ബെംഗളൂരു: രാഷ്ട്രീയ പ്രതിസന്ധിക്കിടെ കര്‍ണാടകത്തില്‍ സഖ്യസര്‍ക്കാരിന് ആശ്വാസമായി രണ്ട് വിമത എംഎല്‍എമാര്‍ തിരിച്ചെത്തിയേക്കും. എം ടി ബി നാഗരാജ് രാജി പിന്‍വലിക്കുമെന്ന് ഉറപ്പായതിന് പിന്നാലെ കെ.സുധാകറിനെ കൂടി ഒപ്പമെത്തിക്കാനാണ് ശ്രമം. വിശ്വാസ വോട്ടെടുപ്പിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കേ, കമല്‍നാഥ് ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ അനുനയ ചര്‍ച്ചകള്‍ക്കായി ബെംഗളൂരുവില്‍ എത്തിയിട്ടുണ്ട്.

നിലവില്‍ സ്പീക്കര്‍ ഉള്‍പ്പടെ 101 പേരുടെ അംഗബലമുള്ള സര്‍ക്കാര്‍ കേവലഭൂരിപക്ഷത്തിന് ഏഴ് വിമതരെ എങ്കിലും തിരികെയെത്തിക്കാനാണ് ശ്രമിക്കുന്നത്. മുഖ്യമന്ത്രി കുമാരസ്വാമിയും കോണ്‍ഗ്രസ് നേതാക്കളും നടത്തിയ മാരത്തണ്‍ ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് നിലപാട് മാറ്റത്തിന് വിമത എംഎല്‍ എം ടി ബി നാഗരാജ് തയാറായത്. നാഗരാജിനൊപ്പം രാജിവച്ച കെ സുധാകറുമായി നേതൃത്വം കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്. സിദ്ദരാമയ്യയുടെ നേതൃത്വത്തില്‍ നടന്ന മൂന്ന് മണിക്കൂര്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് നാഗരാജ് രാജി പിന്‍ലവലിച്ചത്. എന്നാല്‍ കെ സുധാകറിന്‍റെ തീരുമാനം അനുസരിച്ചാവും തുടര്‍നീക്കം. മുംബൈയിലുള്ള കോണ്‍ഗ്രസ്-ജെ ഡി എസ് വിമത എം എല്‍ എമാരെ തിരികയെത്തിക്കാനുള്ള ശ്രമവും തുടരുകയാണ്.

റിസോര്‍ട്ടിലേക്ക് മാറ്റിയ ജെ ഡി എസ് എം എല്‍ എമാരുമായി മുഖ്യമന്ത്രി കുമാരസ്വാമി ഇന്നലെ രാത്രി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ചട്ടപ്രകാരം കത്ത് നല്‍കിയിട്ടും സ്പീക്കര്‍ അംഗീകരിക്കരിക്കുന്നില്ലെന്ന് ചൂണ്ടികാട്ടി രാമലിംഗ റെഡ്ഢി ഒഴികെ മറ്റ് പതിന്ഞ്ച് വിമതരും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. വിശ്വാസവോട്ടെടുപ്പ് ആവശ്യപ്പെട്ട സാഹചര്യത്തില്‍ സ്പീക്കര്‍ നാളെ പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തും.

ചൊവ്വാഴ്ച്ച സുപ്രീംകോടതി ഉത്തരവ് വരുന്ന പശ്ചാത്തലത്തില്‍, അധികം സമയം കഴിയാതെ തന്നെ വോട്ടെടുപ്പ് നടത്തണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്. മുംബൈയിലുള്ള വിമത എം എല്‍ എമാരുമായി ബിജെപി ബന്ധപ്പെടുന്നുണ്ട്. അതേസമയം അനുനയ ചര്‍ച്ചകള്‍ക്കായി മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്, ഗുലാം നമ്പി ആസാദിനൊപ്പം ഇന്നലെ രാത്രി ബംഗ്ലൂരിവിലെത്തി. രാമലിംഗറെഡ്ഢി ഉള്‍പ്പടെയുള്ളവരുമായി മുതിര്‍ന്ന നേതാക്കള്‍ ചര്‍ച്ച നടത്തും. വിമതരെ അനുയിപ്പിക്കാനുള്ള സാധ്യത വിദൂരമാണെങ്കിലും കാര്യങ്ങള്‍ ആന്‍റിക്ലൈമാക്സേിലെത്തുമെന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യം.