വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിൽ കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനത്തിനായി കാത്തിരിക്കുകയാണ് മുസ്ലീം ലീഗ്. സതീശനല്ല മുഖ്യമന്ത്രിയെങ്കിൽ തുടർനടപടികൾ ചർച്ച ചെയ്യാൻ ലീഗ് നേതൃത്വം വീണ്ടും യോഗം ചേരും. ഹൈക്കമാൻഡ് തീരുമാനം വന്നാൽ ബാക്കി കാര്യങ്ങൾ തീരുമാനിക്കാൻ സാദിഖലി തങ്ങളെ ചുമതലപ്പെടുത്തിയതായി പി കെ കുഞ്ഞാലിക്കുട്ടി അറിയിച്ചു.

മലപ്പുറം: കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രി പ്രഖ്യാപനത്തില്‍ കണ്ണും നട്ട് മുസ്ലീം ലീഗ്. വി ഡി സതീശനെ മുഖ്യമന്ത്രിയായി തീരുമാനിക്കുമെന്ന പ്രതീക്ഷയിലാണ് ലീഗ് നേതൃത്വം. സതീശന് അനുകൂലമായ നിലപാട് ഹൈക്കമാൻഡ് സ്വീകരിക്കുമെന്നായിരുന്നു ഇന്നലെ പാണക്കാട് ചേര്‍ന്ന ലീഗ് നേതൃയോഗത്തിന്‍റെ വിലയിരുത്തല്‍. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ഇന്ന് വീണ്ടും യോഗം ചേരാന്‍ ലീഗ് നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. പാണക്കാട് സാദിഖലി തങ്ങളുടെ വസതിയിലാകും യോഗം. വി ഡി സതീശനെയല്ല മുഖ്യമന്ത്രിയായി തീരുമാനിക്കുന്നതെങ്കില്‍ ഈ യോഗം നിര്‍ണായകമാകും.

Add Asianetnews as a Preferred SourcegooglePreferred

അതേസമയം,മുഖ്യമന്ത്രിയാരെന്ന കാര്യത്തിൽ സസ്പെൻസ് തുടരുകയാണ്. രാഹുൽ ​ഗാന്ധി നേതാക്കളെ ഒന്നും വിളിച്ച് തീരുമാനം പറഞ്ഞിട്ടില്ല. മുഖ്യമന്ത്രിയാരെന്ന വിവരം ആരെയും അറിയിച്ചിട്ടില്ല. നേതാക്കളെ ഹൈക്കമാൻഡ് വിളിച്ചില്ല, അതുപോലെ തന്നെ ഘടക കക്ഷികളോടും പേര് പറഞ്ഞിട്ടില്ല. ലീ​ഗ് എംഎൽഎമാർ ഇന്ന് രണ്ടിന് എത്തുന്നതിൽ അസൗകര്യം അറിയിച്ചു. രാവിലെ ലീ​ഗ് യോ​ഗവും ചേർന്നേക്കുമെന്നും സൂചനയുണ്ട്. ഗവർണ്ണർക്കുള്ള കത്ത് എല്ലാവരിൽ നിന്നും വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് കോൺഗ്രസ്.

ഹൈക്കമാൻഡ് തീരുമാനം വന്നാൽ ബാക്കി കാര്യങ്ങൾ തീരുമാനിക്കാൻ സാദിഖലി തങ്ങളെ ലീഗ് നേതൃത്വം ചുമതലപ്പെടുത്തിയിട്ടുണ്ട്. ഹൈക്കമാൻഡ് തീരുമാനം വന്നാൽ മാധ്യമങ്ങളെ കാണും. ലീഗിന്റെ മന്ത്രിമാർ ഉൾപ്പെടെയുള്ള കാര്യങ്ങൾ തീരുമാനിക്കാൻ സാദിഖലി തങ്ങളെ ചുമതലപ്പെടുത്തിയെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സംസ്ഥാനത്ത് ഭരണ സ്തംഭനം ഇല്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഭരിക്കാൻ പോകുന്നത് യുഡിഎഫ് ആണെന്ന് ഉദ്യോഗസ്ഥർക്ക് അറിയാം. ലീഗ് അടിയന്തര നേതൃയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പി കെ കുഞ്ഞാലിക്കുട്ടി. സാദിഖലി ശിഹാബ് തങ്ങൾ, അബ്ബാസലി ശിഹാബ് തങ്ങൾ, റഷീദലി തങ്ങൾ, പികെ കുഞ്ഞാലിക്കുട്ടി, പിഎംഎ സലാം, എം കെ മുനീർ, ഇടി മുഹമ്മദ് ബഷീർ, അബ്‍ദു സമദ് സമദാനി, പിവി അബ്‌ദുൽ വഹാബ്, കെപിഎ മജീദ് തുടങ്ങിയവരാണ് യോഗത്തിൽ പങ്കെടുത്തത്.