ബാംഗ്ലൂര്‍: ഉത്തര്‍പ്രദേശ്, ഹരിയാന, മധ്യപ്രദേശ് സംസ്ഥാനങ്ങള്‍ക്ക് പിന്നാലെ വിവാഹത്തിനായുള്ള മതപരിവർത്തനത്തിനെതിരെ നിയമം നടപ്പിലാക്കാൻ കർണാടകയും ആലോചിക്കുന്നതായി ബിജെപി ജനറല്‍ സെക്രട്ടറി സിടി രവി. ദേശീയ മാധ്യമമായ ഹിന്ദുസ്ഥാന്‍ ടൈംസാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 

'അലഹബാദ് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കര്‍ണാടക വിവാഹത്തിനായി മതപരിവര്‍ത്തനം നടത്തുന്നത് നിരോധിക്കാനുള്ള നിയമം കൊണ്ടുവരും. ജിഹാദികള്‍ ഞങ്ങളുടെ സഹോദരിമാരുടെ ആത്മാഭിമാനം തകര്‍ക്കുന്നതിനോട് തുടര്‍ന്നും മൗനം പാലിക്കാന്‍ കഴിയില്ല. മതപരിവര്‍ത്തിന്‍റെ ഭാഗമാകുന്നവര്‍ കര്‍ശന നടപടികള്‍ നേരിടേണ്ടിവരും' എന്നും സിടി രവി ട്വീറ്റില്‍ പറയുന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയാണ് സിടി രവി. 

വിവാഹത്തിന് വേണ്ടി മതം മാറുന്നത് അംഗീകരിക്കാനാകില്ലെന്ന് അലഹബാദ് ഹൈക്കോടതി കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. വിവാഹത്തിന് മൂന്ന് മാസത്തിന് ശേഷം സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് എത്തിയ ദമ്പതികളുടെ പരാതിയില്‍ ആണ് കോടതിയുടെ നിര്‍ദ്ദേശം. യുവതി മുസ്ലീമാണെന്നും വിവാഹത്തിന് ഒരു മാസം മുമ്പാണ് ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്തതെന്നും നിരീക്ഷിച്ചുകൊണ്ടായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ വിധി. 

വിവാഹത്തിന് വേണ്ടി മതം മാറുന്നത് അംഗീകരിക്കാനാവില്ലെന്ന് അലഹബാദ് ഹൈക്കോടതി