Asianet News MalayalamAsianet News Malayalam

ബിരുദമുണ്ടോ, പ്രതിമാസം 3000; ഡിപ്ലോമയെങ്കിൽ 1500, രാഹുലിന്‍റെ സാന്നിധ്യത്തിൽ കോണ്‍ഗ്രസിന്‍റെ വമ്പൻ പ്രഖ്യാപനം

അധികാരത്തില്‍ എത്തിയാല്‍ ഉടൻ തന്നെ യുവ നിധി പദ്ധതി നടപ്പാക്കുമെന്നാണ് കോണ്‍ഗ്രസിന്‍റെ പ്രഖ്യാപനം. യുവതീയുവാക്കൾക്ക് തൊഴിലില്ലായ്മ വേതനമെന്ന വൻ വാഗ്‍ദാനമാണ് കോണ്‍ഗ്രസ് മുന്നോട്ട് വയ്ക്കുന്നത്.

Karnataka polls Rahul Gandhi announces yuva nidhi scheme for unemployed youth btb
Author
First Published Mar 20, 2023, 4:35 PM IST

ബംഗളൂരു: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ വമ്പൻ കുതിപ്പ് ലക്ഷ്യമിട്ട് മറ്റൊരു പ്രഖ്യാപനം കൂടി നടത്തി കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധി പങ്കെടുത്ത ആദ്യ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പാര്‍ട്ടിയുടെ നാലാമത്തെ തെരഞ്ഞെടുപ്പ് വാഗ്ദാനമായ 'യുവ നിധി' കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. അധികാരത്തില്‍ എത്തിയാല്‍ ഉടൻ തന്നെ യുവ നിധി പദ്ധതി നടപ്പാക്കുമെന്നാണ് കോണ്‍ഗ്രസിന്‍റെ പ്രഖ്യാപനം. യുവതീയുവാക്കൾക്ക് തൊഴിലില്ലായ്മ വേതനമെന്ന വൻ വാഗ്‍ദാനമാണ് കോണ്‍ഗ്രസ് മുന്നോട്ട് വയ്ക്കുന്നത്.

ഇതുപ്രകാരം തൊഴിലില്ലാത്ത ബിരുദധാരികളായ യുവതീയുവാക്കൾക്ക് 3000 രൂപയും ഡിപ്ലോമ ബിരുദധാരികൾക്ക് 1500 രൂപയും പ്രതിമാസം വേതനം നൽകും. അധികാരത്തിലെത്തിയാൽ രണ്ട് വർഷത്തേക്ക് വേതനമുണ്ടാകും. നേരത്തേ തൊഴിൽരഹിതരായ വീട്ടമ്മമാർക്ക് പ്രതിമാസം 2000 രൂപ, ബിപിഎൽ കുടുംബങ്ങൾക്ക് 10 കിലോ അരി, എല്ലാ കുടുംബങ്ങൾക്കും ആദ്യത്തെ 200 യൂണിറ്റ് വൈദ്യുതി സൗജന്യം എന്നീ വാഗ്ദാനങ്ങൾ കോൺഗ്രസ് മുന്നോട്ട് വച്ചിരുന്നു.

കർണാടകയിലേത് രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ സർക്കാരാണെന്നാണ് രാഹുൽ ഗാന്ധി ആരോപിച്ചത്. കോൺഗ്രസ് നേതൃത്വം ഒറ്റക്കെട്ടായി പോരാടി ഒറ്റയ്ക്ക് കേവലഭൂരിപക്ഷം നേടുമെന്നും രാഹുൽ പറഞ്ഞു. ഭാരത് ജോഡോ യാത്രയ്ക്ക് ശേഷമാണ് ആദ്യമായാണ് രാഹുല്‍ കര്‍ണാടകയില്‍ എത്തിയത്. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ അരിയെന്നുള്ള കോണ്‍ഗ്രസിന്‍റെ പ്രഖ്യാപനം സംസ്ഥാനത്ത് വലിയ ചര്‍ച്ചയായി മാറിയിരുന്നു.

ബിപിഎൽ കുടുംബങ്ങളിലെ ഓരോ അംഗങ്ങൾക്കും പത്ത് കിലോ വീതം അരി സൗജന്യമായി നൽകുമെന്നാണ് കഴിഞ്ഞ മാസം പ്രഖ്യാപിച്ചത്. ഇതടക്കം നേരത്തെ നടത്തിയ മൂന്ന് വമ്പൻ പ്രഖ്യാപനങ്ങളിലൂടെ കുടുംബങ്ങളെ കൂടെ നിര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. യുവ നിധി പദ്ധതിയിലൂടെ യുവാക്കളെയും ആകര്‍ഷിക്കാൻ സാധിക്കുമെന്ന് പാര്‍ട്ടി പ്രതീക്ഷിക്കുന്നുണ്ട്.  

കോലാറിൽ മത്സരിക്കേണ്ട, സിദ്ധരാമയ്യ വരുണയിൽ നിന്ന് മത്സരിച്ചാൽ മതിയെന്ന് കോൺ​ഗ്രസ് നേതൃത്വം

Follow Us:
Download App:
  • android
  • ios