Asianet News MalayalamAsianet News Malayalam

ശബ്ദവോട്ടോടെ 'വിശ്വാസം' നേടി യെദിയൂരപ്പ; സ്പീക്കർ രാജിവച്ചു

വിശ്വാസവോട്ട് നേടി ബി എസ് യെദിയൂരപ്പയുടെ നേതൃത്വത്തിൽ ബിജെപി സർക്കാർ അധികാരത്തിലേറിയതോടെയാണ് സ്പീക്കര്‍ രാജിവെച്ചത്.

Karnataka Speaker resigns after Yediyurappa wins trust vote
Author
Bagalur, First Published Jul 29, 2019, 1:11 PM IST

കര്‍ണാടക: കർണാടക സ്പീക്കർ കെ ആർ രമേശ്കുമാർ രാജിവച്ചു. വിശ്വാസവോട്ട് നേടി ബി എസ് യെദിയൂരപ്പയുടെ നേതൃത്വത്തിൽ ബിജെപി സർക്കാർ അധികാരത്തിലേറിയതോടെയാണ് സ്പീക്കര്‍ രാജിവെച്ചത്. സ്വമേധയാ സ്ഥാനം ഒഴിയുന്നുവെന്ന് രമേശ് കുമാർ പറഞ്ഞു. 

ഒറ്റവരി പ്രമേയമാണ് മുഖ്യമന്ത്രി അവതരിപ്പിച്ചത്. ചര്‍ച്ച വേണ്ടെന്ന നിലപാട് ഐക്യകണ്ഠേനയാണ് നിയമസഭ അംഗീകരിച്ചത്. ഒടുവിൽ ശബ്ദവോട്ടോടെ പ്രമേയം പാസായി. മുൻസർക്കാരിന്‍റെ ധനബില്ലും വോട്ട് ഓൺ അക്കൗണ്ടും പാസായി. പിന്നാലെയായിരുന്നു സ്പീക്കറുടെ രാജി പ്രഖ്യാപനം. സഭയുടെ അന്തസ്സ് കാക്കാനാണ് ശ്രമിച്ചതെന്ന് ആവർത്തിച്ചും കൂറുമാറ്റ നിരോധനനിയമപ്രകാരം വിമതരെ അയോഗ്യരാക്കിയത് ഭരണഘടന അനുസരിച്ച് മാത്രമാണെന്ന് വ്യക്തമാക്കിയുമായിരുന്നു രമേശ് കുമാറിന്‍റെ വിടവാങ്ങൽ പ്രസംഗം. 

Also Read: ഭൂരിപക്ഷം തെളിയിച്ച് യെദിയൂരപ്പ; വിശ്വാസ പ്രമേയം പാസായത് ശബ്ദവോട്ടോടെ

പകപോക്കൽ രാഷ്ട്രീയം അജണ്ടയായിരിക്കില്ലെന്ന് യെദിയൂരപ്പ പ്രതികരിച്ചു. അതേസമയം, 105 പേരുടെ മാത്രം പിന്തുണയിൽ, കേവലഭൂരിപക്ഷമില്ലാതെ മുഖ്യമന്ത്രിക്കസേരയിൽ യെദിയൂരപ്പ ഇരിക്കുന്നത് ഭരണഘടനാവിരുദ്ധമെന്ന് സിദ്ധരാമയ്യ പറഞ്ഞു. കാര്യം കഴിഞ്ഞപ്പോൾ വിമതരെ ബിജെപി തെരുവിൽ ഉപേക്ഷിച്ചെന്ന് കുമാരസ്വാമിയും പ്രതികരിച്ചു. പ്രതിപക്ഷ നേതാവിന്‍റെ കസേരയിൽ സിദ്ധരാമയ്യയാണ് ഇരുന്നത്. ഇനി മന്ത്രിസഭാ വികസനമാണ് യെദിയൂരപ്പക്ക് വെല്ലുവിളി.

അതിനിടെ വിമത എംഎൽഎമാര്‍ അയോഗ്യതാ നടപടിക്കെതിരെ നൽകിയ ഹര്‍ജി സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. സ്പീക്കർ അയോഗ്യരാക്കിയ 13 വിമത എംഎൽഎമാരാണ് ഹർജിയുമായി സുപ്രീംകോടതിയിലെത്തിയിരിക്കുന്നത്. സ്പീക്കറുടെ തീരുമാനത്തിന് അംഗീകാരം കിട്ടിയാൽ 17 മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ്. അങ്ങനെയെങ്കിൽ യെദിയൂരപ്പയുടെ നാലാമൂഴത്തിന്‍റെ ആയുസ്സ് ആറ് മാസത്തിനുളളിൽ അറിയാം.

Follow Us:
Download App:
  • android
  • ios