തി. യോഗത്തിൽ മല്ലികാർജുൻ ഖർഗെ, സച്ചിൻ പൈലറ്റ്, ജ്യോതിരാദിത്യ സിന്ധ്യെ, ഗുലാം നബി ആസാദ് എന്നിവരും പങ്കെടുത്തിരുന്നു. കർണാടകത്തിൽ എന്താണ് തിരശ്ശീലയ്ക്ക് പിന്നിൽ നടക്കുന്ന നാടകങ്ങൾ എന്നതിൽ വിശദമായ ചർച്ച യോഗത്തിലുണ്ടായി.

സർക്കാരിന് അടിതെറ്റുമോ? കണക്ക് ഇങ്ങനെ

ആകെ സീറ്റുകൾ 222.

ഇതിൽ കേവലഭൂരിപക്ഷത്തിന് 112 സീറ്റുകൾ വേണം. സർക്കാർ രൂപീകരിക്കാൻ 113 സീറ്റുകൾ വേണം. 

കോൺഗ്രസ് - ദൾ സഖ്യസർക്കാരിന്‍റെ കക്ഷിനില 120 ആണ്. കോൺഗ്രസിന് 80 എംഎൽഎമാരും, ജെഡിഎസ്സിന് 37 എംഎൽഎമാരും, ബിഎസ്‍പിക്ക് ഒരു എംഎൽഎയുമാണുള്ളത്. രണ്ട് സ്വതന്ത്ര എംഎൽഎമാർ (ആർ ശങ്കർ - റാണെബന്നൂർ, എച്ച് നാഗേഷ് - മുൾബാഗൽ) എന്നിവരും സഖ്യസർക്കാരിനൊപ്പമുണ്ട്. 

ബിജെപിക്കാകട്ടെ, 105 എംഎൽഎമാരാണുള്ളത്. 222 അംഗ നിയമസഭയിൽ കേവലഭൂരിപക്ഷത്തിന് 113 എംഎൽഎമാർ വേണം.

നിലവിൽ രാജി നൽകാനെത്തിയ എംഎൽഎമാർ ഇവരാണ്:

കോൺഗ്രസ് - 

  • രാമലിംഗ റെഡ്ഡി
  • മഹേഷ് കുമ്‍‍ടഹള്ളി
  • ശിവറാം ഹെബ്ബാർ
  • ബി സി പാട്ടീൽ
  • മുനിരത്ന
  • എസ് ടി സോമശേഖർ
  • ബയ്‍രാത്തി ബസവരാജ്
  • പ്രതാപ് ഗൗഡ പാട്ടീൽ
  • സൗമ്യ റെഡ്ഡി (രാജി നൽകിയിട്ടില്ല, രാജി സന്നദ്ധത അറിയിച്ചു)
  • ബി നാഗേന്ദ്ര (രാജി നൽകിയിട്ടില്ല, രാജി സന്നദ്ധത അറിയിച്ചു)
  • ജെ എൻ ഗണേഷ് (രാജി നൽകിയിട്ടില്ല, രാജി സന്നദ്ധത അറിയിച്ചു)

ജെഡിഎസ് -

  • എച്ച് വിശ്വനാഥ്
  • നാരായണ ഗൗഡ
  • ഗോപാലയ്യ

 

കോൺഗ്രസ് എംഎൽഎമാരായ രമേശ് ജർക്കിഹോളി, ആനന്ദ് സിംഗ് എന്നിവർ നേരത്തേ രാജി നൽകിയിരുന്നു. 

Read More: കർണാടകത്തിൽ നടക്കുന്ന കണക്കിലെ കളികളെന്തൊക്കെ? സചിത്ര വിവരണം

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സര്‍ക്കാരിനെ വീഴ്ത്താനുള്ള നീക്കങ്ങള്‍ നിര്‍ത്തിയതായി ബിജെപി ക്യാംപില്‍ നിന്നും വാര്‍ത്ത വന്നിരുന്നുവെങ്കിലും നിശബ്ദമായി 'ഓപ്പറേഷന്‍ താമര' ബിജെപി നടപ്പാക്കുകയായിരുന്നുവെന്നാണ് കരുതപ്പെടുന്നത്. പ്രശ്നത്തില്‍ ഗവര്‍ണര്‍ ഇടപെട്ട സ്ഥിതിക്ക് കാര്യങ്ങള്‍ മാറി നിന്ന് നിരീക്ഷിക്കുകയാണ് പാര്‍ട്ടി എന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്.

ഗവര്‍ണര്‍ ആവശ്യപ്പെട്ടാല്‍ ഭൂരിപക്ഷമുള്ള കക്ഷി എന്ന നിലയില്‍ യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറുമെന്ന് കർണാടകയിൽ നിന്നുള്ള കേന്ദ്രമന്ത്രി സദാനന്ദഗൗഡ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.  മറ്റു പാര്‍ട്ടികളില്‍ നടക്കുന്ന കാര്യങ്ങള്‍ തങ്ങളെ ബാധിക്കില്ലെന്നാണ് മാധ്യമങ്ങളെ കണ്ട യെദ്യൂരപ്പ ഇന്ന് പറഞ്ഞത്.

Read More: അവസരം മുതലാക്കാൻ ബിജെപി: ഗവർണർ വിളിച്ചാൽ സർക്കാരുണ്ടാക്കാമെന്ന് പ്രഖ്യാപനം

എംഎല്‍എമാരുടെ രാജി സ്വീകരിക്കാതിരുന്ന സ്പീക്കര്‍ തൽക്കാലം പിടിച്ചു നില്‍ക്കാനുള്ള സമയം കോണ്‍ഗ്രസിന് നല്‍കിയിട്ടുണ്ട്. എന്നാല്‍ എന്തെങ്കിലും  അത്ഭുതങ്ങള്‍ നടക്കാന്‍ സാധ്യതയില്ല. കൂടുതല്‍ ഭരണപക്ഷ എംഎല്‍എമാര്‍ ഉടന്‍ രാജിവയ്ക്കും എന്ന അഭ്യൂഹം ശക്തമാണ്. കാര്യങ്ങള്‍ കൈവിട്ടു പോയെന്നാണ് ദില്ലിയിലെ ചില കോണ്‍ഗ്രസ് നേതാക്കള്‍ രഹസ്യമായി പറയുന്നത്. 

Follow Us:
Download App:
  • android
  • ios